ബാലരാമപുരത്ത് അംഗന്‍വാടികളുടെ പ്രവര്‍ത്തനം പരിതാപകരം

ബാലരാമപുരം: പഞ്ചായത്തിലെ അംഗന്‍വാടികളുടെ പ്രവര്‍ത്തനം ഏറെ പരിതാപകരം. പരാതികള്‍ ഉയരുമ്പോഴും തുടര്‍നടപടികള്‍ സ്വീകരിക്കാതെ അവഗണിക്കുകയാണ് അധികൃതരും. പഞ്ചായത്ത് പ്രദേശത്തെ 39 അംഗന്‍വാടികള്‍ പ്രവര്‍ത്തിക്കുന്നതില്‍ 13 എണ്ണം മാത്രമാണ് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. 26 എണ്ണം വാടകക്കെട്ടിടത്തിലാണ്. ഇവയാകട്ടെ അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുകയാണ്. കാലിത്തൊഴുത്തിനെക്കാള്‍ ശോച്യാവസ്ഥയിലാണിവ. ഇടത്തരം കുടുംബങ്ങളിലെ നൂറുകണക്കിന് കുരുന്നുകളാണ് അംഗന്‍വാടികളെ ആശ്രയിക്കുന്നത്. സ്ഥലം നല്‍കിയാല്‍ കെട്ടിടത്തിന് ഫണ്ട് അനുവദിക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും ഇത് വെറുംവാക്കാണെന്നാണ് നാട്ടുകാരുടെ അനുഭവം. പഞ്ചായത്തിന്‍െറ വിവിധ പ്രദേശങ്ങളില്‍ ധാരാളം പുറമ്പോക്ക് ഭൂമികളുണ്ടെങ്കിലും ഇവ അംഗന്‍വാടികള്‍ക്ക് നല്‍കുന്നതില്‍ അധികൃതര്‍ വിമുഖത കാണിക്കുന്നതായും ആക്ഷേപമുണ്ട്. ദുരിതപൂര്‍ണമായി പ്രവര്‍ത്തിക്കുന്നതിനാല്‍ കുട്ടികളെ അയക്കാന്‍ രക്ഷാകര്‍ത്താക്കള്‍ക്ക് താല്‍പര്യം കുറഞ്ഞു. ഇതോടെ അംഗന്‍വാടികളില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് കുട്ടികള്‍ കുറവാണ്. വൈദ്യുതി ബന്ധമില്ലാത്തതിനാല്‍ ഫാനില്ല. കുട്ടികളാകട്ടെ ചൂടിന്‍െറ കാഠിന്യത്തില്‍ ഉരുകുന്നു. നിരവധി പദ്ധതികള്‍ക്ക് ലക്ഷങ്ങളുടെ ഫണ്ടുകള്‍ വിനിയോഗിക്കുമ്പോഴും അംഗന്‍വാടികള്‍ അവഗണനയുടെ പട്ടികയിലാണ്. കുട്ടികള്‍ക്കുള്ള പോഷകാഹാരവിതരണവും പല അംഗന്‍വാടികളിലും വേണ്ടതരത്തില്‍ നടക്കുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.