ആകാശക്കാഴ്ചകള്‍ കാണാന്‍ വന്‍തിരക്ക്; പ്ളാനറ്റേറിയത്തിന് റെക്കോഡ് വരുമാനം

തിരുവനന്തപുരം: 4700 ചതുരശ്ര അടിയുള്ള സ്ക്രീനില്‍ ത്രീഡിയെ വെല്ലുന്ന ഗുണമേന്മയോടെ ആകാശക്കാഴ്ചകള്‍ കാണാന്‍ പ്രിയദര്‍ശിനി പ്ളാനറ്റേറിയത്തിലേക്ക് വിദ്യാര്‍ഥികളുടെയും പൊതുജനങ്ങളുടെയും വന്‍ തിരക്ക്. ഇതോടെ വരുമാനവും റെക്കോഡ് ഭേദിച്ച് മുന്നേറുന്നു. ആഗസ്റ്റ് ഏഴ് മുതല്‍ സെപ്റ്റംബര്‍ 20 വരെ 23 ലക്ഷം രൂപയാണ് ടിക്കറ്റ് വില്‍പനയിലൂടെ മാത്രം പ്ളാനറ്റേറിയത്തിന് ലഭിച്ചത്. 70,000 രൂപയോളം ദിവസവരുമാനമായും ലഭിക്കുന്നുണ്ട്. നേരത്തേ 20,000 രൂപ ലഭിക്കാത്തിടത്താണ് ത്രീഡി 5 കെ. തിയറ്ററും ജര്‍മനിയില്‍നിന്ന് ഇറക്കുമതി ചെയ്ത സൗണ്ട് സിസ്റ്റങ്ങളും സജ്ജീകരിച്ചതിലൂടെ ലഭിക്കുന്നത്. 20വര്‍ഷം പഴക്കമുള്ള 180 വാട്ട് സ്റ്റീരിയോ സൗണ്ട് സംവിധാനവും പെര്‍പറേഷന്‍ തിയറ്ററുമടക്കംമാറ്റി 13 കോടിയുടെ നവീകരണം പൂര്‍ത്തിയാക്കിയാണ് ആഗസ്റ്റ് ഏഴിന് പ്ളാനറ്റേറിയം വീണ്ടും തുറന്നത്. സിംഗപ്പൂരിലും സ്വിസര്‍ലന്‍ഡിലും ഉപയോഗിക്കുന്ന സാങ്കേതിക വിദ്യതന്നെയാണ് തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ പ്ളാനറ്റോറിയമെന്ന് അവകാശപ്പെടാവുന്ന പ്രിയദര്‍ശിനിയിലുമുള്ളതെന്ന് ഡയറക്ടര്‍ അരുള്‍ ജെറാള്‍ഡ് പ്രകാശ് മാധ്യമത്തോട് പറഞ്ഞു. വിദേശരാജ്യങ്ങളില്‍ ഇത്തരം പ്രദര്‍ശനങ്ങള്‍ക്ക് 670 രൂപയോളം ഈടാക്കുമ്പോള്‍ മുതിര്‍ന്നവര്‍ക്ക് 60 രൂപയും കുട്ടികള്‍ക്ക് 30 രൂപയുമാണിവിടെ. വ്യാഴം,വെള്ളി ദിവസങ്ങളില്‍ രാത്രി 7.30ന് വാനനിരീക്ഷണത്തിന് എത്തുന്ന ശാസ്ത്രകുതുകികളുടെ എണ്ണത്തിലും ഒരുമാസത്തിനിടക്ക് വര്‍ധനയുണ്ടായി. നക്ഷത്ര പഠനം, കുമരകം, പീരുമേട്, മൂന്നാര്‍, വയനാട്, പൊന്മുടി തുടങ്ങിയ പ്രദേശങ്ങളിലെ ജൈവ സമ്പന്നതയെ സംബന്ധിച്ച ചലച്ചിത്ര പ്രദര്‍ശനം, കടലിന്‍െറ മായികലോകം പകരുന്ന ത്രീഡി പ്രദര്‍ശനം തുടങ്ങിയവ സജ്ജമാക്കാനും നടപടി പൂര്‍ത്തിയാകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.