പന്നിക്കൂട്ടവും വാനരസേനയും കാടിറങ്ങുന്നു

കിളിമാനൂര്‍: കാടുവിട്ട് നാട്ടിലിറങ്ങുന്ന പന്നിക്കൂട്ടവും വാനരന്മാരും നടത്തുന്ന അതിക്രമങ്ങളില്‍ ജനം പൊറുതിമുട്ടുന്നു. കിളിമാനൂര്‍ മേഖലയിലെ ചെമ്പകശ്ശേരി, തട്ടത്തുമല, വയ്യാറ്റിന്‍കട, അടയമണ്‍, കുമ്മിള്‍, സംബ്രമം, ചാരുപാറ, ചാവേറ്റിക്കാട് ഗ്രാമവാസികളും കര്‍ഷകരുമാണ് കാട്ടുമൃഗശല്യത്തില്‍ പൊറുതിമുട്ടി കഴിയുന്നത്. രാത്രിയാകുന്നതോടെ പ്രദേശങ്ങളെല്ലാം പന്നിക്കൂട്ടങ്ങളുടെ വിഹാരകേന്ദ്രങ്ങളാണ്. നേരം പുലര്‍ന്നാലും പിന്‍വാങ്ങാന്‍ ഇവ തയാറാകുന്നില്ല. ചെമ്പകശ്ശേരിയില്‍ റബര്‍തോട്ടത്തില്‍ ജോലിക്കിടെ തൊഴിലാളിയെ പന്നിക്കൂട്ടം ആക്രമിച്ചു. പ്ളാവിളവീട്ടില്‍ ബാബുവാണ് (65) കഴിഞ്ഞദിവസം രാവിലെ ആറുമണിക്ക് ആക്രമിക്കപ്പെട്ടത്. പന്നികളുടെ കുത്തേറ്റ് മുഖവും ദേഹവുമടക്കം പരിക്കേറ്റ് നിലവിളിച്ച ബാബുവിനെ ഓടിക്കൂടിയ പരിസരവാസികളാണ് രക്ഷപ്പെടുത്തിയത്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് ഇത് മൂന്നാംതവണയാണ് പന്നിക്കൂട്ടങ്ങളുടെ അതിക്രമം. വന്യജീവികളുടെ ആക്രമണം ഭയന്ന് രാത്രി പുറത്തിറങ്ങാന്‍പോലും നാട്ടുകാര്‍ ഭയപ്പെടുകയാണ്. നിയമപ്രശ്നങ്ങള്‍ കാരണം ഇവയെ ഓടിച്ചുവിടാന്‍ പോലും നാട്ടുകാര്‍ ഭയക്കുകയാണ്. ചേന, കപ്പ, കാച്ചില്‍, ചേമ്പ് തുടങ്ങിയ വിളകളാണ് ഇവ നശിപ്പിക്കുന്നത്. റബര്‍ മരങ്ങളുടെ അടിഭാഗം തേറ്റകൊണ്ട് തുരക്കുന്നതിനാല്‍ മരങ്ങളില്‍നിന്ന് വേണ്ടത്ര പാല്‍ ലഭിക്കാത്ത അവസ്ഥയാണ്. അതേസമയം പന്നികളുടെ അക്രമമാണെങ്കില്‍ മറുഭാഗത്ത് കൂട്ടമായത്തെുന്ന കുരങ്ങന്മാരാണ് വില്ലന്മാര്‍. ചാരുപാറ, ചാവേറ്റിക്കാട് തുടങ്ങിയ പ്രദേശങ്ങളിലാണ് വാനരസേനയുടെ അതിക്രമം ഏറ്റവും കൂടുതല്‍. കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നതിന് പുറമെ പല വീടുകളുടെയും അടുക്കളയില്‍ കടന്ന് ആഹാരസാധനങ്ങള്‍ എടുത്തുകൊണ്ട് പോകുന്നതും പതിവാണ്. ആറാനിട്ട വസ്ത്രങ്ങള്‍ കടിച്ച് നശിപ്പിക്കുന്നതും കുട്ടികളെ ആക്രമിക്കുന്നതും ഇവക്ക് ഹരമാണ്. പ്രശ്നത്തില്‍ വനംവകുപ്പ് അധികൃതരോട് പരാതി പറഞ്ഞ് മടുത്തിരിക്കുകയാണ് പ്രദേശവാസികള്‍. വന്യമൃഗശല്യം കാരണം താമസം മാറാന്‍വരെ നാട്ടുകാരില്‍ ചിലര്‍ ശ്രമിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.