പൊതുവഴി കൈയേറി മതില്‍കെട്ടല്‍; പൊളിക്കണമെന്ന ഉത്തരവിന് പുല്ലുവില

നെടുമങ്ങാട്: പൊതുവഴി കൈയേറി മതില്‍കെട്ടി നിരവധി കുടുംബങ്ങളുടെ യാത്ര തടസ്സപ്പെടുത്തിയത് നീക്കം ചെയ്യണമെന്ന കലക്ടറുടെ ഉത്തരവിന് പുല്ലുവില. പുറമ്പോക്ക് കൈയേറി ചുള്ളിമാനൂരിലെ ടോള്‍ ജങ്ഷനില്‍ സ്വകാര്യ വ്യക്തികള്‍ നിര്‍മിച്ച മതില്‍ പൊലീസ് സംരക്ഷണത്തോടെ പൊളിച്ചുനീക്കാനത്തെിയ റവന്യൂ അധികൃതരെ കൈയേറ്റക്കാര്‍ തടഞ്ഞ് തിരിച്ചയച്ചു. 19ന് പൊലീസ് സംരക്ഷണത്തോടെ മതില്‍ നീക്കം ചെയ്യാന്‍ എക്സ്കവേറ്ററുമായത്തെിയ നെടുമങ്ങാട് തഹസില്‍ദാരെയും സംഘത്തെയുമാണ് കൈയേറ്റക്കാര്‍ തടഞ്ഞത്. ചുള്ളിമാനൂര്‍ ടോള്‍ ജങ്ഷനില്‍നിന്ന് കാവുവിളയിലേക്കുള്ള പൊതുവഴി കൈയേറിയാണ് മതില്‍ നിര്‍മിച്ചത്. 150 മീറ്ററോളം പുറമ്പോക്കു ഭൂമിയിലാണ് മതില്‍ നിര്‍മിച്ചത്. ഇതോടെ ടോള്‍ ജങ്ഷനില്‍നിന്ന് കാവുവിളയിലേക്കുള്ള നിരവധി കുടുംബങ്ങളുടെ യാത്ര തടസ്സപ്പെട്ടു. ചെറിയൊരു വാഹനമെങ്കിലും പോകാനുള്ള സ്ഥലം നല്‍കണമെന്ന നാട്ടുകാരുടെ ആവശ്യത്തിനുമുന്നില്‍ പോലും കൈയേറ്റക്കാര്‍ വഴങ്ങിയില്ല. രോഗികളെയും അവശരെയും കാവുവിള ഭാഗത്തുനിന്ന് കസേരയിലും മറ്റുമിരുത്തി ചുമന്നാണ് റോഡിലത്തെിച്ച് ആശുപത്രികളിലത്തെിക്കുന്നത്. ജനങ്ങളുടെ ദുരിതം വര്‍ധിച്ചതോടെ കൈയേറ്റ ഭൂമി ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പഞ്ചായത്തിനെയും റവന്യൂഅധികൃതരെയും സമീപിച്ചു. ആനാട് വില്ളേജ് ഓഫിസറും താലൂക്ക് സര്‍വേയറും ഭൂമി പുറമ്പോക്കാണെന്നും കൈയേറ്റമാണെന്നും റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് താലൂക്ക് അഡീഷനല്‍ തഹസില്‍ദാര്‍ കൈയേറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ നെടുമങ്ങാട് പൊലീസിന് നിര്‍ദേശം നല്‍കി. മാര്‍ച്ചിലാണ് റവന്യൂ വകുപ്പ് കൈയേറ്റക്കാര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചത്. നാട്ടുകാര്‍ കലക്ടറുടെ പൊതുജന പരാതി പരിഹാര സെല്ലില്‍ അപേക്ഷ നല്‍കി. കൈയേറ്റം പൊലീസ് സംരക്ഷണത്തോടെ പൊളിച്ചുനീക്കാന്‍ കലക്ടര്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍, 19ന് മതില്‍ നീക്കം ചെയ്യാനത്തെിയ തഹസില്‍ദാറെയും സംഘത്തെയും കൈയേറ്റക്കാര്‍ തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു. ഇതുസംബന്ധിച്ച് തഹസില്‍ദാര്‍ കലക്ടര്‍ക്ക് വീണ്ടും റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.