വക്കത്ത് വീണ്ടും കായല്‍ നികത്തലും കൈയേറ്റവും ആറ്റിങ്ങല്‍: വക്കത്ത് വീണ്ടും വന്‍തോതില്‍ കായല്‍ നികത്തലും കൈയേറ്റവും.

റവന്യൂ ഉദ്യോഗസ്ഥര്‍ സ്റ്റോപ് മെമ്മോ നല്‍കിയ സ്ഥലങ്ങളിലും കായല്‍ നികത്തുന്നത് തുടരുന്നു. വക്കം വില്ളേജില്‍ വക്കം വലിയപള്ളിക്ക് സമീപം സര്‍വേ നമ്പര്‍ 2943നോട് ചേര്‍ന്ന കായല്‍ പ്രദേശമാണ് വന്‍തോതില്‍ നികത്തുന്നത്. കഠിനംകുളം കായലിന്‍െറ ഭാഗമാണിത്. കായല്‍തീരത്തേക്ക് സ്വകാര്യവ്യക്തി പുരയിടത്തിലൂടെ റോഡ് വെട്ടി. അതിലൂടെ ടിപ്പര്‍ ലോറികളില്‍ മണ്ണെത്തിച്ച് മറ്റ് ഭാഗങ്ങള്‍ നികത്തുകയാണ്. റോഡില്‍നിന്ന് വസ്തുവിലേക്ക് കയറുന്ന ഭാഗത്ത് പ്രത്യേകം ഗേറ്റ് സ്ഥാപിച്ചിട്ടുണ്ട്. ടിപ്പര്‍ ലോറികള്‍ക്ക് കയറാനും ഇറങ്ങാനും മാത്രമേ ഇത് തുറക്കൂ. സ്വകാര്യ വ്യക്തിക്ക് ഇതിനോട് ചേര്‍ന്ന് കരം ഒടുക്കുന്ന ഭൂമിയുണ്ട്. കായല്‍ ഉള്‍പ്പെടെ ഒന്നരയേക്കറോളം കൈയേറിയതായാണ് നാട്ടുകാര്‍ പറയുന്നത്. വളരെ ഉയരത്തില്‍ മതില്‍കെട്ടി തിരിച്ച ശേഷമാണ് നികത്തല്‍. അതുകൊണ്ടുതന്നെ കൈയേറ്റം സമീപവാസികള്‍പോലും അറിഞ്ഞിരുന്നില്ല. എന്നാല്‍, ഒരാഴ്ചയായി ഇടതടവില്ലാതെ ടിപ്പര്‍ ലോറികള്‍ വന്നുപോകുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് നാട്ടുകാര്‍ കൈയേറ്റം അറിയുന്നത്. പത്തോളം ടിപ്പര്‍ ലോറികളിലാണ് മണ്ണടിച്ചത്. സ്ഥലത്തത്തെിക്കുന്ന മണ്ണിടിച്ച് നിരത്താന്‍ ഇതരസംസ്ഥാന തൊഴിലാളികളെയും നിയോഗിച്ചിട്ടുണ്ട്. രാത്രിയും പകലും ഒരുപോലെ നടന്ന കായല്‍ നികത്തലില്‍ ഇതിനകം ആയിരം ലോഡോളം മണ്ണടിച്ചതായി കരുതുന്നു. ജലനിരപ്പില്‍നിന്ന് 250 മുതല്‍ 350 ഘനമീറ്റര്‍ വരെ ഉയരത്തില്‍ മണ്ണിട്ടിട്ടുണ്ട്. പൊലീസില്‍ വിവരം അറിയിച്ചിരുന്നെങ്കിലും ഇടപെടല്‍ ഉണ്ടാകുന്നില്ളെന്ന് നാട്ടുകാര്‍ പറയുന്നു. 2014ല്‍ ഇതേ സ്ഥലത്ത് കായല്‍നികത്തല്‍ റവന്യൂസംഘം തടഞ്ഞ് സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. അന്ന് അഞ്ച് ടിപ്പറും പിടിച്ചെടുത്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.