ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരത്തില്‍ ഫുട്പാത്തിലെ വാഹന പാര്‍ക്കിങ് കാല്‍നട യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. കച്ചേരി ജങ്ഷന്‍ മുതല്‍ കിഴക്കേ നാലുമുക്കുവരെ ഫുട്പാത്തിലൂടെ നടക്കാന്‍ നാവാത്ത അവസ്ഥയാണ്. ഫുട്പാത്തിന്‍െറ താണഭാഗങ്ങളിലെല്ലാം കാറുകളും ഇരുചക്ര വാഹനങ്ങളും ഇടുന്നത് കാരണം റോഡിലിറങ്ങിയാണ് യാത്രക്കാര്‍ സഞ്ചരിക്കുന്നത്. പല ഭാഗത്തും സ്വകാര്യവ്യക്തികള്‍ കെട്ടിട നിര്‍മാണ സാമഗ്രികളും മറ്റും ഇറക്കിയിട്ടിട്ടുണ്ട്. വ്യാപാരസ്ഥാപനങ്ങള്‍ ഫുട്പാത്തിലേക്ക് സാധനങ്ങള്‍ ഇറക്കിവെച്ച് കച്ചവടം നടത്തുന്നതും പതിവാണ്. ഫുട്പാത്തിന്‍െറ നിര്‍മാണത്തിലെ അപാകത കാരണം പലയിടത്തും സ്ളാബുകള്‍ ഉയര്‍ന്നും താഴ്ന്നുമാണ് കിടക്കുന്നത്. ശ്രദ്ധിക്കാതെ ഇതുവഴി നടന്നാല്‍ കാല്‍ തട്ടി വീണ് അപകടമുണ്ടാകും. രാഷ്ട്രീയപാര്‍ട്ടികളും സ്ഥാപനങ്ങളും ഫുട്പാത്ത് മറച്ച് ഫ്ളക്സുകള്‍ സ്ഥാപിക്കുന്നുണ്ട്. ആറ്റിങ്ങല്‍ പട്ടണത്തില്‍ എത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന വാദവുമുണ്ട്. ഷോപ്പിങ് കോംപ്ളക്സുകള്‍ നിര്‍മിക്കുന്നവര്‍ നിയമാനുസരണം പാര്‍ക്കിങ് ഏരിയ ലഭ്യമാക്കി നിര്‍മാണ അനുമതി വാങ്ങും. നിര്‍മാണം പൂര്‍ത്തിയായി കെട്ടിട നമ്പര്‍ ലഭിച്ചുകഴിഞ്ഞാല്‍ പാര്‍ക്കിങ് ഏരിയയും കെട്ടിയടച്ച് വാടകക്ക് നല്‍കും. ട്രാഫിക് പൊലീസിന്‍െറ മൃദുസമീപനവും ഫുട്പാത്തിലെ പാര്‍ക്കിങ് വ്യാപകമാകാന്‍ കാരണമാകുന്നുണ്ട്. സ്കൂള്‍ കുട്ടികള്‍ അടക്കമുള്ളവര്‍ ദേശീയപാതയില്‍ ഇറങ്ങി സഞ്ചരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. റോഡ് ക്രോസ് ചെയ്യുന്നതാണ് കാല്‍നടക്കാരെ വലയ്ക്കുന്ന മറ്റൊരു പ്രശ്നം. ദേശീയപാതയില്‍ കിഴക്കേ നാലുമുക്കുമുതല്‍ കച്ചേരി ജങ്ഷന്‍ വരെ വണ്‍വേ ആണ്. അതുകൊണ്ടുതന്നെ രണ്ടും മൂന്നും വരിയായി വാഹനങ്ങള്‍ പായുകയാണ്. സീബ്രാ ലൈനുള്ള ഭാഗത്തുപോലും വാഹനങ്ങള്‍ സ്ളോ ചെയ്യില്ല. ട്രാഫിക് നിയന്ത്രിക്കാന്‍ ആളില്ലാത്ത സ്ഥലങ്ങളിലാണെങ്കില്‍ യാത്രക്കാര്‍ പെട്ടതുതന്നെ. മണിക്കൂറോളം നിന്നാലും റോഡ് ക്രോസ് ചെയ്യാനാവാത്ത അവസ്ഥയാണ്. ദേശീയപാതയില്‍ ഫുട്പാത്ത് ഉണ്ടെങ്കില്‍ പാലസ് റോഡിലും ചിറയിന്‍കീഴ് റോഡിലും നഗരത്തിനുള്ളിലെ ഇതര പ്രധാന പാതകളിലും ഫുട്പാത്തില്ലാത്തതാണ് പ്രശ്നം. ഈ ഭാഗത്ത് റോഡിന്‍െറ ഇരുഭാഗത്തും ഫുട്പാത്തില്ല. മേല്‍ മൂടിയില്ലാത്ത ഓടക്കും അമിതവേഗത്തില്‍ ചീറിപ്പായുന്ന വാഹനങ്ങള്‍ക്കും ഇടയിലൂടെയാണ് കുട്ടികളുടെ സഞ്ചാരം. നഗരത്തിലെ തിരക്കേറിയ ഭാഗത്തെങ്കിലും ഓടക്ക് മുകളില്‍ സ്ളാബ് നിര്‍മിച്ച് ഫുട്പാത്ത് ലഭ്യമാക്കിയാല്‍ കുട്ടികള്‍ക്ക് യാത്രാസുരക്ഷിതത്വം ലഭിക്കുമായിരുന്നു. ദേശീയപാതയിലൂടെ ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങള്‍ക്കിടയിലൂടെയാണ് കാല്‍നട യാത്രക്കാര്‍ പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.