കാലാവധി അവസാനിക്കാന്‍ രണ്ടുനാള്‍ മാത്രം

നേമം: കരമന-കളിയിക്കാവിള ദേശീയപാത ഒന്നാംഘട്ടമായ കരമന മുതല്‍ പ്രാവച്ചമ്പലം വരെയുള്ള വികസനം പൂര്‍ത്തിയാക്കേണ്ട ഒരു വര്‍ഷത്തെ കാലാവധി ഒക്ടോബര്‍ 24ന് അവസാനിക്കും. എന്നാല്‍, 80 ശതമാനം പണി മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. നവംബര്‍ 30നകം മുഴുവന്‍ പണി പൂര്‍ത്തീകരിക്കാന്‍ കഴിയണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ കേന്ദ്ര കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പാതയുടെ വികസന കാര്യത്തില്‍ ദേശീയപാത വിഭാഗവും ഇലക്ട്രിസിറ്റി ബോര്‍ഡും അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. എന്നാല്‍, വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥയില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. പാപ്പനംകോട് ജങ്ഷനിലെ മുസ്ലിംപള്ളി മാറ്റി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഉത്തരവ് വൈകുന്നത് വികസനത്തെ ബാധിക്കുന്നെന്ന് യോഗം കുറ്റപ്പെടുത്തി. രണ്ടാംഘട്ട വികസനത്തിന് ഭൂമി വിട്ടുനല്‍കാനുള്ള സമ്മതപത്രം ഒപ്പിട്ട് നല്‍കി മൂന്നുമാസം കഴിഞ്ഞിട്ടും ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടില്ല. തുക അടിയന്തരമായി വിതരണം ചെയ്യണം. മാത്രമല്ല, ബാലരാമപുരം ജങ്ഷന്‍ മൂന്നാംഘട്ടമായി വികസിപ്പിക്കുമെന്ന മന്ത്രി വി.എസ്. ശിവകുമാറിന്‍െറ പ്രസ്താവന പാതവികസനം വൈകിപ്പിക്കുമെന്നും പ്രാവച്ചമ്പലം മുതല്‍ വഴിമുക്ക് വരെയുള്ള വികസനം രണ്ടാം ഘട്ടത്തില്‍ തന്നെ പൂര്‍ത്തീകരിക്കണമെന്നും വഴിമുക്ക് മുതല്‍ കളിയിക്കാവിള വരെയുള്ള അലൈന്‍മെന്‍റ് സര്‍ക്കാര്‍ അംഗീകരിച്ച് അതിര് തിരിച്ച് കല്ല് സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് അഡ്വ. എ.എസ്. മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭാരവാഹികളായ മണ്ണാങ്കല്‍ രാമചന്ദ്രന്‍, എസ്.എസ്. ലളിത്, സി.വി. ഗോപാലകൃഷ്ണന്‍ നായര്‍, എ.എം. ഹസന്‍, അഡ്വ. അനിരുദ്ധന്‍നായര്‍, അനുപമ രവീന്ദ്രന്‍, എന്‍.ആര്‍.സി. നായര്‍, നേമം ജബ്ബാര്‍, എം. രവീന്ദ്രന്‍, കെ.പി. ഭാസ്കരന്‍, ആര്‍.ജി. അരുണ്‍ദേവ്, വൈ.കെ. ഷാജി, ചെങ്കല്‍ ഋഷികേശന്‍, വി.എസ്. ജയറാം, എം.പി. കൃഷ്ണന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.