നവീകരിച്ച റെയില്‍വേ പ്ളാറ്റ്ഫോം ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കടയ്ക്കാവൂര്‍ റെയില്‍വേ സ്റ്റേഷനിലെ നവീകരിച്ച പ്ളാറ്റ്ഫോമുകളുടെ ഉദ്ഘാടനം ഡോ. എ. സമ്പത്ത് എം.പി നിര്‍വഹിച്ചു. റെയില്‍വേ സ്റ്റേഷന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കടയ്ക്കാവൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ. വിലാസിനി അധ്യക്ഷതവഹിച്ചു. ദക്ഷിണ റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ സുനില്‍ ബാജ്പൈ മുഖ്യപ്രഭാഷണം നടത്തി. ദിവസേന നിരവധി യാത്രക്കാര്‍ വന്നുപോകുന്ന കടയ്ക്കാവൂരിലെ റെയില്‍വേ പ്ളാറ്റ്ഫോം ഉയരമില്ലാത്തതായിരുന്നു. ഇത് ട്രെയിനില്‍ കയറാന്‍ സ്ത്രീകളുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. പുതിയ പ്ളാറ്റ്ഫോം നിര്‍മിച്ചതോടെ ഈ പ്രശ്നത്തിന് പരിഹാരമായി. റെയില്‍വേ സ്റ്റേഷന്‍ നിലവില്‍ വന്നിട്ട് 2017ല്‍ നൂറുവര്‍ഷം തികയുകയാണ്. ഈ സാഹചര്യത്തില്‍ സ്റ്റേഷനെ പൈതൃക റെയില്‍വേ സ്റ്റേഷനായി പ്രഖ്യാപിക്കാനുള്ള ശ്രമം നടത്തുമെന്നും ചെന്നൈയില്‍ ചേര്‍ന്ന സതേണ്‍ റെയില്‍വേ മീറ്റില്‍ ഇതിനായി ആവശ്യമുന്നയിച്ചിട്ടുണ്ടെന്നും ഉദ്ഘാടനപ്രസംഗത്തില്‍ എം.പി പറഞ്ഞു. ഓവര്‍ ബ്രിഡ്ജില്‍ റെയില്‍വേ സ്റ്റേഷനിലേക്ക് എത്തുന്ന നടപ്പാതയില്‍ ഹൈമാസ്റ്റ് സ്ഥാപിക്കുന്നത് പോലുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടത് ചെയ്യുമെന്നും എം.പി കൂട്ടിച്ചേര്‍ത്തു. റെയില്‍വേ സ്റ്റേഷനിലേക്ക് എത്തുന്ന സബ്രജിസ്ട്രാര്‍ റോഡ് റെയില്‍വേ ഏറ്റെടുത്ത് നവീകരിക്കുമെന്നും മരുതന്‍വിളാകം റോഡ് നവീകരിക്കാനുള്ള അനുമതി പഞ്ചായത്തിന് നല്‍കുമെന്നും ഡി.ആര്‍.എം സുനില്‍ ബാജ്പൈ പറഞ്ഞു. ചിറയിന്‍കീഴ് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. സുഭാഷ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. വി. ജോയി, വക്കം പഞ്ചായത്ത് പ്രസിഡന്‍റ് എസ്. വേണുജി, കടയ്ക്കാവൂര്‍ പഞ്ചായത്ത് അംഗം കെ. സുഭാഷ്, സംഘാടകസമിതി ചെയര്‍മാന്‍ കെ. രാജന്‍ബാബു, വി. അശോകന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.