നീലത്തടാകം മാലിന്യത്തില്‍ നശിക്കുന്നു; അധികൃതര്‍ക്ക് മൗനം

വര്‍ക്കല: ലോകപ്രസിദ്ധ വിനോദസഞ്ചാരകേന്ദ്രമായ പാപനാശം തീരത്തെ മനോഹരമായ നീലത്തടാകം മാലിന്യങ്ങളാല്‍ നശിക്കുന്നു. നശീകരണ പ്രവര്‍ത്തനങ്ങളില്‍ പ്രദേശവാസികള്‍തന്നെയാണ് മുന്നില്‍. എന്നാല്‍, മാലിന്യനിക്ഷേപം നിരോധിച്ച് നീലത്തടാകത്തെയും ചെറുതോടുകളെയും സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട നഗരസഭാ നേതൃത്വം നടപടികളൊന്നും കൈക്കൊള്ളുന്നുമില്ല. തീര്‍ഥാടകര്‍, വിനോദസഞ്ചാരികള്‍ എന്നിവര്‍ക്കുമെല്ലാം മനോഹര കാഴ്ചാനുഭൂതി പകരുന്നതാണ് ഈ ചെറുതടാകം. വര്‍ക്കലയിലെ ചരിത്രപരവും പുരാണപ്രസിദ്ധവുമായ നീരുറവകളില്‍നിന്ന് ഒഴുകിയത്തെുന്ന അധികജലം കടലോരത്ത് തളംകെട്ടിയാണ് നീലത്തടാകം രൂപപ്പെടുന്നതും ഒഴുകി കടലില്‍ ചേരുന്നതും. എന്നാല്‍, തടാകത്തിലേക്ക് വെള്ളം ഒഴുകിയത്തെുന്ന ചെറുതോടുകളുടെ സ്ഥിതി അതീവ ഗുരുതരമാണ്. തോടുകളും തടാകവും മനുഷ്യവിസര്‍ജ്യമുള്‍പ്പെടെയുള്ള മാലിന്യങ്ങളാല്‍ നിറഞ്ഞ നിലയിലാണ്. പ്ളാസ്റ്റിക് കാരിബാഗുകള്‍, പേപ്പര്‍, പ്ളാസ്റ്റിക് കപ്പുകള്‍, ഒഴിഞ്ഞ ഐസ്ക്രീം പാക്കറ്റുകള്‍, ഡിസ്പോസബ്ള്‍ കുപ്പികള്‍ എന്നിവയൊക്കെ വലിച്ചെറിയാനുള്ള കുപ്പത്തൊട്ടിലായാണ് ആളുകള്‍ തടാകത്തെ പരിഗണിക്കുന്നത്. വര്‍ക്കല ക്ഷേത്രക്കുളത്തില്‍ നിന്ന് ഉദ്ഭവിക്കുന്ന ചെറുതോടുകള്‍ക്കിരുവശത്തുമുള്ള റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ഇതര വ്യാപാരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ സെപ്റ്റിക്ടാങ്ക് മാലിന്യം, അടുക്കളമാലിന്യം എന്നിവയും യഥേഷ്ടം തള്ളുന്നതിവിടെയാണ്. ഇവയൊക്കെ സംരക്ഷിക്കേണ്ട നഗരസഭാ അധികൃതര്‍ക്ക് ഇതിലൊന്നിലും താല്‍പര്യവുമില്ല. വര്‍ഷത്തില്‍ എല്ലായ്പ്പോഴും പാപനാശം വിനോദസഞ്ചാരികളുടെ പറുദീസയാണ്. അയ്യായിരത്തോളം ആളുകളാണ് ഈ വിനോദസഞ്ചാരകേന്ദ്രം വഴി ഉപജീവനം നടത്തുന്നത്. വര്‍ക്കല ക്ഷേത്രക്കുളത്തില്‍നിന്ന് ഉദ്ഭവിച്ച് വയലോരത്തുകൂടി ഒഴുകി കടലിലത്തെുന്ന ചെറുതോടാണിത്. റോഡരികിലെ കച്ചവടസ്ഥാപനങ്ങളും റിസോര്‍ട്ടുകളും മാലിന്യം ഒഴുക്കിവിടുന്നതും ഈ ചെറുതോട്ടിലേക്കാണ്. കടല്‍ത്തീരത്ത് എത്തുമ്പോള്‍ പരന്നുവ്യാപിക്കുന്ന തോട് ചെറിയ തടാകത്തിന്‍െറ രൂപം കൈവരിക്കുന്നുണ്ട്. ഇവിടെ ഒഴുകിയത്തെുന്നത് തീര്‍ത്തും മലിനജലമെന്നറിയാതെ സഞ്ചാരികള്‍ കൈകാല്‍ കഴുകാനും ചിലരൊക്കെ കുളിക്കാനും നീലത്തടാകത്തെ ആശ്രയിക്കാറുണ്ട്. ഒരുവട്ടം ഇതിലിറങ്ങിയാല്‍തന്നെ ത്വഗ്രോഗം ഉറപ്പാണ്. ഇവിടം ശുചീകരിക്കാനോ ഏതെങ്കിലും ചെറുസൗന്ദര്യ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കാനോ അധികൃതര്‍ക്ക് സാധിക്കുന്നുമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.