വിഴിഞ്ഞത്ത് ഇതര സംസ്ഥാന തൊഴിലാളികളില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍

വിഴിഞ്ഞം: വിഴിഞ്ഞത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍. നൂറില്‍പരം തൊഴിലാളികള്‍ക്ക് മന്തുരോഗവും 25ഓളം പേര്‍ക്ക് വൃഷണസഞ്ചി വീര്‍ക്കുന്ന ഹൈഡ്രോക്സൈഡ് എന്ന രോഗവും കണ്ടത്തെി. ലേബര്‍ ക്യാമ്പുകളിലൂടെ പകരുന്ന മാരകരോഗങ്ങള്‍ വന്‍ സാമൂഹിക പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. കൊതുക് പരത്തുന്ന മന്ത്, മലമ്പനി ഉള്‍പ്പെടെ രോഗങ്ങള്‍ മുക്കോല പി.എച്ച്.സിക്ക് കീഴിലെ സ്ഥലങ്ങളില്‍ കണ്ടത്തെിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചു. ഇതിനിടെ അടച്ചുപൂട്ടിയ ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകള്‍ വീണ്ടും തുറക്കാന്‍ നീക്കം നടത്തുന്നത് വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. വേണ്ടത്ര ശുചിത്വമില്ലാതെയും ചുരുങ്ങിയ സ്ഥലത്ത് ഉള്‍ക്കൊള്ളാവുന്നതിലുമധികം ആളുകളെ നിറച്ചും പ്രവര്‍ത്തിക്കുന്ന നിരവധി ക്യാമ്പുകളാണ് വിഴിഞ്ഞത്തുള്ളത്. പ്രദേശവാസികളില്‍നിന്ന് നിരന്തരം പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടക്കാലത്ത് ക്യാമ്പുകള്‍ പൂട്ടിയിരുന്നു. തദ്ദേശവാസികള്‍തന്നെ നടത്തുന്ന ഈ ലേബര്‍ ക്യാമ്പുകള്‍ ശുചിത്വ മാനദണ്ഡങ്ങളൊന്നും ഉറപ്പുവരുത്താതെയാണ് വീണ്ടും തുറക്കാന്‍ നീക്കം നടത്തുന്നത്. മുക്കോല, പയറ്റുവിള, നെല്ലിക്കുന്ന്, കല്ലുവെട്ടാന്‍കുഴി, ഉച്ചക്കട തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതല്‍ ക്യാമ്പുകളുള്ളത്. ഒരു ക്യാമ്പില്‍ അഞ്ഞൂറും അറുനൂറും എന്ന കണക്കിലാണ് തൊഴിലാളികള്‍ താമസിക്കുന്നത്. വേണ്ടത്ര ശൗചാലയങ്ങളില്ലാത്ത ക്യാമ്പുകള്‍ പ്രദേശത്ത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. കക്കൂസ് മാലിന്യം സമീപത്തെ പറമ്പുകളിലേക്ക് തുറന്നുവിടുന്നതായും കിണറുകളിലെ ജലം മലിനമാകുന്നതായും ആരോപണമുണ്ട്. ക്യാമ്പുകളുടെ പരിസരത്ത് മാലിന്യം നിറഞ്ഞ് കൊതുകുപെരുകി രോഗഭീഷണി നിലനില്‍ക്കുന്നു. ക്യാമ്പുകളുമായി ബന്ധപ്പെട്ട് മയക്കുമരുന്ന്, കഞ്ചാവ് ലോബികള്‍ പ്രവര്‍ത്തിക്കുന്നതായി ആരോപണമുയര്‍ന്നിട്ടും കാര്യക്ഷമമായ അന്വേഷണമുണ്ടായില്ല. സ്ത്രീകള്‍ക്കുനേരെ മോശമായ പെരുമാറ്റം പതിവാകുന്നതിലും നാട്ടുകാര്‍ ആശങ്കാകുലരാണ്. മുക്കോലയില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പ് മാലിന്യപ്രശ്നങ്ങളെ തുടര്‍ന്ന് കോര്‍പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇവിടെ 10 മുറികളിലായി 500 തൊഴിലാളികളെയാണ് പാര്‍പ്പിച്ചിരുന്നത്. പയറ്റുവിളയിലെ ക്യാമ്പില്‍ ആയിരത്തിലേറെ പേരാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ കഴിയുന്നത്. മുക്കോലയിലേതുള്‍പ്പെടെ നേരത്തേ അടച്ചുപൂട്ടിയ ക്യാമ്പുകള്‍ പൊലീസിനെയും ഉദ്യോഗസ്ഥരെയും സ്വാധീനിച്ച് വീണ്ടും തുറക്കാനുള്ള ശ്രമങ്ങള്‍ ഉടമസ്ഥര്‍ നടത്തുന്നതായി സൂചനയുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് ജനകീയസമരത്തെ തുടര്‍ന്ന് മുക്കോലയിലെ ക്യാമ്പ് അടച്ചുപൂട്ടിയത്. വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 6500ഓളം വീടുകള്‍ ഉള്‍പ്പെട്ട റെസിഡന്‍റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ കൗണ്‍സില്‍ ഓഫ് റെസിഡന്‍റ്സ് അസോസിയേഷന്‍സ് വിഴിഞ്ഞം സെക്ടര്‍ (ക്രാവ്സ്) പ്രശ്നത്തിന്‍െറ ഗൗരവം ചൂണ്ടിക്കാണിച്ച് രംഗത്തത്തെിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.