വന്യജീവികള്‍ക്ക് ഭീഷണിയായി മാലിന്യക്കാട്

വെഞ്ഞാറമൂട്: വന്യജീവികള്‍ക്ക് ഭീഷണിയായി വനത്തിനുള്ളിലെ മാലിന്യ നിക്ഷേപം. ജൈവ മാലിന്യം കൂടാതെ, പ്ളാസ്റ്റിക്, മെഡിക്കല്‍സ്റ്റോര്‍ മാലിന്യവും മുടിയുമെല്ലാം വനത്തില്‍ നിക്ഷേപിക്കുന്നു. പാലോട് ഫോറസ്റ്റ് റെയ്ഞ്ചില്‍ വരുന്ന കൊച്ചാലുംമൂട്, സുമതിയെകൊന്ന വളവ്, പാണ്ടിയാംപാറ, പാണയം, മൈലമൂട് തുടങ്ങി ഇരുപതോളം പ്രദേശങ്ങള്‍ സ്ഥിരംമാലിന്യ നിക്ഷേപ കേന്ദ്രങ്ങളാണ്. വനപാലകരുടെയും വാച്ചര്‍മാരുടേയും കണ്ണുവെട്ടിച്ചാണ് മാലിന്യം തള്ളുന്നത്. പ്ളാസ്റ്റിക്കും മുടിയും മരുന്നുമെല്ലാം കാട്ടുപന്നി, കുറുക്കന്‍, കുരങ്ങ് എന്നിവയും പലതരം പക്ഷികളും തിന്നുന്നു. ഇത് വന്യജീവികളുടെ അകാല ജീവനാശത്തിനും പലതരം അസുഖങ്ങള്‍ക്കും ഇടയാക്കും. റോഡരികില്‍ തള്ളുന്ന മാലിന്യം ഭക്ഷിക്കാന്‍ തെരുവുനായ്ക്കള്‍ കൂട്ടമായി എത്തുന്നതും ഇവ വനത്തില്‍ തമ്പടിക്കുന്നതും പന്നി അടക്കമുള്ള ജീവികളുടെ ആവാസ വ്യവസ്ഥയെ ബാധിക്കുന്നു. നായ്ക്കള്‍ തുരത്തുന്നതോടെ ഇവ കൂട്ടമായി നാട്ടില്‍ ഇറങ്ങും. ഗ്രാമീണ പുഴകളില്‍ ഭൂരിഭാഗവും വനത്തില്‍നിന്നാണ് ഉദ്ഭവിക്കുന്നത്. മാലിന്യ നിക്ഷേപം പുഴകളെയും മലിനമാക്കുന്നുണ്ട്. വിവാഹങ്ങള്‍ക്ക് ആഹാരം വിളമ്പുന്ന പ്ളാസ്റ്റിക് പാത്രം, ഗ്ളാസ്, മദ്യക്കുപ്പികള്‍, ഹോട്ടല്‍,ബേക്കറി തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള പ്ളാസ്റ്റിക് വസ്തുക്കള്‍ എന്നിവയും ഇതില്‍ പെടും.റോഡരികില്‍ വരുന്ന വനപ്രദേശത്താണ് കൂടുതലും മാലിന്യം ഇടുന്നത്. ചാക്കിലും അല്ലാതെയും കൊണ്ടുവരുന്ന വസ്തുക്കളില്‍ പറ്റിയിരിക്കുന്ന ആഹാര അവശിഷ്ടങ്ങള്‍ക്കൊപ്പമാണ് പ്ളാസ്റ്റിക് മൃഗത്തിന്‍െറ ഉള്ളിലത്തെുന്നത്. ഇതുവരെ വനത്തില്‍ നിക്ഷേപിച്ചിട്ടുള്ള മാലിന്യം വനം വകുപ്പ് ഇടപെട്ട് നീക്കംചെയ്യുകയും വീണ്ടും നിക്ഷേപം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തില്ളെങ്കില്‍ വന്യജീവികളുടേയും വന സമ്പത്തിന്‍െറയും ഭാവി അവതാളത്തിലാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.