കനത്ത മഴ; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍

തിരുവനന്തപുരം: ജില്ലയില്‍ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. മലയോരമേഖലയില്‍ മഴ ശക്തിമായി തുടരുകയാണ്. പ്രധാന ജലാശയങ്ങള്‍ നിറഞ്ഞു. നെയ്യാര്‍ ഡാമിന്‍െറ നാല് ഷട്ടറുകളും 14 ഇഞ്ച് വീതം ഉയര്‍ത്തി. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഷട്ടറുകള്‍ ഉയര്‍ത്തിത്. മഴ തുടര്‍ന്നാല്‍ ഇനിയും ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത ഉണ്ടെന്നും നെയ്യാറിന് ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. കരമനയാറും കിള്ളിയാറും നിറഞ്ഞൊഴുകുകയാണ്. ജില്ലയിലെ മലയോര മേഖലയില്‍ പല ഇടങ്ങളിലും മരങ്ങള്‍ കടപുഴകി. നെയ്യാറ്റിന്‍കര ഭാഗത്താണ് ഏറ്റവുമധികം മഴ ലഭിച്ചത്. മൂന്ന് സെന്‍റീമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്. നഗരത്തിലും നെടുമങ്ങാട്, പെരുങ്കടവിള എന്നിവിടങ്ങളിലും രണ്ട് സെന്‍റീമീറ്റര്‍ വീതവും വെള്ളായണിയില്‍ ഒരുസെന്‍റീമീറ്ററും മഴ ലഭിച്ചു. തിരുവനന്തപുരം നഗരത്തിന്‍െറ പലഭാഗങ്ങളും വെള്ളത്തിനടിയിലായി. സ്കൂളിലും ഓഫിസിലും എത്തേണ്ടവര്‍ നന്നേ വലഞ്ഞു. രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. തമ്പാനൂര്‍, കിഴക്കേകോട്ട, പഴവങ്ങാടി, എസ്.എസ് കോവില്‍ റോഡ് എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു. വിവിധ ഭാഗങ്ങളില്‍ കുന്നുകൂടിക്കിടന്ന മാലിന്യം ഒഴുകി വെള്ളത്തില്‍ കലര്‍ന്നത് കാല്‍നടക്കാരെയും വാഹനയാത്രക്കാരെയും ബുദ്ധിമുട്ടിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.