സ്പെന്‍സര്‍ ജങ്ഷന്‍ ഇനി മാനവീയം പ്രവര്‍ത്തകരുടെ ചുമടുതാങ്ങിക്കവല

തിരുവനന്തപുരം: നഗരത്തിലെ തിരക്കൊഴിഞ്ഞ സ്ഥലങ്ങളെ പൊതു ഇടമാക്കി മാറ്റുകയെന്ന ഉദ്ദേശ്യവുമായി രംഗത്തത്തെിയിരിക്കുകയാണ് ഒരുപറ്റം യുവാക്കള്‍. യൂനിവേഴ്സിറ്റി കോളജിന് സമീപം സ്പെന്‍സര്‍ ജങ്ഷനില്‍ ചുമടുതാങ്ങിക്കവല എന്ന ആശയം രൂപപ്പെട്ടതും യാഥാര്‍ഥ്യമാക്കിയതും ഇതില്‍ നിന്നാണ്. വര്‍ഷങ്ങളായി സ്പെന്‍സര്‍ ജങ്ഷനിലെ ഇന്ത്യന്‍ കോഫീഹൗസില്‍ ഒത്തുകൂടി സൗഹൃദം പങ്കിട്ടവരാണ് ചുമടുതാങ്ങിക്കവലയാഥാര്‍ഥ്യമാക്കിയത്. മാനവീയംവീഥിയിലെ മാനവീയം പ്രവര്‍ത്തകര്‍ തന്നെയാണ് ചുമടുതാങ്ങിക്കവലയുടെയും പിന്നില്‍. ജെറി മാത്യു, നവീന്‍നാഥ്, സുകേഷ് രാജ്, എ. വിഷ്ണു തുടങ്ങിയവരാണ് ഇതിലെ പ്രധാനികള്‍. എല്ലാ ഞായറാഴ്ചയും മാനവീയംവീഥിയില്‍ സാഹിത്യകൂട്ടായ്മകള്‍ നടക്കാറുണ്ട്. രജിസ്ട്രേഷനോ മാസവരിയോ ഒന്നും തന്നെയില്ലാത്ത ഒരു തുറന്ന കൂട്ടായ്മയാണിത്. മുഖ്യധാരയില്‍ സജീവമല്ലാത്ത കലാകാരന്മാര്‍ക്ക് കഴിവ് തെളിയിക്കാനുള്ള അവസരമൊരുക്കുകയാണ് മാനവീയം. അതു പോലെ തുറന്ന സ്ഥലത്തായതുകൊണ്ട് നല്ല ജനപങ്കാളിത്തവും ലഭിക്കുന്നുണ്ട്. ഇതേ ആശയം തന്നെയാണ് ചുമടുതാങ്ങിക്കവലയിലും പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. മാനവീയത്തില്‍ നിന്ന് വ്യത്യസ്തമായി മ്യൂസിക് ബാന്‍ഡ് പരിപാടികളും ചെറിയ അനുസ്മരണങ്ങളുമൊക്കെ നടത്താന്‍ സാധിക്കും. വലിയ പരിപാടികള്‍ സംഘടിപ്പിച്ചാല്‍ ഉണ്ടാകുന്ന ട്രാഫിക് ബുദ്ധിമുട്ട് പരിഗണിച്ച് അങ്ങനെയുള്ളവ മാനവീയം വീഥിയിലായിരിക്കും നടത്തുക. പൗരാണികകാലത്തിന്‍െറ സ്മരണക്ക് സര്‍ക്കാര്‍ അവിടെയുണ്ടായിരുന്ന ചുമടുതാങ്ങിയെ നിലനിര്‍ത്തുകയായിരുന്നു. പുതിയ തലമുറക്ക് എന്താണ് ചുമടുതാങ്ങിയെന്ന് മനസ്സിലാക്കാനും ഇതുപോലുള്ള സ്മാരകങ്ങളെ സംരക്ഷിക്കുകയെന്ന സുപ്രധാന ദൗത്യം കൂടിയാണ് യുവാക്കള്‍ ഏറ്റെടുത്തിരിക്കുന്നത്. വരും ദിവസങ്ങളിന്‍ പുതിയ കലാകാരന്മാര്‍ക്ക് അവസരം നല്‍കി ചുമടുതാങ്ങിക്കവലയെ കൂടുതല്‍ ജനകീയമാക്കണമെന്നും യുവാക്കള്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.