സര്‍വകലാശാല എന്‍.സി.സിക്ക് നല്‍കിയ ഭൂമിയില്‍ കുഴല്‍കിണര്‍ നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു

വള്ളിക്കുന്ന്: കാലിക്കറ്റ് സര്‍വകലാശാലയില്‍ ആസ്ഥാന മന്ദിരം പണിയാന്‍ എന്‍.സി.സിക്ക് വിട്ടുകൊടുത്ത ഭൂമിയില്‍ കുഴല്‍ കിണര്‍ കുഴിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. എട്ടേക്കര്‍ ഭൂമിയാണ് എന്‍.സി.സിക്ക് വിട്ടുകൊടുത്തത്. ഇതില്‍ അഞ്ച് കുഴല്‍ കിണറുകളാണ് കുഴിക്കുന്നത്. വേനലില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന ചേലേമ്പ്ര ഗ്രാമപഞ്ചായത്തിലെ വൈങ്ങോട്ടൂര്‍മാട് പ്രദേശത്തോട് ചേര്‍ന്നാണ് ഭൂമി. ആദ്യത്തെ കുഴല്‍ കിണര്‍ കുഴിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രതിഷേധവുമായി എത്തിയ നാട്ടുകാര്‍ വ്യാഴാഴ്ച രാത്രി എട്ടോടെ പ്രവൃത്തി തടഞ്ഞു. സര്‍വകലാശാലയില്‍ ആവശ്യത്തിന് വെള്ളമുണ്ടെന്നിരിക്കെ കുഴല്‍ കിണര്‍ കുഴിക്കാനുള്ള എന്‍.സി.സിയുടെ നീക്കം പരിസരവാസികളെ ദ്രോഹിക്കാനുള്ള നടപടിയാണെന്നാണ് നാട്ടുകാര്‍ ആരോപിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ ബറ്റാലിയന്‍ സ്ഥാപിക്കാനാണ് കരാറടിസ്ഥാനത്തില്‍ സര്‍വകലാശാലയില്‍നിന്ന് എന്‍.സി.സി ഭൂമി കരസ്ഥമാക്കിയത്. നേരത്തേയുണ്ടായിരുന്ന യു.ഡി.എഫ് നേതൃത്വത്തിലുള്ള സിന്‍ഡിക്കേറ്റിന്‍െറ രണ്ടാമത്തെ യോഗത്തിലാണ് സ്ഥലം വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത്. സൈന്യത്തില്‍നിന്ന് വിരമിച്ച സിന്‍ഡിക്കേറ്റംഗമായിരുന്ന എ. നവാസ് ജാനാണ് ഇതുസംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവെച്ചത്. എന്‍.സി.സി കേന്ദ്രം വരുന്നതോടെ സര്‍വകലാശാലയുടെ സുരക്ഷക്ക് മുഴുവന്‍ സമയവും എന്‍.സി.സി സേവനം ലഭ്യമാകുമെന്നും ഉറപ്പുനല്‍കിയിരുന്നു. 2011 ഡിസംബറിലാണ് ഭൂമി കൈമാറ്റം ചെയ്ത കരാര്‍ ഒപ്പിട്ടത്. എത്രയും വേഗം ആസ്ഥാനം പണിയുമെന്ന് വാഗ്ദാനം നല്‍കിയിരുന്നെങ്കിലും ഒരുവിധ നടപടിയും ഉണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ‘മാധ്യമം’ വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്ന് ഭൂമി നല്‍കിയ നടപടി റദ്ദാക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. അനുയോജ്യമായ സ്ഥലത്ത് നാലേക്കര്‍ ഭൂമി നല്‍കുന്ന കാര്യം പരിഗണിക്കാനും തീരുമാനിച്ചിരുന്നു. ഇതിനൊടുവിലാണിപ്പോള്‍ ആഴ്ചകള്‍ക്ക് മുമ്പ് വിട്ടു നല്‍കിയ സ്ഥലത്ത് ഷീറ്റ് ഉപയോഗിച്ച് മറച്ചത്. ഇതിനുശേഷമാണ് വ്യാഴാഴ്ച കുഴല്‍ കിണര്‍ നിര്‍മാണം തുടങ്ങിയത്. നാട്ടുകാരായ കെ. റഫീഖ്, ഇഖ്ബാല്‍ കുമ്മാളി, കെ. മുസ്തഫ, മനാഫ്, കെ. ശിഹാബുദ്ദീന്‍, കെ. അഷ്റഫ് തുടങ്ങിയവരാണ് പ്രതിഷേധവുമായി എത്തി കുഴല്‍കിണര്‍ നിര്‍മാണം തടഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.