തിരുവനന്തപുരം: നഗരത്തിലെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി കോര്‍പറേഷന്‍ കൊണ്ടുവന്ന വികേന്ദ്രീകൃത മാലിന്യ സംസ്കരണ പദ്ധതികളിലൊന്നായ കിച്ചന്‍ ബിന്നുകള്‍ പ്ളാസ്റ്റിക്കില്‍നിന്ന് സ്റ്റീലാക്കാന്‍ ആലോചന. പ്ളാസ്റ്റിക് ബിന്നുകള്‍ എലികളും മറ്റ് ക്ഷുദ്രജീവികളും നശിപ്പിക്കുന്നതായി കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തിന് ലഭിക്കുന്ന നിരന്തര പരാതികളെ തുടര്‍ന്നാണ് ഇത്തരമൊരു മാറ്റത്തെക്കുറിച്ച് നഗരസഭാ അധികൃതര്‍ ആലോചിക്കുന്നത്. മാലിന്യം ഭക്ഷിക്കാനത്തെുന്ന എലികളും മറ്റ് ക്ഷുദ്രജീവികളും ബിന്നുകള്‍ കടിച്ചുമുറിക്കുന്നതായാണ് ഇവ സ്ഥാപിച്ചിട്ടുള്ള വീടുകളില്‍നിന്നുള്ള പ്രധാന പരാതി. ‘എന്‍െറ നഗരം സുന്ദരനഗരം’ എന്ന പേരില്‍ നഗരസഭയുടെ കഴിഞ്ഞ ഭരണസമിതി ആരംഭിച്ച വികേന്ദ്രീകൃത മാലിന്യം സംസ്കരണ പദ്ധതിയുടെ ഭാഗമായാണ് വീടുകളില്‍ കിച്ചന്‍ ബിന്നുകള്‍ സ്ഥാപിച്ചത്. അടുക്കളയില്‍ സ്ഥാപിക്കുന്ന ഒരു ബിന്നില്‍ എല്ലാ ഖര- ജൈവമാലിന്യങ്ങളും നിക്ഷേപിക്കുകയും ഇടക്ക് മാലിന്യത്തെ വിഘടിപ്പിക്കുന്ന ചകിരിച്ചോര്‍ മുകളില്‍ വിതറി വീണ്ടും മാലിന്യം നിക്ഷേപിക്കുകയുമാണ് ചെയ്യുന്നത്. രണ്ടാഴ്ച ഇത് ആവര്‍ത്തിച്ചാല്‍ ദുര്‍ഗന്ധമില്ലാത്ത കമ്പോസ്റ്റ് ഉണ്ടാക്കാന്‍ സാധിക്കും. ഇത് വീട്ടിലെ കൃഷികള്‍ക്ക് ഉപയോഗിക്കുകയോ എന്‍.ജി.ഒകള്‍ക്ക് നല്‍കുകയോ ചെയ്യാം. 52 കോടി മുടക്കി നഗരസഭ നടത്തുന്ന വികേന്ദ്രീകൃത മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായാണ് സ്റ്റയിന്‍ലെസ് സ്റ്റീല്‍ ബിന്നുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നത്. പദ്ധതി നേരത്തേതന്നെ സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. ഓരോ വീടുകള്‍ക്കും ഒരു സ്റ്റീല്‍ ബിന്നും അഞ്ച് ഗ്രോ ബാഗുകളുമാണ് നല്‍കുക. ഒരു ഗ്രോ ബാഗ് ഒരാഴ്ചക്കുള്ളില്‍ നിറയുകയും അടുത്ത ആഴ്ച വളമായി മാറുകയും ചെയ്യും. സ്റ്റീല്‍ ബിന്നുകള്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ളതായിരിക്കും. നഗരസഭ നല്‍കിയിട്ടുള്ള വീട്ട് നമ്പറുമായി ബന്ധപ്പെട്ട ഒരു നമ്പര്‍ ബിന്നിന് നല്‍കും. വീട്ടുടമസ്ഥന്‍ വീടുമാറി നഗരത്തിന് പുറത്തുപോയാല്‍ അടുത്തുള്ള ഹെല്‍ത്ത് സര്‍ക്ക്ള്‍ ഓഫിസില്‍ ബിന്‍ തിരിച്ചേല്‍പ്പിക്കണം. സ്റ്റീല്‍ ബിന്‍ നല്‍കുമ്പോള്‍ രസീതും നഗരസഭ വീട്ടുകാര്‍ക്ക് നല്‍കും. 300 മുതല്‍ 500 വരെയായിരുന്നു പ്ളാസ്റ്റിക് ബിന്നുകളുടെ വില. വീട്ടുകാരില്‍നിന്ന് 200 രൂപ ഈടാക്കിയാണ് പ്ളാസ്റ്റിക് ബിന്നുകള്‍ നല്‍കിയത്. എന്നാല്‍, സ്റ്റീല്‍ ബിന്നുകള്‍ക്ക് ഒരെണ്ണത്തിന് 2000 രൂപ വരെ നല്‍കിയാണ് നഗരസഭ വാങ്ങുന്നത്. അവ നല്‍കുമ്പോള്‍ വീട്ടുകാരില്‍നിന്ന് എത്ര രൂപ ഈടാക്കണമെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ബിന്നുകളുടെ പരിപാലനത്തിന് എന്‍.ജി.ഒ കളെ ഏര്‍പ്പെടുത്തും. ഓരോ വീട്ടുകാരും ഇതിന് പ്രത്യേകം പണം നല്‍കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.