മാലിന്യപ്രശ്നത്തിന് പരിഹാരം വീടുകളിലെ സംസ്കരണമെന്ന് സെമിനാര്‍

കൊല്ലം: വീടുകള്‍ കേന്ദ്രീകരിച്ച് മാലിന്യസംസ്കരണമുണ്ടായാല്‍ മാലിന്യപ്രശ്നം പരിഹരിക്കാനാവുമെന്ന് കോര്‍പറേഷന്‍െറ നേതൃത്വത്തില്‍ നടന്ന സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. മാലിന്യത്തിന്‍െറ 49 ശതമാനവും വീടുകളില്‍നിന്നുണ്ടാവുന്നതാണ്. വീടുകളില്‍ കിടപ്പുമുറിയോട് ചേര്‍ന്നാണ് ശൗചാലയം സ്ഥാപിക്കുന്നത്. വിസര്‍ജ്യം ഇത്തരത്തില്‍ സംസ്കരിക്കുമ്പോഴാണ് അടുക്കളമാലിന്യം വലിച്ചെറിയുന്നത്. ഈ ശീലത്തിന് മാറ്റം ഉണ്ടാവണമെന്ന് സെമിനാര്‍ നിര്‍ദേശിച്ചു. നാല് അംഗമുള്ള ഒരു വീട്ടില്‍ ഒരുദിവസം രണ്ടുകിലോ മാലിന്യം മാത്രമാണുണ്ടാകുന്നത്. ഇത് വാഴച്ചുവട്ടില്‍ കുഴിച്ചുമൂടിയാല്‍ പോഷകമൂല്യമായി ഭൂമിയില്‍ തന്നെ സംഭരിക്കപ്പെടും. ഭൂമിയില്ലാത്തവര്‍ക്ക് തുമ്പൂര്‍മൂഴി മോഡല്‍ സംസ്കരണപ്രവര്‍ത്തനം പ്രയോജനപ്പെടുത്താം. മാലിന്യം കത്തിച്ച് വായുവിനെ മലിനപ്പെടുത്തുന്നതിനേക്കാള്‍ കമ്പോസ്റ്റിങ് തന്നെയാണ് മികച്ചത്. കൂടാതെ ബയോഗ്യാസ് ഉല്‍പാദനവും നടത്താം. മാലിന്യം വലിച്ചെറിയാനുള്ളതാണെന്നും അത് പെറുക്കിയെടുക്കാനുള്ള ഉത്തരവാദിത്തം തദ്ദേശ സ്ഥാപനങ്ങള്‍ക്കുമാണെന്ന ഇന്നത്തെ സമീപനവും മാറണമെന്ന് സെമിനാര്‍ ആവശ്യപ്പെട്ടു. പ്രഫ. പി.കെ രവീന്ദ്രന്‍, ശുചിത്വ മിഷന്‍ കോഓഡിനേറ്റര്‍ എ.പി. ദിനേശന്‍, നഗരസഭ ഹെല്‍ത്ത് ഓഫിസര്‍ ഡോ. ഡി. ശ്രീകുമാര്‍ എന്നിവര്‍ ക്ളാസെടുത്തു. സെമിനാര്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. കൊല്ലം കോര്‍പറേഷന്‍ ഓഫിസിനെ പ്ളാസ്റ്റിക് മുക്ത മേഖലയായി എം. നൗഷാദ് എം.എല്‍.എ പ്രഖ്യാപിച്ചു. മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ്, കൗണ്‍സിലര്‍മാരായ എ.കെ. ഹഫീസ്, റീന സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്. ജയന്‍ സ്വാഗതവും നഗരസഭ സെക്രട്ടറി വി.ആര്‍. രാജു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.