പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ പാര്‍ട്ടി നടപടി

കല്ലറ: പാങ്ങോട് ഗ്രാമപഞ്ചായത്തില്‍ ശ്മശാനത്തിന് ഭൂമി വാങ്ങിയതില്‍ വന്‍ സാമ്പത്തിക അഴിമതി നടന്നതായി പരാതിയുയര്‍ന്ന സാഹചര്യത്തില്‍ സി.പി.എം നേതാവായ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ പാര്‍ട്ടി നടപടിക്കൊരുങ്ങുന്നു. ലോക്കല്‍ കമ്മിറ്റി നല്‍കിയ പരാതിയിന്മേല്‍ മേല്‍കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടത്തെിയതായും എന്നാല്‍, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഏരിയാ കമ്മിറ്റിയില്‍നിന്ന് ലോക്കലിലേക്ക് തരംതാഴ്ത്തിയാല്‍ മതിയെന്നുമാണത്രെ തീരുമാനം. അതേസമയം പ്രദേശത്തെ കോണ്‍ഗ്രസ് നേതാവും മണ്ഡലം കമ്മിറ്റി അംഗവുമായ വസ്തുകച്ചവടക്കാരനെതിരെയും അഴിമതി ആരോപണമുണ്ട്. എന്നാല്‍, വസ്തുവാങ്ങിയതുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയെക്കുറിച്ച് നാട്ടുകാരും ജനകീയ സമരസമിതിയും വിജിലന്‍സിന് നല്‍കിയ പരാതിയെക്കുറിച്ച് അന്വേഷണം എങ്ങുമത്തെിയിട്ടില്ല. രാഷ്ട്രീയസ്വാധീനം ചെലുത്തി അന്വേഷണം മരവിപ്പിച്ചതായി പരാതി ശക്തമാണ്. പാങ്ങോട് എക്സ് സര്‍വിസ്മെന്‍ കോളനിക്ക് സമീപം എഴുകുടിയിലാണ് ശ്മശാനനിര്‍മാണത്തിന് 2014 അവസാനത്തില്‍ 4653-4/2, 3865/1121/1 എന്നീ സര്‍വേ നമ്പറിലുള്ള 40 സെന്‍റ് ഭൂമി വാങ്ങിയത്. അമ്പതിനായിരം രൂപ സെന്‍റിന് വിലവെച്ചാണ് ഭൂമി വാങ്ങിയതത്രെ. എന്നാല്‍, വഴി സൗകര്യം പോലുമില്ലാത്ത ഈ ഭൂമിക്ക് സെന്‍റിന് ഇപ്പോള്‍പോലും പതിനായിരത്തില്‍താഴെ മാത്രമേ വില കിട്ടൂവെന്നാണ് ജനകീയസമിതി നല്‍കി പരാതിയില്‍ പറയുന്നത്. മാത്രമല്ല കൊട്ടാരക്കര താലൂക്കില്‍ ചിതറ വില്ളേജില്‍ ചരുവിള പുത്തന്‍വീട്ടില്‍ ഷീബ എന്നയാള്‍ 2013ല്‍ പാങ്ങോട് സ്വദേശിയായ ഷാനവാസ് എന്നയാള്‍ക്ക് പ്രസ്തുത ഭൂമി സെന്‍റിന് 4500 രൂപക്കാണ് കൈമാറ്റംചെയ്തത്. ഇതേഭൂമിയാണ് ഒരു വര്‍ഷത്തിനുശേഷം ഷാനവാസില്‍നിന്ന് അമ്പതിനായിരം രൂപ നിശ്ചയിച്ച് പഞ്ചായത്ത് ഏറ്റെടുത്തത്. 2012 മുതല്‍ ശ്മശാനഭൂമിക്കായുള്ള അന്വേഷണം പഞ്ചായത്ത് കമ്മിറ്റി ആരംഭിച്ചിരുന്നു. പലയിടത്തും ഭൂമി കണ്ടത്തെിയെങ്കിലും ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം വൈകി. ഇതിനിടെയാണ് എഴുകിടിയിലെ വസ്തു വാങ്ങാനുള്ള തീരുമാനം ഉയര്‍ന്നുവന്നത്. ഇതിനായി പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായിരുന്ന എല്‍.എ. ഹാഷിമിന്‍െറ നേതൃത്വത്തില്‍ അഞ്ചംഗ ഉപസമിതിയെ തെരഞ്ഞെടുത്തു. ജനവാസകേന്ദ്രമല്ളെന്ന് കണ്ടത്തെിയതോടെ ഉപസമിതി അനുകൂല റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. മാസങ്ങള്‍ക്കുശേഷം പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേളയിലാണ് രഹസ്യമായി ഭൂമി കൈമാറ്റം നടന്നിരിക്കുന്നതത്രെ. ഭൂരഹിതര്‍ക്ക് പുറമ്പോക്ക് ഭൂമി കണ്ടത്തെി നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചതോടെ വില്ളേജ് ഓഫിസര്‍ നടത്തിയ അന്വേഷണത്തിലാണ് 40 സെന്‍റ് ഭൂമി പഞ്ചായത്ത് വാങ്ങിയ വിവരം പുറംലോകം അറിയുന്നത്. രേഖകള്‍ പരിശോധിക്കുമ്പോള്‍ വസ്തു വാങ്ങാനും രജിസ്ട്രേഷനുമായി 2014 ജനുവരിയില്‍ 21.85 ലക്ഷം രൂപ ചെലവഴിച്ചതായി കണ്ടത്തെി. സി.പി.എം വാര്‍ഡ് അംഗം പോലും ഈ സംഭവം അറിഞ്ഞിരുന്നില്ലത്രെ. ഇതോടെയാണ് പഞ്ചായത്ത് പ്രസിഡന്‍റ് അയിരൂര്‍ മോഹനനെതിരെ പരാതിയുമായി ലോക്കല്‍ കമ്മിറ്റി രംഗത്തത്തെിയത്. ഏരിയാ കമ്മിറ്റിക്ക് ലഭിച്ച പരാതിയിന്മേല്‍ മൂന്നംഗസമിതി അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ടിന്മേലുള്ള നടപടിയാണ് പ്രസിഡന്‍റ് നേരിടുന്നത്. എന്നാല്‍, ഇതേക്കുറിച്ച് ഒരറിയിപ്പും പാര്‍ട്ടി നേതൃത്വത്തില്‍നിന്ന് ലഭിച്ചിട്ടില്ളെന്ന് അയിരൂര്‍ മോഹനന്‍ മാധ്യമത്തോട് പറഞ്ഞു. അന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുമായും പ്രാദേശിക -ജില്ലാ നേതൃത്വവുമായുമൊക്കെ നല്ല ബന്ധമുണ്ടായിരുന്ന ഷാനവാസ് അടുത്തിടെയായി പ്രാദേശിക നേതൃത്വവുമായി സ്വരചേര്‍ച്ചയിലല്ലത്രെ. ശ്മശാനത്തിന് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് യാതൊരു ബന്ധവുമില്ളെന്നും ഷാനവാസ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയിലെ ഒരംഗംമാത്രമാണെന്നുമുള്ള മണ്ഡലം പ്രസിഡന്‍റിന്‍െറ വിശദീകരണം ഇതിന്‍െറ തെളിവാണ്. ഏതായാലും വിജിലന്‍സ് അന്വേഷണം അടിയന്തരമായി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെയും ജനകീയ സമരസമിതിയുടെയും ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.