വര്‍ക്കലയില്‍ ഗുരുമന്ദിരം തകര്‍ത്തു; ദൃശ്യങ്ങള്‍ സി.സി ടി.വി കാമറയില്‍

വര്‍ക്കല: സാമൂഹികവിരുദ്ധര്‍ ശ്രീനാരായണ ഗുരുമന്ദിരം തകര്‍ത്തു. വട്ടപ്ളാംമൂട് ജങ്ഷനില്‍ പൗരസമിതിക്കാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച ഗുരുമന്ദിരമാണ് തകര്‍ത്തത്. ഞായറാഴ്ച രാത്രി 11.30 നായിരുന്നു ആക്രമണം. ഗുരുമന്ദിരത്തിന്‍െറ വശങ്ങളിലെ ചില്ലുകളാണ് വലിയ കരിങ്കല്‍ കഷണങ്ങള്‍കൊണ്ട് എറിഞ്ഞ് തകര്‍ത്തത്. പ്രതിമക്ക് കേടുപാടില്ല. ചില്ലുകള്‍ ഉടയുന്ന ശബ്ദംകേട്ട് അയല്‍വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. എന്നാല്‍, ഗുരുമന്ദിരത്തിന് എതിര്‍വശത്തുള്ള ഇരുനിലക്കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന സി.സി ടി.വി കാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ബൈക്കിലത്തെിയ രണ്ടംഗസംഘത്തിലെ ഒരാളാണ് ചില്ലുകള്‍ തകര്‍ത്തത്. അക്രമികള്‍ തൂവാലകൊണ്ട് മുഖം മറച്ചിരുന്നു. രണ്ടു മാസം മുമ്പ് ബി.എസ്.പി പ്രവര്‍ത്തകര്‍ ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന അംബേദ്കര്‍ പ്രതിമ തകര്‍ത്തിരുന്നു. ഗുരുമന്ദിരത്തിനു നേരെ ഇതിനുമുമ്പും നിരവധി ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനാലാണ് പൗരസമിതി പ്രവര്‍ത്തകര്‍ സി.സി ടി.വി കാമറകള്‍ സ്ഥാപിച്ചത്. സംഭവം അറിഞ്ഞ് രാവിലെതന്നെ നൂറോളം എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ സംഘടിച്ചത്തെി. എസ്.എന്‍.ഡി.പി യോഗം ശിവഗിരി യൂനിയന്‍ കണ്‍വീനര്‍ എസ്.ആര്‍.എം. അജി സംഭവത്തെ അപലപിച്ചു. വര്‍ക്കല സി.ഐ ബി. വിനോദ്കുമാറിന്‍െറ നേതൃത്വത്തില്‍ പ്രദേശത്ത് ശക്തമായ പൊലീസ് കാവലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.