ഓപറേഷന്‍ അനന്ത : ഒന്നാംഘട്ട പൂര്‍ത്തീകരണ പ്രഖ്യാപനം 24ന്

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ആരംഭിച്ച ‘ഓപറേഷന്‍അനന്ത’യുടെ ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണം 24ന് പ്രഖ്യാപിക്കും. നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ 30 കിലോമീറ്ററോളം ദൂരത്തില്‍ ഓട പുനര്‍നിര്‍മിച്ചു. മഴക്കാലത്ത് ഏതാണ്ട് 1.20 ലക്ഷം ക്യുബിക് മീറ്റര്‍ വെള്ളം ഇതുവഴി ഒഴുകിപ്പോകുമെന്നാണ് കണക്കാക്കുന്നതെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അറിയിച്ചു. 2.5 മീറ്ററോളം വീതിയില്‍ ഒരുമീറ്റര്‍ ആഴത്തിലാണ് ഓട പുനര്‍നിര്‍മാണം നടത്തിയിരിക്കുന്നത്. ഇതുവരെ 30 കോടിയോളം രൂപ ചെലവ് വന്നിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന്‍െറ ദുരന്തനിവാരണ അതോറിറ്റി ഫണ്ടില്‍നിന്നാണ് തുക ചെലവിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതര സംസ്ഥാനത്തേക്കും കേരളത്തിലെ മറ്റു ജില്ലകളിലേക്കും ഓപറേഷന്‍ അനന്ത വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് സംഘടിപ്പിച്ച ശില്‍പശാലക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി. 2015 മേയിലാണ് ഓപറേഷന്‍ അനന്തക്ക് ചീഫ് സെക്രട്ടറി ജിജി തോംസണിന്‍െറ നേതൃത്വത്തില്‍ തുടക്കമിട്ടത്. ഒരുമാസംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പദ്ധതി 10 മാസത്തോളം നീണ്ടു. ചില സ്ഥലങ്ങളില്‍ നിര്‍മാണങ്ങള്‍ അവസാനഘട്ടത്തിലാണ്. അടഞ്ഞഓടകള്‍ക്ക് പുറമെ ക്രമാതീതമായ കൈയേറ്റങ്ങളുമുണ്ടായതാണ് പദ്ധതി നീളാന്‍ കാരണമായത്. സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നതോടെ ഒട്ടേറെ ആക്ഷേപങ്ങളും ഉണ്ടായി. അതിനാല്‍ ഒന്നാംഘട്ടത്തില്‍ ചെയ്യാന്‍ കഴിയാതെ വന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ രണ്ടാംഘട്ട പദ്ധതിക്ക് തുടക്കമിട്ടു. രണ്ടാംഘട്ടം ഏത് തരത്തില്‍ നടപ്പാക്കണമെന്നത് സംബന്ധിച്ച് പിന്നീട് സര്‍ക്കാര്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെങ്കല്‍ച്ചൂളവഴി വരുന്ന ഓട മനോരമ, മംഗളം, ദേശാഭിമാനി വഴികടന്ന് മോസ്ക് ലൈന്‍, കോഫീ ഹൗസ്, റെയില്‍വേയുടെ അടിഭാഗം കടന്ന് സെന്‍ട്രല്‍ തിയറ്റര്‍ വഴികടന്നുപോകും. രണ്ടാമത്തേത് കരിമഠം, ആര്യശാല വഴിയും മൂന്നാമത്തേത് ചാല, എരുമക്കുഴി, അട്ടക്കുളങ്ങര, തമിഴ്സ്കൂള്‍ വഴിയും കടന്നുപോകും. നാലമത്തേത് സുബ്രഹ്മണ്യംക്ഷേത്രം, അഭേദാനന്ദാശ്രമം, ലൂസിയ ഹോട്ടല്‍ വഴി തെക്കനംകര കനാലിലേക്കുമാണ് നിര്‍മിച്ചിരിക്കുന്നത്. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ നിയമനടപടികളും അഭിമുഖീകരിക്കേണ്ടിവന്നു. ശ്രീകുമാര്‍ തിയറ്ററിന് സമീപത്തെ കൈയേറ്റം ഒഴിപ്പിക്കേണ്ടിവന്നതും രാജധാനി ബില്‍ഡിങ് പൊളിക്കുന്നത് സംബന്ധിച്ചും നിയമനടപടികള്‍ തുടരുകയാണ്. അതുപോലെ റെയില്‍വേയുടെ 160 മീറ്ററോളം ദൂരം ഓട ഇനിയും വൃത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇവിടെനിന്ന് നീക്കംചെയ്യുന്ന മാലിന്യം കൊണ്ടിടുന്നത് സംബന്ധിച്ച് പ്രതിഷേധമുയര്‍ന്നതിനാലാണ് പ്രവൃത്തിക്ക് തടസ്സം. ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയതിന്‍െറ ഫലം പൂര്‍ണ അര്‍ഥത്തില്‍ ലഭിക്കണമെങ്കില്‍ വേളിയില്‍ അടിയന്തരമായി പുലിമുട്ട് നിര്‍മാണം നടത്തണം. അതിനുള്ള നടപടി സര്‍ക്കാര്‍ വേഗം കൈക്കൊള്ളണമെന്നും അതല്ളെങ്കില്‍ വേലിയേറ്റ സമയങ്ങളില്‍ കടല്‍വെള്ളം ഈ വൃത്തിയാക്കിയ ഓടകള്‍ വഴി തിരിച്ചുകയറാന്‍ സാധ്യതയുണ്ടെന്നും ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.