വൈദ്യുതിയില്ലാത്ത വീടുകളുടെ കരട് പട്ടിക സെപ്റ്റംബര്‍ ഒമ്പതിന് –മന്ത്രി കടകംപള്ളി

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ വൈദ്യൂതീകരണ പദ്ധതിയുടെ ഭാഗമായി വൈദ്യുതി ഇല്ലാത്ത വീടുകളുടെ കരട് പട്ടിക സെപ്റ്റംബര്‍ ഒമ്പതിന് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അന്തിമപട്ടിക സെപ്റ്റംബര്‍ 20ഓടെ തയാറാവും. ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്ത തദ്ദേശ സ്വയംഭരണ സ്ഥാപന ഭാരവാഹികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്ഷന്‍ ഓഫിസ്, പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളില്‍ പട്ടിക പ്രസിദ്ധീകരിക്കും. വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് വിവരം സെപ്റ്റംബര്‍ 25ന് മുമ്പ് നല്‍കാന്‍ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. കോര്‍പറേഷന്‍ പരിധിയില്‍ ഓരോ വൈദ്യുതി സെക്ഷനിലും മുതിര്‍ന്ന കോര്‍പറേഷന്‍ കൗണ്‍സിലറുടെ അധ്യക്ഷതയില്‍ കമ്മിറ്റി രൂപവത്കരിക്കും. ജില്ലകളില്‍ പ്രത്യേക സമിതിയും സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രി അധ്യക്ഷനായി ഉന്നതാധികാര സമിതിയും പ്രവര്‍ത്തിക്കും. പുറമേ സാങ്കേതിക സമിതിയും ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍, റെസിഡന്‍റ്സ് അസോസിയേഷനുകള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയാണ് വൈദ്യുതിയില്ലാത്ത വീടുകളുടെ കണക്കെടുപ്പു നടത്തുക. ഈ മാസം 31ഓടെ ഒമ്പത് ഗ്രാമപഞ്ചായത്തുകളിലും സെപ്റ്റംബര്‍ 15ഓടെ 29 ഗ്രാമപഞ്ചായത്തുകളിലും 30ഓടെ ബാക്കി 27 ഗ്രാമപഞ്ചായത്തുകളിലും പ്രഖ്യാപനം നടത്താന്‍ നടപടി സ്വീകരിക്കും. യോഗത്തില്‍ എം.എല്‍.എമാരായ കെ. മുരളീധരന്‍, ബി. സത്യന്‍, സി.കെ. ഹരീന്ദ്രന്‍, വി. ജോയി, കെ. ആന്‍സലന്‍, അഡ്വ. ഡി.കെ. മുരളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മധു, കലക്ടര്‍ എസ്. വെങ്കിടേസപതി, ജില്ലാ പ്ളാനിങ് ഓഫിസര്‍ വി.എസ്. ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.