ഉദ്യോഗാര്‍ഥിയുടെ പണം അപഹരിക്കാന്‍ ശ്രമിച്ച ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം: വിദേശത്ത് തൊഴില്‍ തേടി പോകുന്നതിന്‍െറ ഭാഗമായി മെഡിക്കല്‍ പരിശോധനക്ക് എത്തിയ ഉദ്യോഗാര്‍ഥിയെ ജനറല്‍ ആശുപത്രിക്ക് സമീപത്തെ ഗാമാ കെയര്‍ സെന്‍ററില്‍നിന്ന് വള്ളക്കടവ് അല്‍സഫാ ആശുപത്രി വരെ എത്തിച്ചതിന് 1000 രൂപ വാങ്ങുകയും കൂടുതല്‍ തുക നല്‍കാത്തതിന് ക്രൂരമായി മര്‍ദിക്കുകയും ചെയ്ത പേട്ട വില്ളേജില്‍ വള്ളക്കടവ് വാര്‍ഡില്‍ പുത്തന്‍റോഡ് ജങ്ഷന് സമീപം ടി.സി 35/943 എ.എസ് മന്‍സിലില്‍ ഷറഫുദ്ദീന്‍ (50) അറസ്റ്റിലായി. ശംഖുംമുഖം അസി. കമീഷണര്‍ക്ക് കിട്ടിയ രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ സി.ഐ സുരേഷ് വി. നായരുടെ നിര്‍ദേശപ്രകാരം എസ്.ഐ സൈജുനാഥിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഗാമാ കെയര്‍ സെന്‍ററിലേക്കുള്ള ഇടവഴി കേന്ദ്രീകരിച്ച് നില്‍ക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഷറഫുദ്ദീന്‍. വൈദ്യപരിശോധനക്ക് എത്തുന്ന ഉദ്യോഗാര്‍ഥികളെ കാന്‍വാസ് ചെയ്ത് മെഡിക്കല്‍ പരിശോധന നടത്താന്‍ സഹായിക്കുമെന്നും അവരുടെകൂടെ അല്ലാതെ ചെന്നാല്‍ മെഡിക്കലിന് പരാജയപ്പെടുമെന്നും മറ്റും തെറ്റിദ്ധരിപ്പിച്ചാണ് ഉദ്യോഗാര്‍ഥികളില്‍നിന്ന് ഇവര്‍ കൂടുതല്‍ പണം ആവശ്യപ്പെടുന്നത്. കൂടുതല്‍ പണം കൊടുക്കാത്ത ഉദ്യോഗാര്‍ഥികളെ ഭീഷണിപ്പെടുത്തിയും ദേഹോപദ്രവം ഏല്‍പിച്ചുമാണ് പണം വാങ്ങുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രത്യേക ഓട്ടോ സ്റ്റാന്‍ഡ് ഇല്ലാത്ത ഇവര്‍ ഓട്ടോ ഡ്രൈവര്‍മാര്‍ എന്ന വ്യാജേനയാണ് ഉദ്യോഗാര്‍ഥികളെ സമീപിക്കുന്നതെന്നും പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.