സിറ്റി ബസുകളുടെ നമ്പറിങ് ഈമാസം അവസാനത്തോടെ

തിരുവനന്തപുരം: സിറ്റി സര്‍വിസ് ബസുകളുടെ നമ്പറിങ് ഈമാസം അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ കലക്ടര്‍ ബിജു പ്രഭാകറിന്‍െറ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അറിയിച്ചു. ബസുകളില്‍ പുതിയ റൂട്ട് നമ്പറുകള്‍ ബോര്‍ഡിനൊപ്പം പ്രദര്‍ശിപ്പിക്കാനുള്ള നടപടികളായിട്ടുണ്ട്്. ഇതിനുതുടര്‍ച്ചയായി നഗരത്തിലേക്ക് ജില്ലയിലെ മറ്റ് ഡിപ്പോകളില്‍നിന്ന് വരുന്ന ബസുകളിലും നമ്പറിങ് സംവിധാനം ഏര്‍പ്പെടുത്തും. സ്വകാര്യബസുകളിലും റൂട്ട് നമ്പര്‍ സംവിധാനം ഏര്‍പ്പെടുത്തും. അന്യസംസ്ഥാനക്കാര്‍ക്കും വിദേശികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഇനി ബോര്‍ഡുവായിക്കാന്‍ അറിയില്ളെങ്കിലും നമ്പറിലൂടെ ബസുകള്‍ തിരിച്ചറിയാനാകും. നഗരത്തില്‍ നാല് പ്രധാനകേന്ദ്രങ്ങളില്‍ ശീതീകരിച്ച ബസ് ഷെല്‍ട്ടറുകള്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിഗണനയിലാണെന്നും കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. ബാങ്കുകളുടെ സഹകരണത്തോടെ എ.ടി.എം ഉള്‍പ്പെടെയുള്ള ബസ് ഷെല്‍ട്ടറുകളാണ് സ്ഥാപിക്കുക. ആദ്യഘട്ടത്തില്‍ പാളയം യൂനിവേഴ്സിറ്റി ഹോസ്റ്റലിന്സമീപം രണ്ടെണ്ണവും മാസ്കറ്റ് ഹോട്ടലിനടുത്ത് സ്റ്റുഡന്‍റ്സ് സെന്‍ററിനുമുന്നിലും പാളയം യൂനിവേഴ്സിറ്റി കാന്‍റീനിനുമുന്നിലും മെഡിക്കല്‍ കോളജ് പേ വാര്‍ഡിനുമുന്നിലുള്ള സ്റ്റോപ്പിലും ഓരോന്നുവീതവുമാണ് സ്ഥാപിക്കാന്‍ ഉദ്ദേശ്യം. കിഴക്കേകോട്ടയില്‍ ബീമാപള്ളി ഭാഗത്തേക്കുള്ള ബസുകളുടെ സ്റ്റോപ് ലൂസിയ ഹോട്ടലിന് പിന്‍വശത്തേക്ക് (നിലവിലെ കോവളം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് എതിര്‍വശം) വ്യാഴാഴ്ച മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ മാറ്റാനും യോഗത്തില്‍ തീരുമാനമായി. സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍, ഡി.സി.പി ശിവവിക്രം, മറ്റ് പൊലീസ് അധികൃതര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.