പഞ്ചായത്ത് കൈയൊഴിഞ്ഞു; കടത്തുസര്‍വിസുകള്‍ നിലച്ചു

ആറ്റിങ്ങല്‍: കായല്‍ കടത്ത് സര്‍വിസുകള്‍ നിലച്ചതോടെ ജനം ദുരിതത്തില്‍. ചിറയിന്‍കീഴ് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി വര്‍ഷങ്ങളായി പ്രവത്തിക്കുന്ന ഒമ്പത് കടത്ത് സര്‍വിസിന്‍െറ പ്രവര്‍ത്തനമാണ് അവതാളത്തിലായിരിക്കുന്നത്. സംസ്ഥാനസര്‍ക്കാര്‍ കൈയൊഴിഞ്ഞശേഷം പഞ്ചായത്തുകള്‍ക്കാണ് ഇവയുടെ പ്രവര്‍ത്തനം. തുഴയാന്‍ ആളെ കിട്ടാത്തതും വള്ളത്തിന്‍െറ തകരാറും കാരണമാണ് പ്രവര്‍ത്തനം നിലച്ചത്. കഠിനംകുളം കായലിന്‍െറയും വാമനപുരം നദിയുടെയും കരകളില്‍ പ്രവര്‍ത്തിച്ചിരുന്ന കടത്തുകളും നിലച്ചു. ഇരു കരയിലെയും ജനങ്ങളുടെ ഏക ആശ്രയമായിരുന്ന ഇത് ഉടന്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. കായലുകളാല്‍ ചുറ്റപ്പെട്ട ചിറയിന്‍കീഴ് പഞ്ചായത്തിന്‍െറ പടിഞ്ഞാറ് ഭാഗം പൂര്‍ണമായും കടത്തിനെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. ഇവിടങ്ങളില്‍ താമസിക്കുന്ന ആയിരത്തോളംപേരാണ് കടത്ത് ഉപയോഗപ്പെടുത്തന്നത്. പഞ്ചായത്തില്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത് അഞ്ചല്‍കടവ്, മുന്നാറ്റുമുക്ക് കടവ്, താഴംപള്ളി കടവ്, ആനത്തലവട്ടം കടവ്, പുളുന്തുരുത്തി കടവ്, വടക്കെ അരയതുരുത്തി കടവ്, കരുന്തകടവ്, അയന്തികടവ്,പെരുമാതുറകടത്ത് എന്നീ കടത്തുകളായിരുന്നു. പതിറ്റാണ്ടുകളായി ഇതിന്‍െറ ചുമതല പൊതുമരാമത്ത് വകുപ്പിനുമായിരുന്നു. എന്നാല്‍, മേല്‍നോട്ടം പഞ്ചായത്തുകള്‍ക്ക് കൈമാറി പഞ്ചായത്തീരാജ് ഭേദഗതിവന്നതോടെ വകുപ്പ് ചുമതലയില്‍നിന്ന് പിന്തിരിഞ്ഞു. ഇതോടെ നടത്തിപ്പില്‍ പഞ്ചായത്തിന് ലക്ഷങ്ങളുടെ ബാധ്യത വന്നു. വര്‍ഷം 12 ലക്ഷത്തോളം രൂപ ചെലവിട്ടാണ് നടത്തി ക്കൊണ്ടുപോകുന്നത്. കുറഞ്ഞ വേതനംമൂലം താല്‍ക്കാലിക ജീവനക്കാരില്‍ മിക്കവരും നിര്‍ത്തിപ്പോയത് പ്രതിസന്ധി രൂക്ഷമാക്കുന്നു. താഴംപള്ളി, പെരുമാതുറ, അഞ്ചല്‍കടവ് തുടങ്ങിയ സ്ഥലങ്ങളിലെ കടത്തുകള്‍ അഞ്ചുതെങ്ങ് കടലോരമേഖലയെ നേരിട്ട് ബന്ധിപ്പിക്കുന്നതാണ്. പാലത്തിലുടെ കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിക്കുന്നതിനേക്കാള്‍ വേഗത്തില്‍ എത്താനും സാധിക്കും. സര്‍ക്കാര്‍ ധനസഹായം നല്‍കിയാല്‍ മാത്രമേ കടത്തുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കൂവെന്നാണ് പഞ്ചായത്തുകള്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.