തിരുവനന്തപുരം: പ്രകൃതിയെ തകര്‍ത്ത് വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോയാല്‍ കടല്‍ത്തിരകളുടെ തിരിച്ചടി ഭയാനകമായിരിക്കുമെന്ന് സുഗതകുമാരി. മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ക്ക് പരിഹാരം തേടി വൈദികരുടെയും സന്യസ്തരുടെയും ഉപവാസം സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. നമ്മുടെ അളവുകോലല്ല പ്രകൃതിയുടേത്. പ്രകൃതി ശാസ്ത്രജ്ഞര്‍ ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നിട്ടും രാഷ്ടീയ പാര്‍ട്ടികള്‍ വിഴിഞ്ഞം പദ്ധതിയെ കൈയടിച്ച് അംഗീകരിച്ചു. കണ്ണ് മഞ്ഞളിക്കാത്ത കുറച്ചുപേരാണ് സത്യം വിളിച്ചുപറയുന്നത്. ഭൂമിയുടെ നിലവിളികേള്‍ക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് സമയമില്ല. വന്‍വികസനങ്ങള്‍ പ്രകൃതിയുടെ നാശത്തിലും സംസ്കാരത്തിന്‍െറ തകര്‍ച്ചക്കുമാണ് വഴിവെക്കുന്നത്. വിഴിഞ്ഞത്തെക്കുറിച്ച് സര്‍ക്കാര്‍ പറയുന്നത് കോടികളുടെ കഥകള്‍ മാത്രമാണ്. കടലിനേല്‍ക്കുന്ന മുറിവും മണ്ണിന് നേരിടേണ്ടിവരുന്ന ദുരവസ്ഥയും ആരും പരിഗണിക്കുന്നില്ല. പശ്ചിമഘട്ടം നിരപ്പാക്കിയാലേ വിഴിഞ്ഞത്തെ കടല്‍ നികത്താനാവൂ. ഇങ്ങനെ പശ്ചിമഘട്ടത്തിന് ഏല്‍ക്കുന്ന പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് ഇതുവരെ പഠനം നടത്തിയിട്ടില്ല. ജനങ്ങളുടെ ദാരിദ്ര്യം ഒഴിവാക്കുന്നതിനല്ല പദ്ധതി. ഒരുപിടി വന്‍തോക്കുകള്‍ക്ക് പണം വാരാനാണ്. മുംബൈയില്‍ വലിയ തുറമുഖം നിര്‍മിച്ചപ്പോഴാണ് ലോകത്ത് മറ്റൊരിടത്തുമില്ലാത്തത്ര ചേരികള്‍ ഉണ്ടായത്. വിഴിഞ്ഞത്തും ഇതു സംഭവിക്കാം. ഇവിടെ മത്സ്യത്തൊഴിലാളികള്‍ക്ക് ജീവിക്കാനുളള അവകാശമാണ് പ്രധാനം. പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആരാണെന്ന് ആലോചിക്കണം. രാഷ്ട്രീയക്കാര്‍ ദരിദ്രരായ ഗ്രാമീണരുടെ മുഖം ഹൃദയത്തിലേക്ക് ആവാഹിക്കണം. ഭൂമിയെ നശിപ്പിച്ച് അതിസമ്പന്നരെ സൃഷ്ടിക്കുകയല്ല വികസനത്തിന്‍െറ ലക്ഷ്യമെന്നും സുഗതകുമാരി പറഞ്ഞു. സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, പാളയം ഇമാം വി.പി. ഷുഹൈബ് മൗലവി, ഫാ. യൂജിന്‍ എച്ച്. പെരേര, ടി. പീറ്റര്‍, ഫാ. ഫ്രാന്‍സിസ് സേവിയര്‍ താന്നിക്കാപ്പള്ളി, ഷാജി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. കെ.ആര്‍.എല്‍.സി.സി, മത്സ്യത്തൊഴിലാളി ഫെഡറേഷന്‍, ലേബര്‍ മൂവ്മെന്‍റ്, മത്സ്യത്തൊഴിലാളി സ്ത്രീ ഫോറം, മത്സ്യത്തൊഴിലാളി സ്വയംസഹായ സംഘങ്ങള്‍ തുടങ്ങിയ സംഘനകളുടെയും തൈക്കാട്, പാളയം, കൊച്ചുവേളി, പേട്ട, പൂന്തുറ ഇടവകകളുടെയും പ്രതിനിധികള്‍ മാര്‍ച്ചിലും ധര്‍ണയിലും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.