ആരവം മുറുകുന്നു

തിരുവനന്തപുരം: പോളിങ് ബൂത്തിലേക്കിനി അഞ്ചുദിവസങ്ങള്‍ മാത്രം ശേഷിക്കെ തലസ്ഥാന ജില്ല ത്രസിപ്പിക്കുന്ന പ്രചാരണച്ചൂടിലേക്ക്. കേന്ദ്ര-സംസ്ഥാന നേതാക്കളെല്ലാം കളം നിറഞ്ഞതോടെ തെരഞ്ഞെടുപ്പ് രംഗം ഇളകിമറിയുകയാണ്. ഇടതുക്യാമ്പില്‍ ആവേശം വിതറി കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും പര്യടനം പൂര്‍ത്തിയാക്കുമ്പോള്‍ മറുവശത്ത് എ.കെ. ആന്‍റണി റോഡ് ഷോ യോടെയാണ് ചൊവ്വാഴ്ച പര്യടനം സജീവമാക്കിയത്. പൂന്തുറ മുതല്‍ വേളി വരെയായിരുന്നു ആന്‍റണിയുടെ റോഡ് ഷോ. വലിയതുറ, പൂജപ്പുര, കാട്ടാക്കട എന്നിവിടങ്ങളിലായിരുന്നു ആന്‍റണി പങ്കെടുത്ത പൊതുയോഗങ്ങള്‍ നടന്നത്. പേട്ട, ആര്യനാട്, പാലോട്, മലയിന്‍കീഴ് എന്നിവിടങ്ങളില്‍ നടന്ന പൊതുയോഗങ്ങളില്‍ തിങ്കളാഴ്ച പിണറായി വിജയനും പങ്കെടുത്തിരുന്നു. വി.എസ്. അച്യുതാനന്ദനാണ് ഇടതുപാളയത്തിന് വേണ്ടി ആദ്യം പ്രചാരണത്തിനിറങ്ങിയത്. പത്തോളം സ്ഥലങ്ങളില്‍ വി.എസ് പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. എസ്. രാമചന്ദ്രന്‍ പിള്ളയും എം.എ. ബേബിയുമെല്ലാം സാന്നിധ്യമറിയിച്ചു. വി.എം. സുധീരനും രമേശ് ചെന്നിത്തലയും ആദ്യ റൗണ്ടില്‍ കളം നിറഞ്ഞിരുന്നു. ഉമ്മന്‍ ചാണ്ടി വ്യാഴാഴ്ച ജില്ലയിലിറങ്ങും. മറുവശത്ത് കാനം രാജേന്ദ്രന്‍ ബുധനാഴ്ച ജില്ലയില്‍ പ്രചാരണത്തിനത്തെും. ദേശീയ നേതാക്കളെയാണ് ബി.ജെ.പി രംഗത്തിറക്കുന്നത്. പ്രചാരണമവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കവെ എല്ലാസ്ഥാനാര്‍ഥികള്‍ക്കും മൈക്ക് സ്ക്വാഡുകള്‍ സജീവമായതോടെ കവലകളില്‍ തെരഞ്ഞെടുപ്പാരവവും മൂര്‍ധന്യത്തിലേക്ക് നീങ്ങുകയാണ്. ആദ്യ ഘട്ടങ്ങളില്‍ ഉച്ചഭാഷിണി പ്രചാരണങ്ങള്‍ കുറവയായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ഥികളക്കം വീറോടെ പ്രചാരണരംഗത്തുറച്ചതോടെ പ്രവചനം അസാധ്യമാക്കുന്ന രാഷ്ട്രീയനീക്കങ്ങളാണ് എവിടെയും. വിമതരുടെ സാന്നിധ്യം യു.ഡി.എഫിന് അലോസരമുണ്ടാക്കുന്നുണ്ടെങ്കിലും പ്രചാരണത്തില്‍ ഇത് ബാധിച്ചിട്ടില്ല. ഒപ്പത്തിനൊപ്പം ഇരുമുന്നണികളും മുന്നേറുകയാണ്. എസ്.എം.എസ് പ്രചാരണങ്ങളും ശബ്ദസന്ദേശങ്ങളും ഫേസ് ബുക് പേജുകളും വാട്ട്സ് ആപ്പുമെല്ലാം പ്രചാരണായുധങ്ങളാവുന്നുണ്ട്. സമ്മതിദായകരെ ഫോണില്‍ വിളിച്ച് വോട്ടഭ്യര്‍ഥിക്കുന്നതിന് മൊബൈല്‍ ഫോണ്‍ സ്ക്വാഡും രംഗത്തുണ്ട്. യുവാക്കളെയാണ് പ്രധാനമായും ഇത്തരം സ്ക്വാഡുകള്‍ ഉന്നമിടുന്നത്. പ്രചാരണം അവസാനഘട്ടത്തിലേക്ക് പ്രവേശിച്ചതോടെ പലയിടങ്ങളിലും രഹസ്യചര്‍ച്ചകളും സജീവമമാണ്. വോട്ടേഴ്സ് ലിസ്റ്റില്‍ കണക്കുകൂട്ടിയും കിഴിച്ചും ഉറക്കമില്ലാത്ത ദിനരാത്രങ്ങളാണ് ഇനി സ്ഥാനാര്‍ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.