തിരുവനന്തപുരം: തയ്യല്‍ തൊഴിലാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപവത്കരിച്ച ക്ഷേമനിധി ബോര്‍ഡിന്‍െറ പ്രവര്‍ത്തനം അവതാളത്തിലെന്ന് ആക്ഷേപം. ഇല്ലാത്തനിയമങ്ങള്‍ പറഞ്ഞും സങ്കീര്‍ണതകള്‍ ചൂണ്ടിക്കാട്ടിയും ആവശ്യങ്ങള്‍ക്കായി എത്തുന്നവരെ കുഴക്കുന്നത് ഇവിടെ പതിവാണ്. പട്ടത്ത് സ്ഥാപിച്ചിട്ടുള്ള ക്ഷേമനിധി ബോര്‍ഡാണ് തൊഴിലാളികളെ വട്ടംചുറ്റിക്കുന്നത്. ക്ഷേമനിധിയില്‍ അംഗങ്ങളായി ചേര്‍ന്നവര്‍ക്ക് പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കണമെങ്കില്‍ അംഗമായത് മുതലുള്ള രസീത് ഹാജരാക്കണമെന്നാണ് ഇവര്‍ പറയുന്നത്. അംഗമായിട്ട് ഇരുപതും മുപ്പതും വര്‍ഷം കഴിഞ്ഞവര്‍ക്ക് ഇത്രയും കാലത്തെ രസീതിന് എവിടെ പോകുമെന്ന് അറിയാത്തഅവസ്ഥയിലാണ്. ബോര്‍ഡിലേക്ക് തുക അടക്കുമ്പോള്‍ പാസ്ബുക്കില്‍ പതിച്ച് നല്‍കാറുണ്ട്. അത് തെളിവായിരിക്കെ രസീത് വേണമെന്ന് പറയുന്നതിന് എന്ത് അടിസ്ഥാനമെന്നാണ് തൊഴിലാളികള്‍ ചോദിക്കുന്നു. ഈ വര്‍ഷം ഡിസംബര്‍ വരെ മുന്‍കൂറായി പണം അടച്ച് തൊഴിലാളി ആണെന്ന സത്യവാങ്മൂലവും പാസ് ബുക്കിന്‍െറയും ഐഡന്‍റികാര്‍ഡിന്‍െറയും കോപ്പിയും രണ്ട് ഫോട്ടോയും നല്‍കണമെന്ന് പറയുന്നു. തൊഴിലാളികളുടെ രേഖകള്‍ ശേഖരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് പറയുന്നത്. എന്നാല്‍ കുറച്ച് കാലം മുമ്പ് കമ്പ്യൂട്ടറില്‍ വിവരങ്ങള്‍ ശേഖരിക്കാനാണെന്ന കാരണം പറഞ്ഞ് രേഖകള്‍ മുഴുവന്‍ വാങ്ങിയിരുന്നു. കൂടാതെ രണ്ട് വര്‍ഷം മുമ്പും തുക മുന്‍കൂറായി അടപ്പിച്ച് പാസ് ബുക്കും തിരിച്ചറിയല്‍ കാര്‍ഡും വാങ്ങിയിരുന്നു. നിലവില്‍ കമ്പ്യൂട്ടറില്‍ ചേര്‍ത്ത വിവരങ്ങള്‍ എവിടെയെന്ന അന്വേഷണത്തിന് രേഖകള്‍ ഡീലീറ്റായി പോയെന്നും പണം അടക്കണമെങ്കില്‍ പറഞ്ഞ രേഖകളും സംഘടനയുടെ സര്‍ട്ടിഫിക്കറ്റും നല്‍കണമെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. തൊഴിലാളിയാണെന്ന് തെളിയിക്കാന്‍ ലേബര്‍ കമ്മീഷണറുടെ സര്‍ട്ടിഫിക്കറ്റ് മതിയെന്നാണ് ചട്ടം. പക്ഷേ ഇത് മറികടന്നാണ് സംഘടന സര്‍ട്ടിഫിക്കറ്റ് തന്നെ വേണമെന്ന് ബോര്‍ഡ് വാശിപിടിക്കുന്നത്. ഇത് നിയമവിരുദ്ധമെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. ഒരു തയ്യല്‍ തൊഴിലാളി ബോര്‍ഡില്‍ രജിസ്ട്രര്‍ ചെയ്യുമ്പോള്‍ രണ്ട് അപേക്ഷ ഫോറവും രണ്ട് ഫോട്ടോയും 15 രൂപ ഫീസും നല്‍കി ജില്ലാ ഓഫീസര്‍ക്ക് മുന്നില്‍ തുണി തുന്നി കാണിച്ച് രജിസ്ട്രറില്‍ ഒപ്പുവെച്ചാണ് അംഗമാകുന്നത്. എന്നാല്‍ പിന്നീട് ഈ രേഖകളെ കുറിച്ച് ചോദിച്ചാല്‍ ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തുകയാണ് പതിവെന്നും തൊഴിലാളികള്‍ പറയുന്നു. ഇത്തരത്തില്‍ തൊഴിലാളികളെ വട്ടം ചുറ്റിക്കുന്ന ബോര്‍ഡിന്‍െറ നടപടി അവസാനിപ്പിക്കണമെന്നും വകുപ്പ് മന്ത്രി അടിയന്തരമായി ഇക്കാര്യത്തില്‍ ഇടപെടണമെന്നും തൊഴിലാളികള്‍ അവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.