നഗരത്തില്‍ ആറിടത്ത് സോളാര്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍

കൊല്ലം: നഗരത്തില്‍ ആറിടത്ത് സോളാര്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ പദ്ധതി. കോര്‍പറേഷന് സാമ്പത്തികബാധ്യതയില്ലാത്തവിധം സ്വകാര്യപങ്കാളിത്തത്തോടെയാണ് സ്ഥാപിക്കുക. ലൈറ്റുകള്‍ക്ക് സമീപം പ്രദര്‍ശിപ്പിക്കുന്ന പരസ്യബോര്‍ഡുകളിലെ വരുമാനം ഇവയുടെ പരിപാലനത്തിനായി വിനിയോഗിക്കും. പദ്ധതിക്ക് വെള്ളിയാഴ്ച ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗമാണ് അനുമതി നല്‍കിയത്. സെന്‍റ് ജോസഫ് കോണ്‍വെന്‍റ് സ്കൂള്‍ ജങ്ഷന്‍, ചിന്നക്കട (ഉഷാ തിയറ്ററിന് മുന്‍വശം), കൊച്ചുപിലാമൂട് ജങ്ഷന്‍, ബീച്ച്, കന്‍േറാണ്‍മെന്‍റ് (ആര്‍.ഒ.ബിക്ക് സമീപം), ആശ്രാമം (നായേഴ്സ് ആശുപത്രി ജങ്ഷന്‍) എന്നിവിടങ്ങളിലാണ് ലൈറ്റുകള്‍ സ്ഥാപിക്കുക. പരിപാലനം ഏറ്റെടുക്കുന്ന സ്വകാര്യസ്ഥാപനം ശരിയായ വിധം ഇവ മുന്നോട്ടുകൊണ്ടുപോയില്ളെങ്കില്‍ കോര്‍പറേഷന് ഇടപെടാന്‍ കരാറില്‍ വ്യവസ്ഥ ചെയ്യുമെന്ന് മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു അറിയിച്ചു. കല്ലുപാലം ജങ്ഷന്‍, വലിയകട മാര്‍ക്കറ്റ്, ലെയിന്‍സ് നഗര്‍, കടപ്പാക്കട മാര്‍ക്കറ്റ്, പള്ളിത്തോട്ടം, രാമന്‍കുളങ്ങര മാര്‍ക്കറ്റ്, ലിങ്ക് റോഡ്, തേവള്ളി മാര്‍ക്കറ്റ്, പോര്‍ട്ട് ഡിവിഷന്‍ എന്നിവിടങ്ങളില്‍ എയ്റോബിക് കമ്പോസ്റ്റിങ് യൂനിറ്റ് സ്ഥാപിക്കും. പദ്ധതിയില്‍ ഇരവിപുരം സൂനാമി കോളനികൂടി ഉള്‍പ്പെടുത്തണമെന്ന് ഭരണപക്ഷ കൗണ്‍സിലര്‍ പ്രിയദര്‍ശനന്‍ ആവശ്യപ്പെട്ടു. കൂടുതല്‍ സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നത് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മേയര്‍ മറുപടി നല്‍കി. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ 2033 കുടുംബങ്ങളെ ഉള്‍പ്പെടുത്തും. എല്ലാ ഡിവിഷനുകളിലും സര്‍വേ നടത്തിയാണ് ഗുണഭോക്താക്കളെ കണ്ടത്തെിയത്. ഗുണഭോക്തൃപട്ടിക അംഗീകാരത്തിനായി സംസ്ഥാന സാങ്ഷനിങ് ആന്‍ഡ് മോനിറ്ററിങ് കമ്മിറ്റിക്ക് സമര്‍പ്പിക്കും. ആധാര്‍ നമ്പര്‍, അക്കൗണ്ട് നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി പൂര്‍ണമായ അപേക്ഷകളാണ് ഒന്നാംഘട്ടത്തിലേക്ക് ഉള്‍ക്കൊള്ളിച്ചത്. ഇതില്‍ ഉള്‍പ്പെടുത്താന്‍ കഴിയാതെവന്നവരെ അടുത്ത തവണ പരിഗണിക്കുമെന്നും മേയര്‍ മറുപടി നല്‍കി. ഇതിനായി കൗണ്‍സിലര്‍മാര്‍ വേണ്ടത്ര ഇടപെടല്‍ നടത്തണമെന്നും മേയര്‍ നിര്‍ദേശിച്ചു. നടപ്പുസാമ്പത്തികവര്‍ഷം ഉള്‍പ്പെടുത്തേണ്ട മരാമത്ത് പണികളുടെ എസ്റ്റിമേറ്റ് ‘പ്രൈസ്’ സോഫ്റ്റ്വെയറിലൂടെ ഓണ്‍ലൈനായി ചെയ്യുന്നതിന് കൗണ്‍സില്‍ അനുമതി നല്‍കി. ഇതിന് എന്‍ജിനീയറിങ് വിഭാഗത്തിന് പരിശീലനം നല്‍കിയിട്ടുണ്ട്. എസ്. ഗീതാകുമാരി, കരുമാലില്‍ ഉദയാസുകുമാരന്‍, മീനകുമാരി, എം. സലിം, എ. നിസാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.