മാലിന്യ സംസ്കരണം നിലച്ചു; പ്ളാന്‍റ് ഡമ്പിങ് യാര്‍ഡായി

വര്‍ക്കല: നഗരസഭയിലെ കണ്വാശ്രമം, മന്നാനിയ്യ നിവാസികളുടെ ദൈനംദിന ജീവിതം ദുരിതത്തില്‍. ഈച്ചയും കൊതുകും പ്രദേശമാകെ വ്യാപിച്ചു. രൂക്ഷമായ ദുര്‍ഗന്ധത്തിന്‍െറ പിടിയിലമര്‍ന്ന നാട്ടുകാര്‍ പൊറുതിമുട്ടി കഴിയുകയാണിപ്പോള്‍. നഗരസഭയുടെ മാലിന്യ സംസ്കരണ പ്ളാന്‍റാണ് ഒരു ഗ്രാമത്തിന്‍െറ സൈ്വര ജീവിതത്തെ അപ്പാടെ തകര്‍ക്കുന്നത്. അഞ്ചരവര്‍ഷം മുമ്പ് ഏറെ കൊട്ടി ഘോഷിച്ചാണ് പ്ളാന്‍റ് ഉദ്ഘാടനം ചെയ്തത്. അടുത്ത കാലം വരെയും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ പ്ളാന്‍റ് അനാഥമായനിലയിലാണ്. വര്‍ക്കല നഗരത്തില്‍നിന്ന് എല്ലാ ദിവസവും മാലിന്യനീക്കം മുറപോലെ നടക്കുന്നുണ്ട്. ഒരു ദിവസം നാലും അഞ്ചും ലോറി മാലിന്യങ്ങളാണ് നഗരത്തില്‍നിന്ന് ഇവിടെയത്തെുന്നത്. മാലിന്യം തരംതിരിച്ച് മാറ്റിയശേഷം ദ്രവ- ജൈവ മാലിന്യം വെവ്വേറെ തരം തിരിച്ച് ചാക്കുകളിലാക്കി മാറ്റിയ ശേഷം റീസൈക്ളിങ് യൂനിറ്റുകള്‍ക്ക് കൈമാറുമെന്നുമായിരുന്നു വ്യവസ്ഥ. അതും പാലിക്കപ്പെട്ടില്ല. പ്ളാന്‍റ് സ്ഥാപിക്കുന്നതിന്‍െറയും മാലിന്യ സംസ്കരണം നിര്‍വഹിക്കുന്നതിന്‍െറയും ചുമതല കാസര്‍കോട് സോഷ്യല്‍ സര്‍വിസ് സൊസൈറ്റിക്കായിരുന്നു. സംസ്ഥാന സര്‍ക്കാറില്‍നിന്ന് എം.എല്‍.എ ലഭ്യമാക്കിയ അഞ്ചുലക്ഷം രൂപയും പിന്നെയും പല ലക്ഷങ്ങളും ചെലവിട്ടാണ് പ്ളാന്‍റ് ഭാഗികമായി പൂര്‍ത്തീകരിച്ചത്. മാലിന്യ സംസ്കരണത്തിനായി നിര്‍വഹിക്കുന്നതിന് അഞ്ചുവര്‍ഷത്തേക്ക് കരാറുമുണ്ടായിരുന്നു. പ്രതിമാസം 95000 രൂപ നഗരസഭ ഈയിനത്തില്‍ കാസര്‍കോട് സോഷ്യല്‍ സര്‍വിസ് സൊസൈറ്റിക്ക് നല്‍കിയിരുന്നു. കരാര്‍ കാലാവധി കഴിഞ്ഞതോടെ അവര്‍ സ്ഥലം കാലിയാക്കി. പ്ളാന്‍റ് പ്രവര്‍ത്തിച്ചിരുന്ന കാലത്തും നാട്ടുകാര്‍ കൃമികീടങ്ങളുടെയും ദുര്‍ഗന്ധത്തിന്‍െറയും ഇരകളായിരുന്നുവെങ്കിലും ഇപ്പോള്‍ അതൊക്കെ പതിന്മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. മാലിന്യം കൊത്തിവലിച്ച് പറക്കുന്ന പക്ഷികളും തെരുവുനായ്ക്കളും നാട്ടുകാര്‍ക്ക് ഭീഷണിയാണ്. ഈച്ചയും കൊതുകും പരത്തുന്ന രോഗങ്ങള്‍ വേറെയും. ശ്വാസംമുട്ട്, ഛര്‍ദി, വയറിളക്കം, അലര്‍ജി, മാനസികാസ്വാസ്ഥ്യം എന്നിവയുടെ പിടിയിലമര്‍ന്ന് നാട്ടുകാര്‍. പക്ഷേ, പുതിയ ഭരണനേതൃത്വത്തിന് ഈ വിഷയത്തില്‍ തീരെ താല്‍പര്യവുമില്ല. ഓരോ ദിവസവും ലോറികളിലത്തെിക്കുന്ന മാലിന്യം ഷെഡിനുള്ളില്‍ കുന്നോളമെന്നപോലെ കൂട്ടിയിട്ടിരിക്കുകയാണ്.മൂന്നു മാസത്തിലൊരിക്കല്‍ നഗരസഭ എക്സ്കവേറ്റര്‍ ഉപയോഗിച്ച് വലിയ കുഴിയെടുത്ത് കുറേ മാലിന്യം മണ്ണിട്ടുമൂടും. അവശേഷിക്കുന്ന കൂനക്ക് മുകളില്‍ വീണ്ടും മാലിന്യം കുന്നുകൂടും. കുഴിച്ചിടത്തുതന്നെ വീണ്ടും കുഴിയെടുത്ത് മൂടും. ഈ മാലിന്യം ചീഞ്ഞളിഞ്ഞ് മണ്ണില്‍ ചേരുകയും സമീപത്തെ കിണറുകള്‍ ഉള്‍പ്പെടെ കുടിവെള്ള സ്രോതസ്സുകളെല്ലാം മലിനമാകുകയും ചെയ്തു.ഏതായും ഗതിമുട്ടിയ നാട്ടുകാര്‍ കൗണ്‍സിലറെയും കൂട്ടി നഗരസഭാ ഓഫിസ് ഉപരോധം ഉള്‍പ്പെടെയുള്ള സമരത്തിലേക്കിറങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണിപ്പോള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.