കഴക്കൂട്ടം: മുതലപ്പൊഴി തുറമുഖനിര്‍മാണം അനിശ്ചിതാവസ്ഥയില്‍. നാല് മാസമായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ജൂണ്‍ ആദ്യം കടല്‍ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്നാണ് പണി നിര്‍ത്തിയത്. പെരുമാതുറപ്പാലത്തിന്‍െറ അപ്രോച്ച് റോഡിന്‍െറ നിര്‍മാണത്തിനായും കുറച്ചുദിവസം ജോലികള്‍ നിര്‍ത്തിവക്കേണ്ടിവന്നു. എന്നാല്‍, പാറ കിട്ടാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണമെന്നാണ് സൂചന. റോഡ് പണി പൂര്‍ത്തിയായിട്ടും പാറകിട്ടാത്തതിനെ തുടര്‍ന്ന് ജോലികള്‍ പുനരാരംഭിക്കാനായില്ല. നേരത്തേയും പാറ കിട്ടാത്തതിനെ തുടര്‍ന്ന് ദിവസങ്ങളോളം പണി നിര്‍ത്തിയിരുന്നു. മദ്രാസ് ഐ.ഐ.ടി പഠനം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍െറയും മാതൃകയുടെയും അടിസ്ഥാനത്തില്‍ 2007ലാണ് ഹാര്‍ബര്‍ നിര്‍മാണം ആരംഭിച്ചത്. പണി പുരോഗമിക്കവെ പ്രദേശത്ത് കടല്‍ക്ഷോഭം രൂക്ഷമാവുകയും തീരം കടലെടുക്കുകയും ചെയ്തിരുന്നു. അശാസ്ത്രീയ നിര്‍മാണമാണെന്ന് ആക്ഷേപം ഉയര്‍ന്നതിനെതുടര്‍ന്ന് വര്‍ഷങ്ങളോളം പണി നിര്‍ത്തിയിരുന്നു. ജില്ലയില്‍ പൂന്തുറ മുതല്‍ അഞ്ചുതെങ്ങ് ഭാഗം വരെ ഈ സമയത്ത് ശക്തമായ കടല്‍ക്ഷോഭവും നിരവധി അപകടങ്ങളും ഉണ്ടായിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നു. അശാസ്ത്രീയത പരിഹരിച്ച് 2013ലാണ് ജോലികള്‍ പുനരാരംഭിച്ചത്. പുണെയിലെ സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച് സ്റ്റേഷനാണ് പഠനം നടത്തി അശാസ്ത്രീയത പരിഹരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സി.ഡബ്ള്യൂ.പി.ആര്‍.എസ് ആണ് പ്ളാന്‍ നല്‍കിയത്. തുടര്‍ന്ന് ആദ്യം പാറയടുക്കിയത് ഇളക്കിമാറ്റിയാണ് പുതിയരീതിയില്‍ അടുക്കിയത്. ആദ്യം ഇരുഭാഗത്തും 120 മീറ്റര്‍ വരെ പാറയടുക്കിയിരുന്നു. കടലില്‍ പാറ ചരിവോടെ അടുക്കിയതിനെതുടര്‍ന്നാണ് തിരയടി കൂടിയത്. പുതിയരീതിയില്‍ നിര്‍മാണം നടത്തുമ്പോള്‍ വന്‍ നഷ്ടമാണ് വകുപ്പിന് നേരിടേണ്ടിവന്നത്. അടുക്കിയ പാറകള്‍ മുഴുവന്‍ കോരിയെടുത്ത് വീണ്ടും ഉപയോഗിക്കുകയാണ് നിലവില്‍. നിര്‍മാണത്തിന് അഞ്ച് കിലോ മുതല്‍ അഞ്ച് ടണ്‍ വരെ ഭാരമുള്ള പാറകളാണ് ഉപയോഗിക്കുന്നത്. ഇവിടേക്ക് നെടുമങ്ങാട്, കല്ലമ്പലം ഭാഗത്തുനിന്നാണ് പാറയത്തെിക്കുന്നത്. കടലില്‍നിന്ന് പുറത്തെടുത്ത് പുനരുപയോഗിക്കുന്ന പാറക്ക് ടണ്ണിന് 120 രൂപയാണ് നല്‍കുന്നത്. എന്നാല്‍, പുതുതായി ഇറക്കുന്ന പാറക്ക് ടണ്ണിന് 420 മുതല്‍ 570 രൂപ വരെ വില നല്‍കും. 31 കോടി മുതല്‍മുടക്കിയാണ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം നിര്‍മിക്കുന്നത്. പൊഴിയിലൂടെ ലേലഹാളുകളില്‍ കടക്കുന്നതിന് 150 മീറ്റര്‍ വീതിയില്‍ പാറയടുക്കുകള്‍ക്കിടയിലൂടെ ചാനല്‍ നിര്‍മിച്ചിട്ടുണ്ട്. വലിയ ബോട്ടുകളടക്കം കടന്നുപോകാന്‍ തക്കവിധത്തില്‍ പൊഴി ഭാഗത്ത് മൂന്ന് മീറ്ററിലേറെ ആഴത്തില്‍ ആഴം കൂട്ടിയിട്ടുണ്ട്. പെരുമാതുറ ഭാഗത്ത് 330 മീറ്ററും താഴംപള്ളി ഭാഗത്ത് 240 മീറ്ററും നീളത്തിലാണ് തുറമുഖത്തിന് പാറയടുക്കുന്നത്. ഇതില്‍ പെരുമാതുറ ഭാഗത്ത് 260 മീറ്ററും താഴംപള്ളി ഭാഗത്ത് 140 മീറ്ററും മാത്രമാണ് പാറയടുക്കിയിട്ടുള്ളത്. ബാക്കി ജോലികളാണ് നിലച്ചിരിക്കുന്നത്. ആദ്യത്തെ നിര്‍മാണത്തെ തുടര്‍ന്ന് പൊഴിയില്‍ മണല്‍ അടിയുന്ന അവസ്ഥയുണ്ടായിരുന്നു. പൊഴി മണല്‍ മൂടി അടയുന്ന അവസ്ഥയും ഉണ്ടായിരുന്നു. എന്നാല്‍, പുതിയ നിര്‍മാണരീതിയില്‍ ഈ പ്രശ്നം പരിഹരിക്കപ്പെട്ടുവെന്നും 2016 മാര്‍ച്ചില്‍ പണി പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.