കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയാണ് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം തുടങ്ങിയത്. പരാതികളുടെയും പരിഭവത്തിന്‍െറയും സ്ഥിരം കാഴ്ചകള്‍ക്ക് പുറമെ കന്നി കൗണ്‍സിലര്‍മാരുടെ കണ്ണീരിനും കൗണ്‍സില്‍ ഹാള്‍ സാക്ഷിയായി. ചര്‍ച്ചക്ക് തുടക്കം കുറിച്ചത് മുന്‍ മേയര്‍ ഹണിയാണ്. തെരുവുവിളക്ക് പരിപാലനത്തില്‍ വീഴ്ച വരുത്തിയ കരാര്‍ ഏജന്‍സിയെ തുടര്‍ന്ന് കൊണ്ടുപോകാന്‍ അനുവദിക്കരുതെന്നും കൊല്ലം ബീച്ചിലെ അനധികൃത കടകള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണമെന്നും ഹണി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് എ.കെ. ഹഫീസ് ഹണിയുടെ അഭിപ്രായത്തെ പിന്തുണച്ചു. നഗരവാസികള്‍ക്ക് വെളിച്ചവും വെള്ളവും നല്‍കുകയെന്നതിനാവണം മുന്‍ഗണനയെന്നും അല്ലാത്തപക്ഷം അടുത്ത കൗണ്‍സില്‍ ബഹിഷ്കരിക്കുന്നതടക്കമുള്ള സമരപരിപാടികളുമായി പ്രതിപക്ഷം മുന്നോട്ടുപോകുമെന്നും എ.കെ. ഹഫീസ് അഭിപ്രായപ്പെട്ടു. വെള്ളവും വെളിച്ചവും കിട്ടാത്തതിന്‍െറ പേരില്‍ നാട്ടുകാരുടെ അസഭ്യം കേട്ടുമടുത്തെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞാണ് മീനുലാല്‍ സംസാരിച്ചത്. കുടിവെള്ളം നല്‍കാത്തതിന്‍െറ പേരില്‍ അസഭ്യം കേട്ട് സഹികെട്ടെന്ന് മറ്റൊരു അംഗം വിജയലക്ഷ്മിയും പറഞ്ഞു. 55 ഡിവിഷനിലെയും കൗണ്‍സിലര്‍മാര്‍ സമാനപ്രശ്നം നേരിടുന്നതായി പി. പ്രശാന്ത് പറഞ്ഞു. കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം രേഖപ്പെടുത്തിയതിന്‍െറ മിനിട്സിന്‍െറ പകര്‍പ്പ് അംഗങ്ങള്‍ക്ക് നല്‍കണമെന്ന് ബി. അജിത്കുമാര്‍ ആവശ്യപ്പെട്ടു. പൊതുടാപ്പുകള്‍ വഴി വെള്ളം നല്‍കുന്നുണ്ടെന്ന കാരണത്താല്‍ പ്രതിമാസം ലക്ഷക്കണക്കിന് രൂപയാണ് വാട്ടര്‍ അതോറിറ്റി കോര്‍പറേഷനില്‍നിന്ന് ഈടാക്കുന്നതെന്നും കുടിവെള്ളം കൃത്യമായി നല്‍കാത്തതിനാല്‍ ഈമാസത്തെ ബില്‍ നല്‍കരുതെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ എം.എ. സത്താര്‍ അഭിപ്രായപ്പെട്ടു. ലൈലാകുമാരി, എ. നിസാര്‍, മീനാകുമാരി, എസ്. ഗീതാകുമാരി, ലൈലാകുമാരി, എന്‍. സഹൃദയന്‍, അഡ്വ.എന്‍. സൈജു, വിനിതാ വിന്‍സെന്‍റ്, എസ്. സതീഷ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.