ദേശീയ മനുഷ്യാവകാശ കമീഷന്‍ ഉത്തരവ് നടപ്പാക്കാന്‍ കടമ്പകളേറെ

തിരുവനന്തപുരം: വിളപ്പില്‍ശാല മാലിന്യസംസ്കരണ കേന്ദ്രം തുറക്കണമെന്ന ദേശീയ മനുഷ്യാവകാശകമീഷന്‍ ഉത്തരവ് നടപ്പാക്കാന്‍ കോര്‍പറേഷന് കടമ്പകളേറെ. വിളപ്പില്‍ശാലയിലെ കേന്ദ്രം അടച്ചുപൂട്ടി എട്ടുമാസത്തിനകം കോര്‍പറേഷന്‍ പരിധിയില്‍ കേന്ദ്രീകൃതമായൊരു പ്ളാന്‍റ് സ്ഥാപിക്കണമെന്ന ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിയാണ് തിരിച്ചടിയാകുന്നത്. തന്മൂലം മനുഷ്യാവകാശകമീഷന്‍ ഉത്തരവ് ഉണ്ടായെങ്കിലും ഹരിത ട്രൈബ്യൂണല്‍ വിധി മറികടക്കുക പ്രയാസമാണ്. അതിനാല്‍ ബദല്‍ സംവിധാനമെന്ന നിലയില്‍ കേന്ദ്രീകൃത പ്ളാന്‍റ് ആരംഭിക്കുക എന്ന ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് അനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ നീക്കാനാണ് തീരുമാനം. ഇതിന്‍െറ പശ്ചാത്തലത്തില്‍ കോര്‍പറേഷന്‍ പരിധിയില്‍ 10 ഏക്കര്‍ ഭൂമി പ്ളാന്‍റിനായി വിട്ടുനല്‍കാന്‍ താല്‍പര്യമുള്ളവരില്‍നിന്ന് സമ്മതപത്രം ക്ഷണിച്ച് അറിയിപ്പ് നല്‍കിയിരുന്നു. ര ണ്ടുമൂന്ന് സ്ഥലങ്ങള്‍ വിട്ടുനല്‍കാന്‍ താല്‍പര്യം അറിയിച്ച് ചിലര്‍ എത്തിയിട്ടുണ്ടെന്നും അക്കാര്യം താമസിയാതെ വെളിപ്പെടുത്താന്‍ കഴിയുമെന്നും കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി. സ്ഥലത്തിന്‍െറ പ്രായോഗികത പരിശോധിക്കാന്‍ ഏഴംഗ കര്‍മസമിതി രൂപവത്കരിച്ചിട്ടുണ്ട്. സെന്‍ട്രല്‍ എന്‍വയണ്‍മെന്‍റ് ഡയറക്ടറേറ്റിലെ ഡോ. ബാബുഅമ്പാട്ട് ആണ് സമിതി ചെയര്‍മാന്‍. ജനകീയപ്രക്ഷോഭത്തെ തുടര്‍ന്ന് വിളപ്പില്‍ശാല പ്ളാന്‍റ് പൂട്ടിയശേഷം നഗരത്തില്‍ മാലിന്യപ്രശ്നം രൂക്ഷമാണെന്നും അതിന് അടിയന്തരപരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശകമീഷന് ലഭിച്ച പരാതി തീര്‍പ്പാക്കിയാണ് പ്ളാന്‍റ് തുറക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞദിവസം കോര്‍പറേഷന്‍ സെക്രട്ടറിക്ക് ലഭിച്ച ഉത്തരവ് നടപ്പാക്കാന്‍ സാങ്കേതികതടസ്സങ്ങള്‍ ഒട്ടേറെയാണ്. ഹരിതട്രൈബ്യൂണല്‍വിധി സുപ്രീംകോടതി അംഗീകരിച്ചതായതിനാല്‍ മറികടന്ന് പ്രവര്‍ത്തിക്കുക പ്രയാസമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനാലാണ് പുതിയ പ്ളാന്‍റ് എന്ന തീരുമാനവുമായി മുന്നോട്ടുപോകുന്നത്. ജനങ്ങളുടെ സമ്മതംനേടി100 വാര്‍ഡുകളിലെവിടെയെങ്കിലും കോര്‍പറേഷന്‍ ഭൂമിയില്‍ മാലിന്യസംസ്കരണ പ്ളാന്‍റ് സ്ഥാപിക്കുകയാണ് ലക്ഷ്യം. അതല്ളെങ്കില്‍ സ്വകാര്യഭൂമി ലഭിച്ചാല്‍ പൊതുജനാഭിപ്രായവും കക്ഷിരാഷ്ട്രീയ അഭിപ്രായങ്ങളും സ്വരൂപിച്ച് സ്ഥാപിക്കാനാണ് നീക്കം. അതിനിടെ കമീഷന്‍ ഉത്തരവ് വന്നതിന്‍െറ അടിസ്ഥാനത്തില്‍ വിളപ്പില്‍ശാലയില്‍ വീണ്ടും ജനകീയസമരങ്ങള്‍ക്ക് ജീവന്‍വെച്ചുതുടങ്ങിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.