തിരുവനന്തപുരം: പുതിയ കൗണ്‍സില്‍ അധികാരമേറ്റ് രണ്ടുമാസം കഴിഞ്ഞിട്ടും കാര്യങ്ങള്‍ പഠിക്കാതെയും കൗണ്‍സില്‍ നടപടികള്‍ അറിയാതെയും മിക്ക കൗണ്‍സിലര്‍മാരും വിഷമവൃത്തത്തില്‍ തന്നെ. പക്ഷേ, ആര്‍ക്കും അതില്‍ പരിഭവം ഇല്ല. വേറെ ‘ബിസിനസുകളില്‍’ വ്യാപൃതരായതിനാല്‍ കിട്ടിയ സമയം കൗണ്‍സില്‍ ഹാളില്‍ ചെലവിട്ടെന്നുമായി. ചിലര്‍ മൊബൈല്‍ ഫോണില്‍ നിര്‍ത്താതെ സംസാരം, മറ്റു ചിലരാണെങ്കില്‍ ഇയര്‍ ഫോണ്‍ ചെവിയില്‍ തിരുകി പാട്ടുകേള്‍ക്കല്‍, വേറെ ചിലരാണെങ്കില്‍ വീട്ടുകാര്യവും നാട്ടുകാര്യവും പറഞ്ഞ് ഒടുവില്‍ ഇരിപ്പിടവും കാലിയാക്കി. വ്യാഴാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് ജനകീയ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്ന നേരത്ത് മറ്റ് വിനോദങ്ങളില്‍ മുഴുകി ജനപ്രതിനിധികള്‍ സ്ഥലം കാലിയാക്കിയത്. മുന്‍കൂട്ടി നല്‍കിയ അജണ്ട ഒറ്റ കക്ഷിപോലും വായിച്ചുനോക്കിയില്ളെന്ന് യോഗം തുടങ്ങിയപ്പോള്‍തന്നെ ബോധ്യമായി. ഒൗദ്യോഗിക കാര്യങ്ങളില്‍പെട്ട മുഴുവന്‍ വിഷയങ്ങളും സാധാരണ മേയര്‍ വായിക്കാറില്ല. അജണ്ട മുന്‍കൂട്ടി കൗണ്‍സിലര്‍മാര്‍ വായിച്ചാല്‍ പാസാക്കുന്നതിന് മുമ്പ് ഇടപെട്ട് സംസാരിക്കാം. അതാവും ഗുണകരമായ ചര്‍ച്ച. ഇന്നലെ ഒൗദ്യോഗിക കാര്യങ്ങളില്‍പെട്ട ഏഴുവിഷയങ്ങള്‍ ഒറ്റനോട്ടത്തില്‍ പ്രതിപാദിച്ച് പാസാക്കാമോയെന്ന് മേയര്‍ വി.കെ. പ്രശാന്ത് കൗണ്‍സിലിന് മുമ്പാകെ ചോദിച്ചു. ആരും ഒന്നും മിണ്ടിയില്ല. ചിലര്‍ കൈയടിച്ചു. അതോടെ വിഷയങ്ങള്‍ പാസായായതായി മേയര്‍ അറിയിച്ചു. അപ്പോഴാണ് ബി.ജെ.പിയിലെ ഗിരികുമാറിന് ബോധോദയം വന്നത്. ചിലര്‍ കൈയടിച്ചു എന്നുകരുതി ഒറ്റയടിക്ക് ഇതെങ്ങനെ പാസാക്കാന്‍ കഴിയും. മൂന്‍കുട്ടി തരാതെ അജണ്ട എങ്ങനെ പഠിക്കാന്‍ കഴിയും എന്നൊക്കെ ഗിരിതട്ടിവിട്ടു. അപ്പോള്‍ മേയര്‍ ഇടപെട്ടു; അതാ ഞാന്‍ ചോദിച്ചത്, വിഷയം പാസാക്കാമോയെന്ന്. അപ്പോള്‍ ഒന്നും മിണ്ടാതിരുന്നിട്ട് അജണ്ട പാസായശേഷം ചര്‍ച്ചയെന്ന് പറയുന്നത് കാര്യങ്ങള്‍ മനസ്സിലാക്കാത്തതുകൊണ്ടാണെന്ന് മേയര്‍ പറഞ്ഞു. ഇത് കേട്ടതോടെ ഗിരിക്ക് മറ്റൊന്നും പറയാനുണ്ടായിരുന്നില്ല. തുടര്‍ന്ന് വിവിധ സ്ഥിരം സമിതികള്‍ പാസാക്കിയ വിഷയങ്ങളിന്മേല്‍നടന്ന ചര്‍ച്ചകളിലും കൗണ്‍സിലര്‍മാര്‍ കാര്യങ്ങള്‍ പഠിക്കാത്തതിന്‍െറ പോരായ്മകള്‍ മുഴച്ചുനിന്നു. ചൂടേറിയ വിഷയങ്ങള്‍ അജണ്ടയില്‍ ഉണ്ടായിരുന്നെങ്കിലും പുതിയ വനിതാ കൗണ്‍സിലര്‍മാര്‍ക്ക് അതൊന്നും വലിയ കാര്യമല്ളെന്ന മട്ടായിരുന്നു. ഒന്നുമൂളാന്‍ പോലും സീറ്റില്‍നിന്ന് ആരും എഴുന്നേറ്റുപോലുമില്ല. ചെറുതായെങ്കിലും വിഷയങ്ങളില്‍ ഇടപെട്ടത് മുന്‍ കൗണ്‍സിലര്‍മാര്‍ ആയിരുന്നു. ന്യൂജന്‍ കാലത്ത് കൗണ്‍സിലര്‍മാര്‍ ‘പ്ളിങ്’ അടിച്ചിരിക്കുന്നതായിരുന്നു യോഗത്തിലെ കാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.