വെള്ളറട സര്‍ക്കാര്‍ ആശുപത്രി ഗൈനക്ക് വിഭാഗം പൂട്ടി

വെള്ളറട: വെള്ളറട സര്‍ക്കാര്‍ ആശുപത്രിയിലെ ഗൈനക്ക് വിഭാഗം മുന്നറിയിപ്പില്ലാതെ പൂട്ടി. ഗൈനക്ക് വാര്‍ഡില്‍ നേത്രരോഗ വിഭാഗത്തിന്‍െറ ഒ.പി പ്രവര്‍ത്തനം ആരംഭിച്ചു. കഴിഞ്ഞദിവസം രാത്രിയിലാണ് പുതുതായി ചുമതലയേറ്റ മെഡിക്കല്‍ ഓഫിസറിന്‍െറ ഭരണപരഷ്കാരം. ഒരുവര്‍ഷംമുമ്പ് മെഡിക്കല്‍ ഓഫിസറായിരുന്ന ഡോ. പ്രതാപ്കുമാറിന്‍െറ ശ്രമഫലമായാണ് ഒരുകോടിയിലധികം രൂപ മുടക്കി ആധുനിക സജ്ജീകരണത്തോടുകൂടിയ ഗൈനക്ക് വാര്‍ഡ് പ്രവര്‍ത്തനമാരംഭിച്ചത്. ദിവസവും 25ലധികം ഗര്‍ഭിണികളടക്കം ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു. ഇതിനിടെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ഈവിഭാഗം പൂട്ടിയത്. ഇവിടെയുണ്ടായിരുന്ന എന്‍.ആര്‍.എച്ച്.എമ്മിന്‍െറ ഗൈനക്കോളജി വിഭാഗം ഡോക്ടറെ പറഞ്ഞയക്കുകയും ചെയ്തു. തുടര്‍ന്ന് ഗൈനക്ക് വാര്‍ഡിനെ കണ്ണാശുപത്രിയായി മാറ്റുകയായിരുന്നു. ആശുപത്രി വികസന സമിതിയംഗങ്ങള്‍പോലും അറിയാതെയാണ് നടപടി. പ്രദേശത്തെ സ്വകാര്യ ആശുപത്രിയെ സഹായിക്കാനാണ് നടപടിയെന്ന ആരോപണം ശക്തമായിട്ടുണ്ട്. കെട്ടിടത്തിന്‍െറ രണ്ടാംനിലയിലുള്ള നേത്രരോഗ വിഭാഗം രോഗികളുടെ സൗകര്യാര്‍ഥമാണ് താഴേക്ക് മാറ്റിയതെന്നാണ് മെഡിക്കല്‍ ഓഫിസറുടെ വിശദീകരണം. എന്നാല്‍ ഗൈനക്ക് വിഭാഗം പൂട്ടിയത് സംബന്ധിച്ച് കൃത്യമായ വിവരം നല്‍കാനും അദ്ദേഹം തയാറായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.