മലയിന്‍കീഴ്: കുടിവെള്ളക്ഷാമം രൂക്ഷമായ മലയിന്‍കീഴ് ഗ്രാമപഞ്ചായത്തില്‍ അടിയന്തര പരിഹാരമുണ്ടാകണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ചന്ദ്രന്‍നായര്‍. പ്രദേശത്ത് വാട്ടര്‍അതോറിറ്റി കുടിവെള്ളം നല്‍കിയിട്ട് ഒരുമാസം പിന്നിട്ടതായും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ആഴ്ചയില്‍ രണ്ടുവട്ടം പൈപ്പ് വെള്ളം ലഭ്യമായിരുന്നിടത്ത് മാസത്തില്‍ ഒന്നോരണ്ടോ ദിവസം മാത്രമായി ചുരുങ്ങി. കിണറുകള്‍ വറ്റിയതിനാല്‍ പൈപ്പ് വെള്ളത്തെയാണ് ജനം ആശ്രയിച്ചിരുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പഞ്ചായത്തിന് നേരിട്ട് ഇടപെടാന്‍ കഴിയുന്നില്ല. കുടിവെള്ളത്തിന് ജില്ലാ അധികൃതര്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറില്‍ വിളിച്ചാല്‍ നിലവിലില്ളെന്ന മറുപടിയാണത്രേ ലഭിക്കുന്നത്. ബ്ളോക് ഓഫിസ്, അണപ്പാട്, മണപ്പുറം, മേപ്പൂക്കട, മലയിന്‍കീഴ്, ശാന്തുമൂല, ആല്‍ത്തറ, പാലോട്ടുവിള, കരുപ്പൂര്, തച്ചോട്ടുകാവ് എന്നീ മലയിന്‍കീഴ് പഞ്ചായത്ത് പ്രദേശങ്ങളിലും അരുവിക്കര പമ്പ് ഹൗസില്‍നിന്നാണ് കുടിവെള്ളമെത്തേണ്ടത്. അരുവിക്കര(പുന്നാവൂര്‍) പമ്പിങ് സ്റ്റേഷനില്‍ കുടിവെള്ള വിതരണ ജോലികള്‍ നടക്കുന്നുണ്ടെങ്കിലും ഈ പ്രദേശങ്ങളില്‍ വെള്ളമത്തെിക്കുന്നതില്‍ വാട്ടര്‍ അതോറിറ്റി അലംഭാവം കാട്ടുകയാണെന്നും അദ്ദേഹം ആരോപിച്ചു. കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രശ്നത്തില്‍ ഇടപെടണമെന്നും എസ്. ചന്ദ്രന്‍നായര്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്. ശ്രീകാന്ത്, പഞ്ചായത്ത് അംഗം വിജയകുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.