മത്സരാര്‍ഥികളിലധികവും വിദ്യാസമ്പന്നര്‍

തിരുവനന്തപുരം: ഇംഗ്ളീഷ് ജ്ഞാനമില്ളെന്ന കൗണ്‍സിലര്‍മാര്‍ക്കെതിരെയുള്ള അപവാദത്തിന് ഇനി പരിഹാരമാകും. എന്തെന്നാല്‍, കോര്‍പറേഷനില്‍ മത്സരിക്കുന്നവരിലധികവും വിദ്യാസമ്പന്നരും ഇംഗ്ളീഷ് ഉള്‍പ്പെടെ ഭാഷാപ്രാവീണ്യമുള്ളവരുമാണ്. 40 വര്‍ഷത്തിനു ശേഷം തയാറാക്കിയ മാസ്റ്റര്‍പ്ളാന്‍ ശരിയാംവണ്ണം കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കാത്തത് കൗണ്‍സിലര്‍മാരുടെ ഇംഗ്ളീഷ് പരിജ്ഞാനക്കുറവാണെന്ന വിമര്‍ശമുയര്‍ന്നിരുന്നു. മാസ്റ്റര്‍ പ്ളാന്‍ മലയാളത്തില്‍ തയാറാക്കി നല്‍കണമെന്ന വിചിത്ര സംഭവവുമുണ്ടായി. ഇനി അതിനൊക്കെ പരിഹാരമുണ്ടാകുമെന്നാണ് പ്രത്യാശ. എം.ബി.എ മുതല്‍ സിവില്‍ എന്‍ജിനീയറിങ് ബിരുദം വരെ കരസ്ഥമാക്കിയവരും അഭിഭാഷകര്‍ മുതല്‍ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചവരും പ്രഫസര്‍മാരും മത്സരരംഗത്തുണ്ട്. വഴുതക്കാട് വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഖില വി. നായര്‍ ബി.ടെക്, എം.ബി.എ ബിരുദധാരിയാണ്. ഇതേ വാര്‍ഡിലെ ബി.ജെ.പി സ്ഥാനാര്‍ഥി എസ്. ലത സിവില്‍ എന്‍ജിനീയറിങ് ഡിപ്ളോമ കരസ്ഥമാക്കിയ വീട്ടമ്മയാണ്. ചെമ്പഴന്തി വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.എസ്. ബിന്ദു, ശാസ്തമംഗലം വാര്‍ഡിലെ വീണ നായര്‍, പി.ടി.പി നഗറിലെ ജയലക്ഷ്മി തുടങ്ങിയവരെല്ലാം അഭിഭാഷകരാണ്. സിപിഎമ്മിലെ വി.കെ. പ്രശാന്ത് (കഴക്കൂട്ടം), വി.എസ്. പത്മകുമാര്‍ (ചെറുവക്കല്‍), എം. ഹരിലാല്‍ (പാതിരിപ്പള്ളി), ബെയിലിന്‍ ദാസ് (പൂന്തുറ), ആര്‍.എസ്. വിജമോഹനന്‍ തുടങ്ങിയവരെല്ലാം അഭിഭാഷകര്‍. രാഖി രവികുമാറും (വഴുതക്കാട്), ജയലക്ഷ്മിയുമാണ് (തമ്പാനൂര്‍ ) സി.പി.ഐയുടെ അഭിഭാഷക നിരയിലുള്ളത്. കിണവൂര്‍ വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിമല്‍കുമാര്‍ സെന്‍ട്രല്‍ ജയില്‍ റിട്ട. സൂപ്രണ്ടാണ്. നാലാഞ്ചിറയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ത്രേ്യസ്യാമ്മ തോമസ് റിട്ട. പ്രഥമാധ്യാപികയാണ്. ശാസ്തമംഗലം വാര്‍ഡിലെ വീണ ചാനല്‍ അവതാരകയാണ്. നേമം വാര്‍ഡിലെ കൈമനം പ്രഭാകരന്‍ റിട്ട. കോര്‍പറേഷന്‍ ഉദ്യോഗസ്ഥനാണ്. നിലവിലെ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ എസ്.പുഷ്പലതയെ നേരിടാന്‍ കോണ്‍ഗ്രസ് കണ്ടത്തെിയത് അധ്യാപികയെയാണ്. സരസ്വതി വിദ്യാലയത്തിലെ അധ്യാപിക ആര്‍. മഞ്ജുള. ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ളയാളാണ് കമലേശ്വരം വാര്‍ഡിലെ സ്ഥാനാര്‍ഥി എം.ബി. രശ്മി. കഴക്കൂട്ടത്തെ ബി.ജെ.പി സ്ഥാനാര്‍ഥി ഡോ. എ.പി. സോമശേഖരന്‍ നായര്‍ മൃഗ സംരക്ഷണ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചയാളാണ്. കവടിയാറില്‍ മത്സരിക്കുന്ന ഡോ. പി.പി. വാവ വിരമിച്ചത് മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടറായാണ്. വട്ടിയൂര്‍ക്കാവിലെ ബി.ജെ.പി സ്ഥാനാര്‍ഥി പൂര്‍ണിമ എസ്.നായര്‍ കണക്കില്‍ ബിരുദാനന്തര ബിരുദവും ബി.എഡും പി.ജി.ഡി.സി.എയും യോഗ്യതയുള്ള വ്യക്തിയാണ്. സി.എസ്.ഐ.ആറില്‍നിന്ന് സീനിയര്‍ പ്രിന്‍സിപ്പല്‍ ടെക്നിക്കല്‍ ഓഫിസറായി വിരമിച്ച ഡോ. ബി.വിജയലക്ഷ്മിയാണ് പൂജപ്പുര വാര്‍ഡിലെ ബി.ജെ.പി സ്ഥാനാര്‍ഥി. നൂറുല്‍ ഇസ്ലാം യൂനിവേഴ്സിറ്റിയില്‍ പ്രഫസറാണ് ഇവര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.