ആറ്റിങ്ങല്‍: വലിയകുന്ന് ഗവ. ആശുപത്രി പരിമിതികളുടെ നടുവില്‍. താലൂക്ക് ആശുപത്രിയായിട്ടും അടിസ്ഥാനസൗകര്യങ്ങള്‍ പോലും ഒരുക്കാത്തത് പ്രതിഷേധത്തിനിടയാക്കുന്നു. പ്രതിദിനം ശരാശരി 1600 ഓളം പേരാണ് ഒ.പിയിലത്തെുന്നത്. തിങ്കള്‍, ശനി ദിവസങ്ങളില്‍ ഇത് 2000 ലധികമാകും. ആവശ്യത്തിന് കിടക്ക ഇല്ലാത്തതിനാല്‍ ഒരു കിടക്കയില്‍ രണ്ടും മൂന്നും പേരെയാണ് കിടത്തി ചികിത്സിക്കുന്നത്. രോഗികള്‍ കൂടുന്നതനുസരിച്ച് വരാന്തയിലും മറ്റ് സ്ഥലങ്ങളിലും പ്രത്യേകം ബഡ് സംവിധാനം ഒരുക്കുകയാണ് പതിവ്. ഇതാകട്ടെ രോഗികള്‍ക്ക് കൂടുതല്‍ ദുരിതവും സമ്മാനിക്കുന്നു. രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകാന്‍ കാരണം ആശുപത്രിയില്‍ മികച്ച ഡോക്ടര്‍മാരുടെ സേവനമാണ്. ഇപ്പോള്‍ 21 ഡോക്ടര്‍മാരാണുള്ളത്. താലൂക്ക് ആശുപത്രിയായതോടെ ഇവിടെ പ്രസവവും എടുക്കുന്നുണ്ട്. ഒരു വര്‍ഷത്തിനകം 26 ഓളം പ്രസവമാണ് നടന്നത്. എന്നാല്‍, അമ്മയെയും കുഞ്ഞിനെയും കിടത്താന്‍ വേണ്ട സൗകര്യം ഇല്ളെന്നതാണ് ദുരിതം. ആറര ഏക്കര്‍ സ്ഥലം ആശുപത്രിക്കായി ഉണ്ടെങ്കിലും ആവശ്യത്തിന് കെട്ടിടം നിര്‍മിക്കുന്നില്ല. ഉള്ള കെട്ടിടങ്ങളാകട്ടെ ശോച്യാവസ്ഥയിലാണ്. രോഗികളും ജീവനക്കാരും ഭയപ്പാടോടെയാണ് കഴിയുന്നത്. ചെറിയ ആശുപത്രി ആയിരുന്നപ്പോഴുള്ള സൗകര്യങ്ങളിലാണ് ഇപ്പോഴും പ്രവര്‍ത്തനം. കൊല്ലത്തിനും തിരുവനന്തപുരത്തിനും ഇടയില്‍ ദേശീയപാതയോട് ചേര്‍ന്നാണ് ആശുപത്രി സ്ഥിതിചെയ്യുന്നതെന്നതും ശ്രദ്ധേയം. സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചാല്‍ ദേശീയപാതയില്‍ അപകടങ്ങളില്‍പെടുന്നവര്‍ക്ക് അടിയന്തര ശുശ്രൂഷ നല്‍കാന്‍ ഇവിടെ കഴിയും. ഡോക്ടര്‍മാരല്ലാത്ത മറ്റ് ജീവനക്കാരുടെ കുറവും പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയാണ്. രോഗികളുടെ അനുപാതത്തിന് നഴ്സുമാരോ അറ്റന്‍ഡര്‍മാരോ ഇല്ല. ശുചീകരണ ജീവനക്കാരുടെ ഒഴിവും നികത്തിയിട്ടില്ല. കൂടാതെ 76 സ്റ്റാഫുള്ള ആശുപത്രിയില്‍ രണ്ട് ക്ളര്‍ക്കുമാര്‍ മാത്രമാണുള്ളത്. അത്യാവശ്യഘട്ടത്തില്‍ ഉപയോഗിക്കന്‍ ആംബുലന്‍സ് സൗകര്യവുമില്ല. ഫാര്‍മസിയുടെ കാര്യമാണ് പരമദയനീയം. മരുന്നുകള്‍ സൂക്ഷിക്കാന്‍ സൗകര്യമില്ളെന്നതുകൂടാതെ കെട്ടിടത്തിനുമുകളില്‍ മരപ്പട്ടികള്‍ താവളമടിച്ചിരിക്കുകയുമാണ്. ലാബ് സൗകര്യം ആശുപത്രിയില്‍ ഉണ്ടെങ്കിലും ജീവനക്കാരുടെ അഭാവം കാരണം ഇതിന്‍െറ പ്രവര്‍ത്തനം താളംതെറ്റുകയാണ്. ഡെങ്കി ഉള്‍പ്പെടെയുള്ള പനികള്‍ ബാധിച്ച് എത്തുന്നവര്‍ക്ക് അടിക്കടി പ്ളേറ്റ് ലറ്റ് കൗണ്ട് പരിശോധിക്കേണ്ടതുണ്ട്. ഇതിന് പുറത്തെ ലാബുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.