അഞ്ചുവര്‍ഷം നടന്നത് വികസനമല്ല കുംഭകോണം –പി.കെ. കൃഷ്ണദാസ്

കാട്ടാക്കട: മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം നടന്നത് വികസനമല്ല കോടികളുടെ കുംഭകോണമെന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥി പി.കെ. കൃഷ്ണദാസ്. ഫണ്ട് ചെലവഴിക്കാതെ തിരിമറിയും അഴിമതിയും നടത്തിയതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. എണ്ണിയാലൊടുങ്ങാത്ത കോടികള്‍ മണ്ഡലത്തില്‍ ചെലവഴിച്ചു എന്നാണ് സിറ്റിങ് എം.എല്‍.എ അവകാശപ്പെടുന്നത്. എം.എല്‍.എ പറയുന്ന കോടികളില്‍ പകുതി തുകയുടെ വികസനം പോലും മണ്ഡലത്തില്‍ നടന്നിട്ടില്ല. അതിനര്‍ഥം ഈ പണം രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കരാറുകാരും അടങ്ങുന്ന ത്രികക്ഷി അച്ചുതണ്ട് തട്ടിയെടുത്തെന്നാണ്. ഇതിനെക്കുറിച്ച് സമഗ്രവും നിഷ്പക്ഷവും നീതിപൂര്‍വവുമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. 136 കോടിയുടെ ശുദ്ധജല പദ്ധതി നടപ്പാക്കിയതായി ശക്തന്‍ അവകാശപ്പെടുന്നു. 10 കൊല്ലമായി ഒരു ശുദ്ധജല വിതരണ പദ്ധതി പോലും മണ്ഡലത്തില്‍ പുതുതായി സ്ഥാപിച്ചിട്ടില്ല. ബംഗാളില്‍ കോണ്‍ഗ്രസുമായി അവിശുദ്ധ സഖ്യമുണ്ടാക്കിയ മാര്‍ക്സിസ്റ്റുകാര്‍ കേരളത്തില്‍ ഭിന്നത നടിക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്. അവിടെ അരങ്ങില്‍ സഖ്യമുണ്ടാക്കിയവര്‍ ഇവിടെ അണിയറയിലാണ് കൂട്ടുകൂടിയിരിക്കുന്നതെന്നും കൃഷ്ണദാസ് ആരോപിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി മുക്കംപാലമൂട് ബിജു, സംസ്ഥാന കൗണ്‍സില്‍ അംഗം കാട്ടാക്കട ശശി, മണ്ഡലം പ്രസിഡന്‍റ് ജി. രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.