തിരുവനന്തപുരം: തകരപ്പറമ്പ് മേല്‍പാലത്തിലെയും കിഴക്കേകോട്ട പഴവങ്ങാടി ഭാഗങ്ങളിലെയും വിളക്കുകള്‍ തെളിയിക്കാന്‍ കോര്‍പറേഷന് പ്രത്യേകം അറിയിപ്പ് നല്‍കേണ്ടെന്ന് റോഡ് ഫണ്ട് ബോര്‍ഡ്. തകരപ്പറമ്പ് മേല്‍പാലത്തില്‍ വിളക്കുകള്‍ കത്തിക്കുന്നത് സംബന്ധിച്ച് കോര്‍പറേഷനും റോഡ് ഫണ്ട് ബോഡും ആക്ഷേപങ്ങള്‍ ഉന്നയിച്ച് രംഗത്തുവന്നത് വിവാദമായപ്പോഴാണ് റോഡ് ഫണ്ട് ബോഡ് നിലപാട് വ്യക്തമാക്കിയത്. വൈദ്യുതി ചാര്‍ജ് അടക്കണമെന്നാവശ്യപ്പെട്ട് കോര്‍പറേഷന് നല്‍കിയ അപേക്ഷയോടൊപ്പം തകരപ്പറമ്പിലും മറ്റിടങ്ങളിലും എത്ര വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഉപഭോഗം എത്രയാണെന്നും ആവശ്യമായ തുക എത്രയെന്നും രേഖപ്പെടുത്തി നല്‍കിയിട്ടുണ്ട്. വിശദമായ കണക്കുകള്‍ ഉള്‍പ്പെടെയുള്ള അപേക്ഷയാണ് കഴിഞ്ഞ ആഗസ്റ്റില്‍ നല്‍കിയത്. ഇലക്ട്രിസിറ്റി കോണ്‍ട്രാക്ടറാണ് ഇത് കോര്‍പറേഷന് നല്‍കുന്നത്. അപേക്ഷ നല്‍കാനായുള്ള കെ.എസ്.ഇ.ബിയുടെ ഫോറത്തില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കാനായി ഓരോ കോളം ഉണ്ട്. ഇവ പൂരിപ്പിച്ചാണ് കോര്‍പറേഷനില്‍ നല്‍കുന്നത്. അതില്‍ ഒരു കോളത്തിലാണ് കോര്‍പറേഷന്‍ ചാര്‍ജ് അടക്കാമെന്ന് കാണിച്ച് സമ്മതപത്രം നല്‍കേണ്ടത്. ഇത് കെ.എസ്.ഇ.ബിയില്‍ തിരികെ എത്തുന്നതോടെയാണ് വിളക്കുകള്‍ക്ക് വൈദ്യുതി നല്‍കാന്‍ കെ.എസ്.ഇ.ബി തയാറാകുന്നത്. പ്രത്യേക അപേക്ഷ നല്‍കണമെന്നുണ്ടെങ്കില്‍ പട്ടം വൈദ്യുതി ഭവന് മുന്നിലെയും കണ്ണാശുപത്രി മുതല്‍ പാറ്റൂര്‍ വരെയുള്ള റോഡിലെ വൈദ്യുതി ചാര്‍ജ് അടക്കാമെന്ന് സമ്മതപത്രം കോര്‍പറേഷന്‍ എങ്ങനെ നല്‍കിയെന്ന് വ്യക്തമാക്കണം. ഇതിനായും മുകളില്‍ പറഞ്ഞ പോലെയുള്ള അപേക്ഷയാണ് നല്‍കിയിരുന്നതെന്നും അധിക്യതര്‍ പറഞ്ഞു. കാര്യങ്ങള്‍ ഇതായിരിക്കെ മേയര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അല്ളെങ്കില്‍ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാതെയാണ് സംസാരിക്കുന്നതെന്നും റോഡ് ഫണ്ട് ബോര്‍ഡ് അധികൃതര്‍ ആരോപിച്ചു. റോഡ് ഫണ്ട് ബോഡിന് പിന്നാലേ കോര്‍പറേഷനിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി മന്ത്രി വി.എസ്. ശിവകുമാറും കോര്‍പറേഷനെതിരെ രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.