തിരുവനന്തപുരം: കഴിഞ്ഞ ഭരണസമിതി പ്രഖ്യാപിച്ച ശുചിത്വവാര്‍ഡുകള്‍ വീണ്ടും ശുചിയാക്കാനും അവശേഷിക്കുന്ന വാര്‍ഡുകള്‍കൂടി ശുചിത്വമായി പ്രഖ്യാപിക്കാനും മേയര്‍ അഡ്വ. വി.കെ. പ്രശാന്തിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ തീരുമാനം. രൂക്ഷ മാലിന്യപ്രശ്നത്തിന് പരിഹാരം കാണാന്‍ ഉറവിടമാലിന്യം സംസ്കരണ പദ്ധതി പ്രോത്സാഹിപ്പിക്കാനും യോഗത്തില്‍ സമവായമായി. എന്നാല്‍, പ്രശ്നം ചര്‍ച്ചചെയ്യാന്‍ സര്‍വകക്ഷിയോഗം രണ്ടുമണിക്ക് ചേരുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തുടങ്ങിയത് 4.30നുശേഷം. 35 കൗണ്‍സിലര്‍മാരുള്ള രണ്ടാംകക്ഷിയായ ബി.ജെ.പിയില്‍നിന്നാകട്ടെ പങ്കെടുത്തത് പാര്‍ലമെന്‍ററിപാര്‍ട്ടി നേതാവ് ഗിരികുമാര്‍ മാത്രം. ‘എന്‍െറ നഗരം സുന്ദര നഗരം’ പദ്ധതിയുടെ ഭാഗമായി ഇതുവരെ പ്രാവര്‍ത്തികമാക്കിയതും ഇനി പ്രാവര്‍ത്തികമാക്കേണ്ടതുമായ പദ്ധതികളുടെ പവര്‍ പോയന്‍റ് പ്രസന്‍േറഷനും നടത്തി. നിലവില്‍ 51 എണ്ണമാണ് ശുചിത്വവാര്‍ഡുകളായി കഴിഞ്ഞ ഭരണസമിതി പ്രഖ്യാപിച്ചത്. എന്നാല്‍, ആ വാര്‍ഡുകളെല്ലാം ഇപ്പോള്‍ മാലിന്യം കുന്നുകൂടി വികൃതമായി. അവ വീണ്ടും ശുചിത്വവാര്‍ഡുകളാക്കി നിലനിര്‍ത്താനും അവശേഷിക്കുന്നവയിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കാനുമാണ് തീരുമാനിച്ചത്. കിച്ചന്‍ബിന്നുകളുടെ പ്രവര്‍ത്തനം, എയ്റോബിക് ബിന്നുകളുടെ പ്രവര്‍ത്തനം, പൈപ്പ് കമ്പോസ്റ്റുകളുടെ അവസ്ഥ എന്നിവയുടെ പ്രസന്‍േറഷനും നടന്നു. രണ്ടുവര്‍ഷംകൊണ്ട് എല്ലാ വാര്‍ഡും ഘട്ടംഘട്ടമായി സമ്പൂര്‍ണ മാലിന്യമുക്തമാക്കാനുള്ള കര്‍മപദ്ധതി ഏറ്റെടുക്കുമെന്ന് മേയര്‍ അറിയിച്ചു. 51 വാര്‍ഡ് ശുചിത്വ വാര്‍ഡുകളായി പ്രഖ്യാപിച്ചതിന്‍െറ ഭാഗമായി 60 ശതമാനം വീടുകളില്‍ ഉറവിട മാലിന്യസംസ്കരണ സംവിധാനം ഒരുക്കിയിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെടുന്ന 13 വാര്‍ഡില്‍ മുഴുവന്‍ വീട്ടിലും മാലിന്യസംസ്കരണ സംവിധാനം ഒരുക്കിയും എയ്റോബിക് ബിന്നുകള്‍ സ്ഥാപിച്ചും ഒക്ടോബര്‍ രണ്ടിനകം സമ്പൂര്‍ണമായി മാലിന്യമുക്തമാക്കാനുള്ള ജനകീയ കാമ്പയിന്‍ ഏറ്റെടുക്കും. റെസിഡന്‍റ്സ് അസോസിയേഷനുകള്‍, സന്നദ്ധസംഘടനകള്‍, സര്‍വിസ് സംഘടനകള്‍, മറ്റ് ബഹുജന സംഘടനകള്‍ എന്നിവയുടെ സഹകരണം ഉറപ്പാക്കുമെന്നും മേയര്‍ പറഞ്ഞു. പ്ളാസ്റ്റിക്, കുപ്പി തുടങ്ങിയവ ശേഖരിച്ച് സൂക്ഷിക്കാന്‍ നിലവില്‍ മുട്ടത്തറയില്‍ എല്ലാ സൗകര്യങ്ങളോടുമുള്ള സംവിധാനമുണ്ടെന്നും അറിയിച്ചു. വിവിധ കക്ഷിനേതാക്കളായ കെ. ശ്രീകുമാര്‍, അഡ്വ. ഗിരികുമാര്‍, ഡി. അനിയകുമാര്‍, വെട്ടുകാട് സോളമന്‍, അഡ്വ. രാഖി രവികുമാര്‍, വഞ്ചിയൂര്‍ പി. ബാബു, പാളയം രാജന്‍, ജോണ്‍സന്‍ ജോസഫ്, അഡ്വ.ആര്‍. സതീഷ്കുമാര്‍, പ്രിയാ ബിജു, പീറ്റര്‍ സോളമന്‍, വി.ആര്‍. സിനി, എ.ജെ. കൃഷ്ണവേണി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.