കഴക്കൂട്ടം: മുരുക്കുംപുഴ മുണ്ടക്കലില്‍ കുടിവെള്ള പദ്ധതി തകരാറിലായിട്ട് മാസങ്ങളായെങ്കിലും അധികൃതര്‍ തിരിഞ്ഞുനോക്കിയിട്ടില്ല. കുടിവെള്ളം നിലച്ചതോടെ ജനം ദുരിതത്തിലാണ്. മംഗലപുരം ഗ്രാമ പഞ്ചായത്ത് മുണ്ടക്കല്‍ അങ്കണവാടിയോട് ചേര്‍ന്ന് നിര്‍മിച്ച ശുദ്ധജല പദ്ധതിയില്‍ നിന്നുള്ള ജലവിതരണമാണ് മാസങ്ങളായി തടസ്സപ്പെട്ടിരിക്കുന്നത്. അങ്കണവാടിയിലടക്കം കുടിവെള്ളം ഇല്ലാതായതോടെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണംപോലും തയാറാക്കാനാകാത്ത അവസ്ഥയാണ്. ഇരുന്നൂറോളം വീട്ടുകാരുടെ ആശ്രയമാണ് മുണ്ടക്കലിലെ ശുദ്ധജലവിതരണ പദ്ധതി. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ലൈന്‍ ഇതുവഴി കടന്നുപോയിട്ടുണ്ടെങ്കിലും പ്രദേശത്തുകാര്‍ക്ക് അതിന്‍െറ ഗുണവും ലഭിക്കാത്ത അവസ്ഥയാണ്. പ്രദേശത്ത് കിണറുകളുടെ എണ്ണവും കുറവാണ്. രൂക്ഷമായ കുടിവെള്ള ക്ഷാമവും പ്രദേശത്തുണ്ട്. വേനല്‍ കടുക്കുന്നതോടെ കുടിവെള്ളക്ഷാമവും നിലവിലുള്ളതിനെക്കാള്‍ രൂക്ഷമാകും. 16 വര്‍ഷം മുമ്പാണ് പദ്ധതി സ്ഥാപിച്ചത്. നിര്‍മാണം കഴിഞ്ഞ് ദിവസങ്ങള്‍ക്കകംതന്നെ മോട്ടോര്‍ കിണറിനുള്ളില്‍ പതിച്ചിരുന്നു. പിന്നീട് മോട്ടോര്‍ മാറ്റി സ്ഥാപിച്ചായിരുന്നു പമ്പിങ്. ഇതും കേടായി. നാല് മാസം മുമ്പ് പഞ്ചായത്ത് മാറ്റി സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും അതും കിണറിനുള്ളില്‍ കുടുങ്ങി. മംഗലപുരം പഞ്ചായത്തില്‍ നിരവധി തവണ പരാതി നല്‍കിയെങ്കിലും നിഷ്ക്രിയ നിലപാടാണ് പഞ്ചായത്ത് സ്വീകരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.