കൗണ്‍സിലറുടെ മരണം: വിശ്വസിക്കാനാകാതെ സഹപ്രവര്‍ത്തകര്‍

തിരുവനന്തപുരം: കഴിഞ്ഞ ദിവസംവരെ തങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച അംഗം ഇല്ലാതായെന്ന് വിശ്വസിക്കാന്‍ കഴിയാതെ സഹപ്രവര്‍ത്തകരായ കൗണ്‍സിലര്‍മാര്‍. പുതിയ ഭരണസമിതി നിലവില്‍ വന്നതിനു ശേഷം കൂടിയ എല്ലാ കൗണ്‍സില്‍ യോഗത്തിലും വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിലും ചര്‍ച്ച നടത്തുന്നതിലും മുന്‍പന്തിയിലായിരുന്നു തിങ്കളാഴ്ച ഷോക്കേറ്റ് മരിച്ച പാപ്പനംകോട് ബി.ജെ.പി കൗണ്‍സിലര്‍ കെ. ചന്ദ്രന്‍. പിതാവ് പരേതനായ കൃഷ്ണന്‍ താമസിച്ചിരുന്ന വീടിനോട് ചേര്‍ന്ന ഒറ്റമുറിയിലായിരുന്നു അവിവാഹിതനായ ചന്ദ്രന്‍െറ താമസം. തിങ്കളാഴ്ച രാവിലെ പുറത്തേക്ക് പോകാനായി വസ്ത്രം ഇസ്തിരിയിടുന്നതിനിടയിലാണ് ഷോക്കേറ്റ് ചന്ദ്രന്‍ മരിച്ചത്. ഇതോടെ കോര്‍പറേഷനില്‍ വീണ്ടും ഒരു ഉപതെരഞ്ഞെടുപ്പിന് വേദിയൊരുങ്ങുകയാണ്. പുതിയ ഭരണ സമിതി അധികാരത്തില്‍ എത്തി മൂന്നുമാസം തികയുന്നതിന് മുമ്പാണ് ആദ്യമായി ഉപതെരഞ്ഞെടുപ്പ് നടന്നത്. സി.പി.എമ്മില്‍നിന്നുള്ള വാഴോട്ടുകോണം കൗണ്‍സിലറായിരുന്ന മൂന്നാംമൂട് വിക്രമന്‍െറ നിര്യാണത്തെതുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. ആ ഉപതെരഞ്ഞെടുപ്പ് ഭരണമുന്നണിയെ മുള്‍മുനയില്‍ നിര്‍ത്തി. എന്നാല്‍, എല്‍.ഡി.എഫിനായി വിക്രമന്‍െറ ഭാര്യ റാണി വിക്രമനും യു.ഡി.എഫില്‍നിന്ന് സതീഷ് ബാബുവും ബി.ജെ.പിക്ക് ശിവശങ്കരന്‍ നായരും മത്സരരംഗത്ത് ഉണ്ടായിരുന്നു. സി.പി.എം ജയിച്ചുകയറി. തൊട്ടു മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായ യു.ഡി.എഫും നിലമെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തത്തെി. രണ്ടാം സ്ഥാനത്തായിരുന്ന ബി.ജെ.പി ഉപതെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ചന്ദ്രന്‍െറ മരണത്തോടെ വീണ്ടും ഒരു ഉപതെരഞ്ഞെടുപ്പിലേക്ക് കോര്‍പറേഷന്‍ പോകും. ഇത്തവണ സമ്മര്‍ദം ബി.ജെ.പിക്കാണെന്ന വ്യത്യാസമുണ്ട്. വിജയത്തില്‍ കുറഞ്ഞത് ഒന്നും അവര്‍ക്ക് ആഗ്രഹിക്കാന്‍ കഴിയില്ല. വരുന്ന ഉപതെരഞ്ഞെടുപ്പില്‍ ഭരണമുന്നണിയായ എല്‍.ഡി.എഫ് വിജയിച്ചാല്‍ തങ്ങളുടെ ഭരണനേട്ടമായി വിജയത്തെ ഉയര്‍ത്തിക്കാണിക്കാന്‍ സാധിക്കും. മൂന്നാം കക്ഷിയായ യു.ഡി.എഫും ഉപതെരഞ്ഞെടുപ്പിനെ പ്രതീക്ഷയോടെയാകും സമീപിക്കുക. വിജയം ഒപ്പം നിന്നാല്‍ ഭരണ മുന്നണിയേയും പ്രധാന പ്രതിപക്ഷത്തേയും ജനം കൈഒഴിഞ്ഞതായി അവകാശപ്പെടാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.