ഇരവിപുരം: ഫിഷ് ലാന്‍ഡിങ് സെന്‍ററോ ലേല ഹാളോ ഇല്ലാത്തതിനാല്‍ ഇരവിപുരം കാക്കതോപ്പ് മുതല്‍ മയ്യനാട് മുക്കം വരെയുള്ള മത്സ്യത്തൊഴിലാളികള്‍ വലയുന്നു. കായലിലും കടലിലും മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളാണ് ദുരിതത്തിലായത്. പൊതുലേല ഹാള്‍ ഇല്ലാത്തതിനാല്‍ പരമ്പരാഗത തൊഴിലാളികള്‍ കൊണ്ടുവരുന്ന മത്സ്യം വില്‍ക്കാന്‍ സ്ഥിരമായ ഒരു കേന്ദ്രമില്ല. ഫിഷ് ലാന്‍ഡിങ് സെന്‍റര്‍ ഇല്ലാത്തതിനാല്‍ ഇരവിപുരത്ത് കടലില്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ പല സ്ഥലങ്ങളില്‍ കട്ടമരം അടുപ്പിച്ചാണ് വില്‍പന നടത്തുന്നത്. താന്നി മുതല്‍ മുക്കം വരെ കായലില്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ താന്നി ഉള്‍പ്പെടെ പല കടവുകളിലായാണ് മത്സ്യവില്‍പന നടത്തുന്നത്. ഇതു പലപ്പോഴും വിലകുറച്ച് ലഭിക്കാന്‍ ഇടയാക്കുന്നതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഇരവിപുരം ഗാര്‍ഫില്‍ നഗറില്‍ മുമ്പ് ഒരു ഫിഷ് ലാന്‍ഡിങ് സെന്‍റര്‍ നിലവിലുണ്ടായിരുന്നതായി പറയുന്നു. ഒരു പതിറ്റാണ്ട് മുമ്പുണ്ടായ കടലാക്രമണത്തില്‍പ്പെട്ട് ഇതു തകരുകയായിരുന്നു. ഇരവിപുരത്ത് ഫിഷ് ലാന്‍ഡിങ് സെന്‍റര്‍ സ്ഥാപിക്കുമെന്ന് കോര്‍പറേഷന്‍ പലതവണ പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും ഒന്നും നടന്നില്ല. കായലില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ക്ക് മയ്യനാട് പഞ്ചായത്ത് മുന്‍കൈയെടുത്ത് മുക്കം ഭാഗത്തോ താന്നിയിലോ കായല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ലേല ഹാള്‍ നിര്‍മിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. താന്നിയിലും മുക്കത്തും ഇതിന് സ്ഥലം നിലവിലുള്ളതായും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. മുക്കത്ത് പൊഴിയടച്ച ഭാഗത്ത് ലേലഹാളും ഫിഷ് ലാന്‍ഡിങ് സെന്‍ററും നിര്‍മിക്കണമെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഫിഷറീസ് അധികൃതര്‍ക്ക് നല്‍കിയിരിക്കുന്ന നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.