വിഴിഞ്ഞം റോഡിന്‍െറ ശോച്യാവസ്ഥ: പ്രതിഷേധവുമായി വോട്ടര്‍മാര്‍

ബാലരാമപുരം: വിഴിഞ്ഞം റോഡിലെ വോട്ടര്‍മാര്‍ക്ക് രാഷ്ട്രീയക്കാരെ കാണുമ്പോള്‍ പുച്ഛമാണ്. വാഗ്ദാനങ്ങളുടെ പെരുമഴയുമായി വീടുകള്‍തോറും കയറിയിറങ്ങുന്നവര്‍ക്ക് മഴവെള്ളവും ചളിക്കുഴിയും നിറഞ്ഞ ബാലരാമപുരം-വിഴിഞ്ഞം-കാട്ടാക്കട റോഡിനെക്കുറിച്ച് ചോദിച്ചാല്‍ ഉത്തരം മൗനം. മാസങ്ങളായി കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ നടുവൊടിയുന്ന യാത്രയാണ് ഈ പ്രദേശത്തുകാര്‍ക്ക്. എല്ലാ കക്ഷികളുടെയും നിരവധി നേതാക്കള്‍ പ്രദേശത്തുണ്ടായിട്ടും റോഡിന്‍െറ ദുരവസ്ഥക്കെതിരെ ശബ്ദിക്കാത്തതാണ് പ്രതിഷേധത്തിനിടയാക്കുന്നത്. ഈ ദുരവസ്ഥ പരിഹരിക്കുന്നതിന് രാഷ്ട്രീയ നേതാക്കളെ ഉള്‍പ്പെടുത്തി മാസങ്ങള്‍ക്ക് മുമ്പ് ജനകീയ കമ്മിറ്റി രൂപവത്കരിച്ചെങ്കിലും വാക്കിലൊതുങ്ങിപ്പോയെന്ന് നാട്ടുകാര്‍ പറയുന്നു. വിവിധ സംഘടനകളുടെ ഓട്ടോ ടാക്സി ഡ്രൈവര്‍മാരും റോഡ് തകര്‍ച്ചക്കെതിരെ ഇതുവരെ ശബ്ദിച്ചിട്ടില്ളെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. റോഡ്തകര്‍ച്ച കാരണം പ്രദേശത്തെ വ്യാപാരികളും ഏറെ ദുരിതത്തിലാണ്. ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്‍െറ വിവിധ ഭാഗങ്ങളിലുള്ള കുഴികള്‍ അപകടം വിതയ്ക്കുകയാണ്. മൂന്നു മാസംമുമ്പ് കുടിവെള്ള പദ്ധതിക്കുവേണ്ടി റോഡ് കുഴിച്ചതോടെയാണ് റോഡ് കുളമായത്. ചെളിയില്‍ ചവിട്ടിയാണ് നൂറുകണക്കിന് സ്കൂള്‍ കുട്ടികളുടെ യാത്ര. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ പരിഹാര നടപടിയുണ്ടാകുമെന്ന് പറഞ്ഞാണ് നേതാക്കള്‍ തലയൂരുന്നത്. തെരഞ്ഞെടുപ്പ് ബഹിഷ്കരണം പോലെയുള്ള സമരമാര്‍ഗങ്ങള്‍ സ്വീകരിക്കാനാണ് നാട്ടുകാര്‍ ആലോചിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.