കുടുംബശ്രീ അംഗങ്ങള്‍ ആരോഗ്യ ഇന്‍ഷുറന്‍സിന് നല്‍കിയ പണം മടക്കിനല്‍കിയില്ല

പേയാട്: വിളപ്പില്‍ പഞ്ചായത്തിലെ മുന്നൂറോളം കുടുംബശ്രീ യൂനിറ്റുകളില്‍ നിന്ന് ആയിരത്തില്‍പരം അംഗങ്ങള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷക്ക് നല്‍കിയ പണം മടക്കി നല്‍കിയില്ളെന്ന് പരാതി. 2007ല്‍ ഓരോ കുടുംബശ്രീ അംഗവും 33 രൂപ വീതം നല്‍കിയാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്നത്. സ്വകാര്യ ബാങ്കിന്‍െറ ഉടമസ്ഥതയിലുള്ള ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്ന് കുടുംബശ്രീ അംഗങ്ങളുടെ കുടുംബ ആരോഗ്യ സുരക്ഷയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍, ഇന്‍ഷുറന്‍സ് കമ്പനിയുമായി സര്‍ക്കാറുണ്ടാക്കിയ വ്യവസ്ഥകളും ധാരണകളും തുടക്കത്തിലേ പാളി. അതോടെ പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറി. പദ്ധതി പൊളിഞ്ഞതോടെ കുടുംബശ്രീ അംഗങ്ങളില്‍നിന്ന് പിരിച്ചെടുത്ത തുക അതത് അംഗങ്ങള്‍ക്ക് മടക്കി നല്‍കുമെന്ന് പറഞ്ഞിരുന്നു. ഇതുപ്രകാരം പഞ്ചായത്തുകള്‍ക്ക് 2008ല്‍ത്തന്നെ പണം തിരികെ നല്‍കി. എന്നാല്‍, ഒമ്പതുവര്‍ഷം പിന്നിട്ടിട്ടും വിളപ്പില്‍ പഞ്ചായത്ത് പണം മടക്കി നല്‍കിയിട്ടില്ല.പേയാട് എസ്.ബി.ടിയിലെ വിളപ്പില്‍ പഞ്ചായത്ത് അക്കൗണ്ടില്‍ ഈ പണം സ്ഥിരം നിക്ഷേപമെന്നോണം കിടക്കുന്നതായാണ് സൂചന. കുടുംബശ്രീ അംഗങ്ങളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് ഗുണഭോക്തൃ വിഹിതം ശേഖരിച്ച മറ്റ് പല പഞ്ചായത്തുകളും പദ്ധതി മുടങ്ങിയതോടെ പണം മടക്കി നല്‍കിയിരുന്നു. വിളപ്പിലില്‍ പണം തിരിച്ചു ചോദിച്ചവരോട് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടില്ളെന്ന ന്യായമാണ് പറയുന്നത്. നിത്യവൃത്തിക്കുപോലും ഗതിയില്ലാത്ത പാവങ്ങള്‍ അസുഖം വന്നാല്‍ സൗജന്യ ചികിത്സ കിട്ടുമെന്ന് കരുതിയാണ് ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് പണം നല്‍കിയത്. സര്‍ക്കാറിന്‍െറ ആരോഗ്യ ചികിത്സാ കാര്‍ഡിനുപുറമെ ഇന്‍ഷുറന്‍സ് കാര്‍ഡുകൂടി ഉണ്ടെങ്കില്‍ വലിയ പ്രയോജനം കിട്ടുമെന്നും അവര്‍ കരുതി. ഇപ്പോള്‍ ഇന്‍ഷുറന്‍സുമില്ല, മുടക്കിയ പണവുമില്ല എന്ന സ്ഥിതിയിലാണ് കുടുംബശ്രീ അംഗങ്ങള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.