പ്രശ്നങ്ങള്‍ പരിഹരിച്ച് തുറന്ന് പ്രവര്‍ത്തിപ്പിക്കും –മന്ത്രി സുനില്‍കുമാര്‍

ആറ്റിങ്ങല്‍: മാമം നാളികേര കോംപ്ളക്സ് പ്രശ്നങ്ങള്‍ പരിഹരിച്ച് തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനായി ഉന്നതതലയോഗം വിളിച്ചുചേര്‍ക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. നാളികേര വികസന കോര്‍പറേഷന് കീഴിലെ മാമത്തെ കോംപ്ളക്സില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളികേര കോംപ്ളക്സ് പ്രശ്നത്തില്‍ അഡ്വ. ബി. സത്യന്‍ എം.എല്‍.എ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചിരുന്നു. തിങ്കളാഴ്ച സബ്മിഷന്‍ പരിഗണിക്കാനിരിക്കവേയാണ് നേരിട്ട് മനസ്സിലാക്കുന്നതിനായി മന്ത്രി സ്ഥലം സന്ദര്‍ശിച്ചത്. ഈവിഷയം ചര്‍ച്ചചെയ്യാനായി ഉന്നതതല യോഗം വിളിച്ചുചേര്‍ക്കും. കോര്‍പറേഷന്‍ നേരിടുന്ന പ്രശ്നങ്ങളും നിലവിലെ അവസ്ഥയും പരിഹാരങ്ങളും നിര്‍ദേശിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. സമാനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേരഫെഡുമായി സംയോജിപ്പിച്ച് കൊണ്ടുള്ള പദ്ധതികളും ആലോചിക്കും. സര്‍ക്കാറിന്‍െറ നയപരമായ തീരുമാനങ്ങളും ഇതിനാവശ്യമായി വന്നേക്കും. പുന$സംഘടനക്ക് സമയമെടുക്കുമെങ്കിലും ഗൗരവത്തോടുകൂടിതന്നെ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. അഡ്വ. ബി. സത്യന്‍ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ എം. പ്രദീപ്, സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ജി.ആര്‍. അനില്‍, ജില്ലാ എക്സിക്യൂട്ടിവ് അംഗം മനോജ് ബി. ഇടമന, നഗരസഭാ സ്ഥിരംസമിതി ചെയര്‍മാന്‍മാരായ അവനവഞ്ചേരി രാജു, സി. പ്രദീപ് എന്നിവരും മന്ത്രിയെ അനുഗമിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.