ജനജാഗ്രതാസമിതികള്‍ നിര്‍ജീവം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ പെരുകുന്നു

കിളിമാനൂര്‍: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ബാലവേല അടക്കമുള്ള ചൂഷണങ്ങളും തടയുകയെന്ന ലക്ഷ്യത്തോടെ സാമൂഹികനീതിവകുപ്പ് ആരംഭിച്ച ജനജാഗ്രതാ സമിതികള്‍ കിളിമാനൂര്‍ മേഖലയില്‍ നിര്‍ജീവമായതായി ആക്ഷേപം. ഇതോടെ മേഖലയില്‍ ലൈംഗികചൂഷണങ്ങളടക്കം അരങ്ങേറുമ്പോള്‍ പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഗ്രാമങ്ങളില്‍. വര്‍ഷങ്ങള്‍ക്കുമുമ്പ് പഞ്ചായത്തുകള്‍ ആഘോഷപൂര്‍വം തുടക്കംകുറിച്ച പദ്ധതി നിലച്ചുവെന്ന് മാത്രമല്ല, പല പഞ്ചായത്തംഗങ്ങള്‍ക്കും ഇതേക്കുറിച്ച് ഒന്നും അറിയില്ളെന്നതും ജാഗ്രതയോടെ കാണേണ്ടതാണ്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യവുമായി കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്താണ് സാമൂഹികക്ഷേമ വകുപ്പ് തയാറാക്കിയ രൂപരേഖയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്തുകള്‍ തോറും ജനജാഗ്രതാ സമിതികള്‍ രൂപവത്കരിച്ചത്. അതിക്രമങ്ങള്‍, ലൈംഗികപീഡനങ്ങള്‍, ഗാര്‍ഹികപീഡനം എന്നിവ തടയുകയും ഇത്തരത്തില്‍ പീഡനത്തിന് ഇരയാകുന്നവര്‍ക്ക് പൊലീസ് സ്റ്റേഷനുകളില്‍ കയറിയിറങ്ങാതെ നിയമത്തിന്‍െറ പരിരക്ഷയും നീതിയും ഉറപ്പാക്കാനുള്ള നടപടികള്‍ ക്രിയാത്മകമായി സ്വീകരിക്കുകയുമാണ് ജാഗ്രതാസമിതികളുടെ പ്രധാനകര്‍ത്തവ്യം. പഞ്ചായത്ത് പ്രസിഡന്‍റ് ചെയര്‍മാനായും ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ കണ്‍വീനറായും പത്തോളം അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് സമിതി. ചെയര്‍മാനെയും കണ്‍വീനറെയും കൂടാതെ, വനിതാ പഞ്ചായത്തംഗം, വനിതാ വക്കീല്‍, പൊലീസ് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ അല്ളെങ്കില്‍ എസ്.ഐ, പ്രൈമറി ഹെല്‍ത്ത് സെന്‍ററിലെ ഡോക്ടര്‍, എസ്.സി.എസ്.ടി പഞ്ചായത്തംഗം, സി.ഡി.എസ് ചെയര്‍പേഴ്സന്‍ തുടങ്ങിയവരുമാണ് ജനജാഗ്രതസമിതിയിലെ അംഗങ്ങള്‍. എന്നാല്‍, പഞ്ചായത്ത് പ്രസിഡന്‍റുമാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും നിഷ്ക്രിയത മൂലം ഇന്ത്യയാകെ ശ്രദ്ധിക്കപ്പെട്ട ബൃഹത്പദ്ധതിയാണ് അകാലചരമമടഞ്ഞത്. പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് കിട്ടുന്നവിവരം അനുസരിച്ച്, ഗ്രാമീണമേഖലകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ വര്‍ഷംതോറും പതിന്മടങ്ങായി വര്‍ധിക്കുന്നു. കിളിമാനൂര്‍, വെഞ്ഞാറമൂട് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ആറുമാസത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തതും അല്ലാത്തതുമായ നിരവധി സംഭവങ്ങള്‍ ഉണ്ട്. പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയില്‍ എല്ലാം തന്നെ ഇരകള്‍ നേരിട്ടെത്തേണ്ട അവസ്ഥയായിരുന്നത്രേ. ഇത്തരം സംഭവങ്ങളില്‍ ബന്ധപ്പെട്ട സമിതികളുടെ സഹായമോ നിയമോപദേശങ്ങളോ പലപ്പോഴും കിട്ടിയിട്ടില്ല. സ്വന്തം വാര്‍ഡില്‍ നടക്കുന്ന ഇത്തരം സംഭവങ്ങളില്‍പോലും അതത് വാര്‍ഡ് മെംബര്‍മാര്‍ ഇടപെടാത്ത സംഭവങ്ങളും നിരവധിയുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടക്കുന്നത് വെഞ്ഞാറമൂട് സി.ഐ പരിധിയിലെ പാങ്ങോട് പഞ്ചായത്തിലാണ്. ഇവയിലേറെയും ലൈംഗികാതിക്രമങ്ങള്‍ക്കോ ഗാര്‍ഹികപീഡനങ്ങള്‍ക്കോ വിധേയരായവരാണ്. പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും ഇതരമേഖലയെ അപേക്ഷിച്ച് ഇവിടെ കൂടുതലാണ്. പിന്നാലെയുണ്ടാകുന്ന മാനഹാനിയും പൊലീസ് സ്റ്റേഷനും കോടതിയുമൊക്കെ കയറിയിറങ്ങേണ്ടുന്ന അവസ്ഥയുമൊക്കെ കാരണം പലരും സംഭവങ്ങള്‍ പുറത്തറിയിക്കാറില്ല. ഇതു കുറ്റവാളികള്‍ രക്ഷപ്പെടുന്നതിന് കാരണമാകുന്നതിനുപുറമേ, കുറ്റകൃത്യങ്ങള്‍ പെരുകാനും ഇടയാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.