നെയ്യാറ്റിന്‍കര ഒരുങ്ങി, താളമേളങ്ങളുടെ പകലിരവുകള്‍ക്കായി

തിരുവനന്തപുരം: നെയ്യാറിന്‍െറ തീരത്തിന് താളമേളങ്ങളുടെ പകലിരവുകള്‍ സമ്മാനിച്ച് ജില്ലാ സ്കൂള്‍ കലോത്സവം ചൊവ്വാഴ്ച ത്തുടങ്ങും. കൗമാരപ്രതിഭകളെ വരവേല്‍ക്കാന്‍ നെയ്യാറ്റിന്‍കര ഒരുങ്ങിക്കഴിഞ്ഞു. നെയ്യാറ്റിന്‍കര ഗവ. ബോയ്സ് എച്ച.്എസ്.എസിലെ പ്രധാന വേദിയില്‍ നാളെ രാവിലെ 8.30 ന് ഡി.ഡി.ഇ പതാക ഉയര്‍ത്തുന്നതോടെയാണ് കലോത്സവത്തിന് തിരിതെളിയുക. തുടര്‍ന്ന് 9.30 മുതല്‍ രചനാമത്സരങ്ങള്‍ നടക്കും. വൈകീട്ട് മൂന്നിനാണ് കലോത്സവത്തോടനുബന്ധിച്ചുള്ള സാംസ്കാരിക ഘോഷയാത്ര. വിവിധ കലാരൂപങ്ങളും ദൃശ്യങ്ങളും വര്‍ണശബളമായ ഘോഷയാത്രക്ക് മിഴിവേകും. ഘോഷയാത്രയില്‍ അണിനിരക്കുന്ന മികച്ച സ്കൂളിന് പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നെയ്യാറ്റിന്‍കര എസ്.എന്‍ ഓഡിറ്റോറിയം പരിസരത്തുനിന്നാരംഭിക്കുന്ന ഘോഷയാത്ര ഒരു കിലോ മീറ്ററോളം സഞ്ചരിച്ച് 4.30ന് പ്രധാനവേദിയായ ഗവ.ബോയ്സ് സ്കൂളില്‍ എത്തുന്നതോടെ ഉദ്ഘാടന സമ്മേളനം ആരംഭിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി കലോത്സവം ഉദ്ഘാടനം ചെയ്യും. ശശി തരൂര്‍ എം.പി മുഖ്യപ്രഭാഷണം നടക്കും. എം.എല്‍.എമാരായ ആര്‍.ശെല്‍വരാജ്, വി. ശിവന്‍കുട്ടി, എ.ടി. ജോര്‍ജ,് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മധു എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. 12 ഉപജില്ലകളില്‍നിന്നായി 5845 വിദ്യാര്‍ഥികളാണ് മേളയില്‍ മാറ്റുരക്കുന്നത്. മുന്‍ വര്‍ഷങ്ങളിലേത് പോലെ ഇക്കുറിയും പെണ്‍കുട്ടികളാണ് മത്സരാര്‍ഥികളില്‍ കൂടുതല്‍. 3475 പേര്‍. മേളയില്‍ പങ്കെടുക്കുന്ന ആണ്‍കുട്ടികളുടെ എണ്ണം 2371 ഉം. യു.പി വിഭാഗത്തില്‍ 288 ആണ്‍കുട്ടികളും 969 പെണ്‍കുട്ടികളുമടക്കം 1257 പേരും എച്ച്.എസ് വിഭാഗത്തില്‍ 1048 ആണ്‍കുട്ടികളും 1378 പെണ്‍കുട്ടികളുമടക്കം 2426 പേരും എച്ച്.എസ്.എസ് വിഭാഗത്തില്‍ 1035 ആണ്‍കുട്ടികളും 1127 പെണ്‍കുട്ടികളുമടക്കം 2162 ഉം വിദ്യാര്‍ഥികളാണ് പങ്കെടുക്കുക. യു.പിയില്‍ 33 ഉം എച്ച്.എസില്‍ 83 ഉം എച്ച്.എസ്.എസില്‍ 101 ഉം ഇനങ്ങളാണുള്ളത്. സംസ്കൃതോത്സവം യു.പി-എച്ച്.എസ് വിഭാഗങ്ങളില്‍ 19 വീതവും അറബിക് കലോത്സവത്തില്‍ യു.പിയില്‍ 13 ഉം എച്ച്.എസില്‍ 19 ഉം ഇനങ്ങളിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഗവ. ഗേള്‍സ് എച്ച്.എസ്.എസ്, ഗവ. ജെ.ബി.എസ്, ടൗണ്‍ എല്‍.പി.എസ്, സെന്‍റ് തെരേസാസ് കോണ്‍വന്‍റ് എച്ച്.എസ്.എസ്, മുനിസിപ്പല്‍ ടൗണ്‍ഹാല്‍ എന്നിവിടങ്ങളിലെ 13 വേദികളിലാണ് മത്സരം നടക്കുക. ആയിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന സജ്ജീകരണങ്ങളോടെയാണ് ഒന്നാം വേദി സജ്ജീകരിച്ചിരിക്കുന്നത്. ഉദ്ഘാടനസമ്മേളനത്തിന് ശേഷം വൈകിട്ട് ആറോടെ മത്സരങ്ങളാരംഭിക്കും. എച്ച്.എസ് വിഭാഗം തിരുവാതിരയോടെയാണ് ഒന്നാംവേദി ഉണരുക. വിപുലമായ ഭക്ഷണക്രമീകരണങ്ങളാണ് കലോത്സവത്തിനായി ഒരുക്കിയിരിക്കുന്നത്. 4000 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള പന്തലാണ് ഭോജനശാലക്കായി സജ്ജമാക്കിയിരിക്കുന്നത്. ഒരുക്കങ്ങളെല്ലാം അവസാന ഘട്ടത്തിലാണ്. എട്ടിന് വൈകീട്ട് 4.30ന് നടക്കുന്ന സമാപന സമ്മേളനം എ. സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്യും. ആര്‍. ശെല്‍വരാജ് എം.എല്‍.എ അധ്യക്ഷതവഹിക്കും. ഡോ.എം.ആര്‍. തമ്പാന്‍, ജമീല പ്രകാശം എന്നിവര്‍ സംബന്ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.