ഹോട്ടലിലെ ഫര്‍ണിച്ചറും കണ്ണാടിയും തകര്‍ത്തനിലയില്‍

ബാലരാമപുരം: ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരെ ആക്രമിച്ച് കസേരകളും മേശകളും കണ്ണാടിച്ചില്ലുകളും തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ രണ്ടുപേരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയുടെയും ഹോട്ടല്‍ റസ്റ്റാറന്‍റ് അസോസിയേഷനും ഹര്‍ത്താല്‍ ആചരിച്ചു. തിങ്കളാഴ്ച രാത്രി 11.30ന് ബാലരാമപുരം നെയ്യാറ്റിന്‍കര റോഡിലെ എസ്.പി.ആര്‍ ഹോട്ടലിലായിരുന്നു സംഭവം. തിരക്കുണ്ടായിരുന്ന സമയത്താണ് സിനിമാ സ്റ്റൈലില്‍ ഹോട്ടലില്‍ ഇരുവിഭാഗവും തമ്മില്‍ തുറിച്ചുനോക്കി എന്ന വിഷയത്തെ ചൊല്ലി തര്‍ക്കവും ആക്രമണവും നടന്നത്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവര്‍ തമ്മില്‍ തുറിച്ചു നോക്കിയെന്ന കാരണം പറഞ്ഞായിരുന്നു വാക്കേറ്റം തുടങ്ങിയത്. സംഘമായത്തെിയവര്‍ പെരിങ്ങമ്മല സ്വദേശികളെ മര്‍ദിച്ചതായാണ് പൊലീസില്‍ പരാതി നല്‍കിയത്. നിരവധി കസേരകളും മേശകളും അക്രമികള്‍ തകര്‍ത്തു. ചുവരിലെ കണ്ണാടിയും എറിഞ്ഞുടച്ചു. പാകം ചെയ്ത ഇറച്ചിയും കറികളും ഭക്ഷണ പദാര്‍ഥങ്ങളും വില്‍പന നടത്താന്‍ കഴിയാത്തതും ഫര്‍ണിച്ചര്‍ തകര്‍ത്തതും വലിയ നഷ്ടമുണ്ടാക്കിയതായി ഉടമ രാജാറാം പറഞ്ഞു. ആക്രമണത്തില്‍ തലക്ക് പരിക്കേറ്റ വെങ്ങാനൂര്‍ ചാവടിനട ദര്‍ശനയില്‍ എസ്. സുജിത് (29), പെരിങ്ങമ്മല പുല്ലാനിമുക്ക് സ്വദേശി യു. നിദേഷ് (28) എന്നിവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വഴിമുക്ക് സ്വദേശികളായ നിയാസ് (28), ഫിറോസ് (27) അബ്ദുല്‍ ഹമീദ് (27) എന്നിവരെ ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേര്‍ ഒളിവിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.