മധ്യവയസ്കനെ വെട്ടിനുറുക്കിയ സംഭവം: പ്രതി റിമാന്‍ഡില്‍

കിളിമാനൂര്‍: മധ്യവയസ്കനായ വീട്ടുവേലക്കാരനെ വെട്ടിനുറുക്കി അഞ്ച് കഷണങ്ങളാക്കി വീട്ടിനുപിന്നിലെ കിണറ്റില്‍ തള്ളിയ സംഭവത്തിലെ പ്രതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വീട്ടുവേലക്കാരന് ഭാര്യയോടുള്ള അമിത സൗഹൃദവും സംശയവുമാണ് കൊലപാതക കാരണമെന്ന് പൊലീസ് അറിയിച്ചു. കിളിമാനൂര്‍ മലയാമഠത്താണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. മലയാമഠം പുളിമ്പള്ളിക്കോണം പാലക്കുന്ന് കോളനിയില്‍ പാലക്കുന്നില്‍ വീട്ടില്‍ രവീന്ദ്രന്‍ എന്ന രവിയാണ് (55) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത പുളിമ്പള്ളിക്കോണം ഉഴുന്നുവിളവീട്ടില്‍ മണികണ്ഠന്‍ എന്ന യതിരാജിനെയാണ് (65) പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞിരുന്ന രവി, 10 വര്‍ഷത്തോളമായി മണികണ്ഠനൊപ്പമാണ് താമസം. മരംവെട്ടുകാരനായ രവി വീട്ടുവേലക്കാരനായി എത്തി കുടുംബത്തെപ്പോലെ കഴിയുകയായിരുന്നു. വീട്ടിലെ കൃഷികളും മറ്റും ചെയ്തിരുന്ന രവി, പുറംപണികള്‍ക്കും പോകുമായിരുന്നു. ഭാര്യയോടുള്ള രവിയുടെ ബന്ധത്തില്‍ സംശയം തോന്നിയ മണികണ്ഠന്‍, അഞ്ചുവര്‍ഷംമുമ്പ് വീട്ടിലെ വഴക്കുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് ഇതു ഒത്തുതീര്‍പ്പായി. കഴിഞ്ഞദിവസം വീടിന്‍െറ താക്കോല്‍ ചോദിച്ചതുമായി ബന്ധപ്പെട്ട് രവിയും മണികണ്ഠനും തമ്മില്‍വഴക്കായി. ഇതിനിടെ രവി മണികണ്ഠനെ മര്‍ദിച്ചു. ഇതിലുള്ള വൈരാഗ്യമാണ് പെട്ടെന്ന് കൊലപ്പെടുത്താനുള്ള പ്രകോപനം ഉണ്ടായത്. ഒരു മാസത്തോളമായി മണികണ്ഠന്‍െറ ഭാര്യ, തിരുവനന്തപുരത്തെ മകള്‍ക്കൊപ്പമാണ് താമസം. കഴിഞ്ഞയാഴ്ച ഇവര്‍ വീട്ടില്‍ വന്നിരുന്നത്രെ. തിങ്കളാഴ്ച രാത്രിയാണ് കൊല നടത്തിയത്. മദ്യലഹരിയില്‍ ഹാളില്‍ ഉറങ്ങുകയായിരുന്ന രവിയെ, അയാളുടെ തന്നെ കോടാലിയുടെ പിന്‍ഭാഗം ഉപയോഗിച്ച് തലക്കുപിന്നില്‍ അടിക്കുകയായിരുന്നു. തലയോട്ടിപൊട്ടിയ രവി തല്‍ക്ഷണം മരണപ്പെട്ടു. തുടര്‍ന്ന്്, രാത്രിയില്‍ മൃതദേഹം വലിച്ചിഴച്ച് അടുക്കളയില്‍ എത്തിച്ച് ഓലച്ചൂട്ട്, ചിരട്ട, തൊണ്ട് എന്നിവ ഉപയോഗിച്ച് കത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വെട്ടുകത്തി, കറിക്കത്തി എന്നിവ ഉപയോഗിച്ച് മൃതദേഹം അഞ്ച് കഷണങ്ങളായി മുറിച്ച് വീടിനു പിറകിലെ ഉപയോഗിക്കാത്ത കിണറ്റില്‍ തള്ളി. രക്തംവീണ ഭാഗങ്ങള്‍ എല്ലാം തുടച്ചും കഴുകിയും വൃത്തിയാക്കി. വൈകീട്ടോടെ അയല്‍വാസിയായ വീട്ടമ്മ ഈ പുരയിടത്തില്‍ കറിവേപ്പില എടുക്കാന്‍ എത്തുമ്പോള്‍ വീടിനു പിറകുവശത്ത് രക്തംപുരണ്ട വസ്ത്രങ്ങളും പായയും കണ്ട് സംശയം തോന്നി, പഞ്ചായത്തംഗത്തെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരത്തെി പൊലീസില്‍ വിവരം അറിയിച്ചു. വെഞ്ഞാറമൂട് ഫയര്‍സ്റ്റേഷനിലെ സ്റ്റേഷന്‍ ഓഫിസര്‍ അനില്‍കുമാറിന്‍െറ നേതൃത്വത്തിലത്തെിയ സംഘം, ബുധനാഴ്ച പുലരുവോളം നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍നിന്ന് മൃതദേഹഭാഗങ്ങള്‍ പുറത്തെടുത്തത്. റൂറല്‍ എസ്.പി ഷെഫിന്‍ അഹമ്മദ്, ആറ്റിങ്ങല്‍ ഡിവൈ.എസ്.പി അജിത്ത് കുമാര്‍, കിളിമാനൂര്‍ സി.ഐ എസ്.വൈ. സുരേഷ്, കിളിമാനൂര്‍ എസ്.ഐ യഹിയ, പള്ളിക്കല്‍ എസ്.ഐ കിരണ്‍ എന്നിവരുടെ നേതൃത്വത്തുള്ള പൊലീസാണ് മേല്‍നടപടി സ്വീകരിച്ചത്. ഇന്‍ക്വസ്റ്റ് തയാറാക്കിയശേഷം മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി നീക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.