ഈ ചരമ വാര്‍ഷികത്തിലും ഫക്കീര്‍ജിക്ക് അവഗണന തന്നെ

ബാലരാമപുരം:11ാം ചരമ വാര്‍ഷികം പിന്നിടുമ്പോഴും ബാലരാമപുരത്തിന്‍െറ ചരിത്രപുരുഷന് അവഗണന തന്നെ. സ്വാതന്ത്ര്യസമര സേനാനിയും മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുമായ ഫക്കീര്‍ജി എന്ന് നാട്ടുകാര്‍ സ്നേഹത്തോടെ വിളിക്കുന്ന ഫക്കീര്‍ഖാന്‍െറ 11ാമത് ചരമവാര്‍ഷികമാണ് ഇന്ന്. തിരുവിതാംകൂറില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരണത്തിന് മുന്‍കൈയെടുത്ത നേതാവ് കൂടിയാണ് ഫക്കീര്‍ഖാന്‍. ബാലരാമപുരം ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് അദ്ദേഹത്തിന്‍െറ പേര് നല്‍കണമെന്ന നാട്ടുകാരുടെ ആവശ്യംപോലും നടപ്പാക്കാന്‍ തുടര്‍ന്നുവന്ന പഞ്ചായത്ത് ഭരണസമിതികള്‍ക്ക് കഴിഞ്ഞിട്ടില്ല. ബാലരാമപുരത്ത് 1915ലാണ് ഫക്കീര്‍ഖാന്‍െറ ജനനം. പി. കൃഷ്ണപിള്ളയാണ് ഫക്കീര്‍ഖാന് പാര്‍ട്ടി മെംബര്‍ഷിപ് നല്‍കിയത്. പില്‍ക്കാലത്ത് സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്ത് നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. ബാലരാമപുരം പഞ്ചായത്ത് രൂപവത്കരണം മുതല്‍ 18 വര്‍ഷം പ്രസിഡന്‍റായിരുന്നു. ടിവാന്‍ഡ്രം സ്പിന്നിങ് മില്‍ ചെയര്‍മാന്‍, നെയ്യാറ്റിന്‍കര താലൂക്ക് കൈത്തറി തൊഴിലാളി യൂനിയന്‍ പ്രസിഡന്‍റ്, ബാലരാമപുരം സര്‍വിസ് സഹകരണബാങ്ക് പ്രസിഡന്‍റ്, ബാലരാമപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പി.ടി.എ പ്രസിഡന്‍റ്, ചിത്തിര തിരുനാള്‍ സ്മാരക ഗ്രന്ഥശാലാ പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1980ല്‍ കെ. കരുണാകരന്‍ നേമം മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥിയായിരുന്നു ഫക്കീര്‍ഖാന്‍. സ്വന്തം 46 സെന്‍റ് സ്ഥലം സര്‍ക്കാറിന് സംഭാവന നല്‍കിയാണ് ബാലരാമപുരത്ത ഗവണ്‍മെന്‍റ് ഹൈസ്കൂള്‍ എന്ന സ്വപ്നം സക്ഷാത്കരിച്ചത്. ബാലരാമപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ ഫക്കീര്‍ജി സ്മാരക ഹയര്‍ സെക്കന്‍ഡറി സ്കൂളാക്കി മാറ്റുകയെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാനും അദ്ദേഹത്തിന് ഉചിതമായ സ്മാരകം ഒരുക്കി ആദരിക്കാനും നിരവധി തവണ പഞ്ചായത്ത് ഭരിച്ച ഭരണസമിതികള്‍ക്ക് കഴിയാത്തത് പുതുതലമുറ ഫക്കീര്‍ജിയെ അറിയാതെ പോകുന്നതിനിടായാക്കുമെന്ന് നാട്ടുകാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.